Blog

Aaryan, Gauri and our Kids



ആര്യനും ഗൗരിയും നമ്മുടെ കുട്ടികളും

 

ആര്യൻ ഖാന് ജാമ്യം കിട്ടാതിരുന്ന വിഷയത്തിൽ സോഷ്യൽ മീഡിയ ഇരുപുറവും നിന്ന് ചർച്ച ചെയ്യുന്നു. അവൻ രാഷ്ട്രീയ പ്രേരിതമായി ടാർഗറ്റ് ചെയ്യപ്പെട്ടതാണെന്നും, ഉപ്പു തിന്നതാരായാലും വെള്ളം കുടിക്കട്ടെയെന്നും വാദങ്ങൾ. നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ കോടതി അവനു സെലിബ്രിറ്റി പരിഗണന കൊടുക്കാതെ നിയമാനുസൃതം പ്രവർത്തിക്കട്ടെ. വലിയ സ്വപ്നങ്ങളുള്ള തന്റെ പ്രിയ മകൻ ജയിലിൽ കഴിയുമ്പോൾ വേദനിക്കുന്ന ഗൗരിഖാനെക്കുറിച്ച് സഹതപിക്കുന്നവരും ഒപ്പം പരിഹസിക്കുന്നവരുമുണ്ട്. സ്വന്തം ജീവിതത്തെ തൊടുന്നില്ല എന്ന് വിചാരിക്കുന്നെങ്കിൽ ഇരുകൂട്ടർക്കും ഇത് interesting വാർത്ത മാത്രമായിരിക്കും.

കൗമാരത്തിൽ പകുതിയിലധികം ആൺകുട്ടികൾ ലഹരി ചിലനേരമെങ്കിലും ഉപയോഗിക്കുന്ന സാഹചര്യമുണ്ട് എന്നായിരുന്നു കോവിഡിനു മുൻപുതന്നെ പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിരീക്ഷണം. അന്ന് ചില സ്കൂളുകളിലെ കുട്ടികളും അധ്യാപകരും നൽകിയ വിവരങ്ങൾ ഇത് ശരിവെക്കുന്നു. (ഇക്കാര്യത്തിൽ ഇപ്പോഴും നമുക്ക് കൃത്യമായ പഠനവിവരങ്ങൾ ലഭ്യമല്ല.) 2019-ൽ ഒരു വേൾഡ് കോൺഫറൻസിൽ ഞങ്ങൾ അവതരിപ്പിച്ച, കൊച്ചിയിലെ ചില സ്കൂളുകളിൽ ഞങ്ങൾ നടത്തിയ പഠനത്തിൽ പ്ലസ് ടു വിദ്യാർത്ഥികളിൽ 8 ശതമാനം ലഹരി ഉപയോഗിക്കാൻ താല്പര്യമാണെന്ന് സമ്മതിക്കുന്നു (Michael, Kunnel John & Gaab., WCBCT-2019, Berlin). ആൺകുട്ടികളിൽ ചെറിയൊരു ശതമാനമൊഴികെ ബാക്കിയെല്ലാവരും എപ്പോഴെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കേൾക്കുന്നത് അന്ന് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. "ആരാണ് ഇതൊന്നും ഉപയോഗിക്കാത്തത്? എന്റെ ക്ലാസ്സിൽ എല്ലാ ആൺകുട്ടികളും use ചെയ്യുന്നുണ്ട്" എന്ന് സഹപാഠികൾ പറയുന്നത് വെറും അതിശയോക്തിയല്ലെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്.

ഗൗരിയുടെ കണ്ണീര് നാളെ നമ്മുടേതുമാകില്ല എന്ന് എങ്ങനെ അറിയാം? നിയമ വിരുദ്ധ ലഹരി വസ്തുക്കളെക്കുറിച്ചുള്ള നിയമങ്ങൾ കുട്ടികളുമായി ചർച്ച ചെയ്ത് അവർക്ക് വ്യക്തത വരുത്താൻ സഹായിക്കുന്നത് നല്ലതാണ്. കഞ്ചാവ് പോലുള്ള മൃദു (soft) ലഹരി വസ്തുക്കൾ ലീഗലൈസ് ചെയ്യുന്നത് പ്രശ്ന പരിഹാരമായി ചിലർ മുന്നോട്ടുവെക്കാറുണ്ട്. "ഗേറ്റ് വെ" എന്ന തത്വമനുസരിച്ച്, കഞ്ചാവ് ഉപയോഗിക്കുന്നവർ പിന്നീട് മറ്റു ലഹരിവസ്തുക്കളിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണ്. കാരണം, കഞ്ചാവ് തീവ്ര (hard) ലഹരിവസ്തുക്കളിലേക്കുള്ള വാതിൽ (gateway) ആണ്. അങ്ങനെയെങ്കിൽ, അത് നിയമവിധേയമാക്കാൻ മുറവിളി കൂട്ടുന്നവർക്കു പിന്നിൽ ആരുടെ താല്പര്യമാണെന്ന് നമ്മൾ തിരിച്ചറിയണം.

ആര്യന് ഊരാക്കുരുക്കിട്ടവർ ഗുജറാത്തിലെ തുറമുഖത്ത് കണ്ടെയ്നർ നിറയെ പിടിച്ച ബ്രൗൺ ഷുഗറിന്റെ ഉറവിടം തേടാൻ ഉത്സാഹം കാണിക്കുന്നില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു. യഥാർത്ഥത്തിൽ ചെയ്യേണ്ടത് എന്താണ്? ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരെ നിയമത്തിനു കീഴിൽ കൊണ്ടുവന്ന് അവശ്യമെങ്കിൽ ചികില്സിക്കണം. മയക്കുമരുന്ന് കൊണ്ടുനടക്കുന്നവരെ (pedlers) ഉചിതമായി ശിക്ഷിക്കുകയും വേണം. പക്ഷെ, ലഹരിച്ചന്തയുടെ ഈ ചെറിയ കണ്ണികൾക്കു പിന്നിലെ വൻ സ്രാവുകളെ പിഞ്ചെന്നു പിടിക്കാനും പഴുതടച്ച് ശിക്ഷിക്കാനും കഴിയുന്നവിധം നിയമങ്ങളെ ശക്തമാക്കണം. രാജ്യദ്രോഹം ഇതല്ലാതെ മറ്റെന്താണ്? അന്താരാഷ്ട്ര ലഹരി ലോബിയെ പ്രതിരോധിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയാതിരുന്നതിന് അവരെ ശിക്ഷിച്ച് നമ്മുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ സമൂഹത്തിനോ ഭരണകൂടത്തിനോ കഴിയുമോ?

സെലിബ്രിറ്റി കുട്ടികളെക്കുറിച്ചുള്ള ചർച്ചയ്ക്കപ്പുറത്ത്, സ്വന്തം കുട്ടികളുടെ സുരക്ഷ നമുക്ക് ഉറപ്പുവരുത്താം. കാരണം, റെയ്‌വ് പാർട്ടികൾക്കായി കപ്പലിൽ പോകേണ്ടതില്ല. ലഹരിവസ്തുക്കൾ പാർസൽ ആയി നമ്മുടെ വീട്ടിൽ എത്തുന്നുണ്ടാകാം. ഇത് നമ്മെയും നമ്മുടെ കുട്ടികളെയും ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ ഇത്തരം വാർത്തകൾ വായിക്കുന്നതും കമന്റ് പറയുന്നതും ഇനി നമുക്ക് നിർത്താം. നിയമവിരുദ്ധ ലഹരിവസ്തുക്കൾ കൗമാരത്തിൽ വലിയശതമാനം കുട്ടികളുടെ കയ്യിലെത്തുന്നു എന്നിരിക്കെ "എന്റെ കുട്ടി അതൊന്നും ചെയ്യില്ല" എന്ന മിഥ്യാ വിശ്വാസത്തിൽ ഇനിയും കഴിയാണോ? ഇത് ഷാരുഖ് ഖാന്റെ മകന്റെ പ്രശ്നമല്ല. നമ്മുടെ കുട്ടികൾ വളരുന്ന ലോകത്തിന്റെ തീർത്തും ഒഴിവാക്കാനാവാത്ത യാഥാർഥ്യങ്ങളിൽ ഒന്നാണ്. ലഹരിയായാലും പ്രണയമായാലും അതിനെക്കുറിച്ച് അസഹിഷ്ണുത പ്രകടിപ്പിക്കുക മാത്രം ചെയ്യുമ്പോൾ, ഈ വിഷയങ്ങളിൽ ടീനേജറിന് ഏറ്റവും ആവശ്യമുള്ള തുറന്ന സംസാരത്തിനും വിചിന്തനത്തിനും തെറ്റുതിരുത്തലിനുമുള്ള വഴി അടയുന്നു. രഹസ്യ സ്വഭാവത്തോടെ ഇവ തേടുന്നത് വിപത്തായി മാറുന്നു.

വാസന്തി ഹരിപ്രകാശ് എന്ന ലേഖിക സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു. എന്റെ മോൻ ദൂരെയുള്ള കോളേജിൽ പഠിക്കാൻ പോകുമ്പോൾ എനിക്ക് ഉള്ളിലെ ടെൻഷൻ ശമിപ്പിക്കാൻ ഞാൻ പറഞ്ഞു: "മോനെ ഞാൻ എപ്പൊഴും വിളിച്ച് എല്ലാം 'micro-manage' ചെയ്യുന്ന ടൈപ്പ് അമ്മയല്ലെന്ന് നിനക്കറിയാല്ലോ. we all trust you. എന്നാലും ഒരാശ്വാസത്തിനു ചോദിക്കുവാ. കോളേജ് ഹോസ്റ്റലിൽ കുട്ടികളൊക്കെ ഡ്രഗ്സ് ഉപയോഗിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ ഞാൻ ടെൻഷൻ അടിക്കണ്ടല്ലോ." അപ്പോൾ ചിരിച്ചുകൊണ്ട് അവന്റെ മറുപടി: "'അമ്മാ, ഇതൊന്നും ഞാൻ സ്കൂളിൽ വെച്ച് ഇതുവരെ കണ്ടിട്ടില്ലെന്നാണോ 'അമ്മ വിചാരിക്കുന്നത്? 'അമ്മ എന്നെ പ്ലൈഗ്രൗണ്ടിൽ ഡ്രോപ്പ് ചെയ്യുമ്പോൾ അവിടെ ആ കോർണറിൽ പെറ്റി-കടക്കാരൻ സമോസ മാത്രമാണ് വിറ്റിരുന്നത് എന്നോണോ അമ്മ കരുതിയത്? വഴി തെറ്റണമെങ്കിൽ എനിക്ക് എന്നേ ആകാമായിരുന്നു!..."

"ഏതു കുട്ടിയാണ് ലഹരി ഉപയോഗിച്ച് നോക്കിയിട്ടില്ലാത്തത്?" എന്നാണ്  ആര്യൻ ഖാന് പിന്തുണ കൊടുത്ത് ഒരു സെലിബ്രിറ്റി ചോദിച്ചത്. കൗമാരത്തിൽ എല്ലാവരും ലഹരി ഉപയോഗിക്കുന്നു എന്ന രീതിയിലുള്ള സംസാരം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കും. എന്നാൽ സത്യത്തിൽ വലിയ ശരമാനം കുട്ടികളും ലഹരിവസ്തുക്കൾ ഒഴിവാക്കുന്നവരും ലഹരിയുടെ വ്യാപനത്തെ പ്രതിരോധിക്കാൻ താല്പര്യമുള്ളവരുമാണ്. ഉദാഹരണത്തിന്, സ്‌കൂൾ തലത്തിലും റെസിഡൻഷ്യൽ തലത്തിലും കുട്ടികളുടെ പങ്കാളിത്തമുള്ള ലഹരി നിവാരണ സംരംഭങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെന്ന് ഞങ്ങൾ നടത്തിയ പഠനത്തിലെ 82% കുട്ടികൾ വ്യക്തമാക്കി. ധാരാളം കുട്ടികൾ ഒരു ജിജ്ഞാസ കാരണം ചിലനേരം ഉപയോഗിച്ച് നോക്കിയേക്കാമെങ്കിലും ചെറിയ ശതമാനം ടീനേജർസ് മാത്രമാണ് ലഹരി തുടർച്ചയായി ഉപയോഗിക്കുന്നത്. ഒന്ന് രണ്ടു പ്രാവശ്യം ഉപയോഗിച്ചവരിൽ ചിലർക്ക് അത് പിന്നീട് അമിതമായി ഉപയോഗിക്കാനുള്ള റിസ്ക് കൂടുതലാണ്. അതുപോലെ, ചെറിയ പ്രായത്തിൽ ഉപയോഗിച്ച് തുടങ്ങുന്നത് പിന്നീട് addictive ഉപയോഗമെന്ന അവസ്‌ഥതയുണ്ടാകാനുള്ള പ്രധാന കാരണമാണ്.

ലോക് ഡൌൺ കാലത്ത് ഓൺലൈൻ/പാർസൽ സർവിസുകൾ വഴി ലഹരി വില്പന വർദ്ധിച്ചുവെങ്കിൽ, ഇപ്പോൾ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുമ്പോൾ, മയക്കുമരുന്ന് വ്യാപനം കൊണ്ട് പണമുണ്ടാക്കുന്നവർ ഇത് പുതിയ അവസരമായി കണ്ട്, ലഹരിവസ്തുക്കൾ കുട്ടികളിലേക്ക് എത്തിക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടാകും. സ്ഥിരം കസ്റ്റമേഴ്സിനെ സൃഷ്ടിക്കാൻ ഏറ്റവും എളുപ്പമാർഗം ഇളംപ്രായത്തിൽ ലഹരി ശീലിപ്പിക്കുന്നതാണെന്ന് അവർക്ക് നന്നായറിയാം.

ടീനേജർ ഏതു ലഹരിയും ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നതിനെ കഴിയുന്നത്ര വൈകിപ്പിക്കുക പ്രധാനമാണ്. കാരണം, ഓരോ വർഷം വൈകുമ്പോഴും ആസക്തിരോഗം വരാനുള്ള റിസ്ക് പകുതിയായി കുറയുന്നു. കൗമാരത്തിൽ ഓരോ വർഷം നേരത്തെ ലഹരി ഉപയോഗിച്ചു തുടങ്ങുമ്പോൾ, ഭാവിയിൽ ആസക്തിരോഗം (dependence syndrome) ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയായി കൂടുന്നു. അതായത്, 16 വയസ്സിൽ ആദ്യമായി ലഹരി ഉപയോഗിക്കുന്ന കുട്ടിയേക്കാൾ ഇരട്ടി risk ആണ് 15 വയസ്സിൽ ആദ്യമായി ഉപയോഗിക്കുന്ന കുട്ടിക്ക്. ഇളംപ്രായത്തിലെ ലഹരി ഉപയോഗം നിമിത്തം വളരുന്ന ബ്രെയിൻ പ്രശ്നത്തിലാകുന്നു.

ലഹരി ലോബി ഒരുക്കുന്ന ഈ വിനോദക്കെണിയിൽ വീഴാൻ കൂടുതൽ സാധ്യതയുള്ള കുട്ടികൾ ആരാണ്? (പഠനത്തിൽ) വിജയിക്കാനുള്ള ഉൾപ്രേരണ കുറവും, സ്വന്തം ഇഷ്ടമനുസരിച്ച് സ്വതന്ത്രമായി നടക്കാനുള്ള താല്പര്യം കൂടുതലും കാണിക്കുന്ന കുട്ടികൾ ലഹരിയുടെ കെണിയിൽ വീണേക്കാം. രസകരമല്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് (focused attention) ചില കുട്ടികൾക്ക് കുറവായിരിക്കുമെങ്കിലും ധാരാളം എനർജിയും കഴിവുകളും പഠനേതര താൽപര്യങ്ങളും അവരിൽ കാണാം. അവർ പൊതുവേ കൂട്ടുകൂടുന്നത് പുതുമയും അമിത വിനോദവും തേടുന്ന, റിസ്ക് എടുക്കാനും നിയമം തെറ്റിക്കാനും മടിയില്ലാത്ത സമപ്രായക്കാരോടും മുതിർന്നവരോടും ആയിരിക്കും. കള്ളം പറയാനും കളവു ചെയ്യാനും കുറ്റകൃത്യങ്ങളിൽ കൂട്ടുചേരാനുമുള്ള പ്രവണത കൗമാരത്തിൽ അവർ പ്രകടമാക്കുന്നു.

അവരുടെ സ്വഭാവം ഈ രീതിയിൽ രൂപപ്പെടുന്നതിന് പശ്ചാത്തലം ഒരുക്കുന്നത് കുടുംബ സാഹചര്യം ആയിരിക്കാം. പഠനത്തിൽ പിന്നിലായിരിക്കുന്നതിനും അടങ്ങിയിരിക്കാത്ത സ്വഭാവത്തിനും അവർക്ക് നിരന്തരം ശകാരവും ശിക്ഷയും കിട്ടുന്നു. വീട്ടിൽ അവർക്ക് നല്ല ബന്ധങ്ങളും  നല്ല സമയങ്ങളും കുറവാണ്. ലഹരിക്കൂട്ടത്തിൽ ചെന്നുപെട്ട കുട്ടികൾ പറയാറുണ്ട്: "മറ്റാരും എന്നെ മനസ്സിലാക്കാറില്ല, വീട്ടിൽ ആരും എന്നെ അംഗീകരിച്ചിട്ടില്ല." ലഹരിഗ്രൂപ്പ് അവനു സ്വീകാര്യതയും അംഗീകാരവും നൽകുന്നു, കുറവുകളുടെ പേരിൽ പുറംതള്ളാതെ, പോരായ്മയുണ്ടെന്ന തോന്നൽ ഉണ്ടാക്കാതെ, കുറ്റപ്പെടുത്താതെ കൂടെ കൂട്ടുന്നു. ഇവരുടെ കളങ്കമില്ലാത്ത കൂട്ടുകെട്ട് ലഹരി ലോബിക്ക് വിനോദക്കെണി  വെക്കാൻ പറ്റിയ ഇടമാകുന്നു.

കൗമാരത്തിലെ ലഹരി ദുരുപയോഗത്തെ എങ്ങനെ പ്രതിരോധിക്കാം? നല്ല കുടുംബ പരിസരം ഒരുക്കണം. വീട്ടിൽ കളിയും വിനോദങ്ങളും തുറന്ന സംസാരങ്ങളും വേണം. കുട്ടികൾക്ക് കളിക്കാൻ പ്രോത്സാഹനവും സുരക്ഷിതമായ കളിസ്ഥലങ്ങളും വേണം. കൂട്ടുകാരെ വീട്ടിൽ തുറന്ന മനസ്സോടെ സ്വീകരിക്കുകയും അവരോട് മാതാപിതാക്കൾ നല്ല ബന്ധം പുലർത്തുകയും വേണം. കുട്ടികളുടെ മൊബൈൽ പ്രൈവസി അനുവദിക്കാതിരിക്കണം, അഥവാ മറികടക്കണം. കുട്ടികളുടെ സ്വാതന്ത്ര്യവും അവരുടെ മേലുള്ള നിരീക്ഷണവും ഒരുമിച്ചു പോകണം. പേരെന്റ്സ് അറിയാതെ പാഴ്സലുകൾ ഒന്നും കുട്ടികളെ തേടിയെത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. നിരീക്ഷിക്കുന്നുണ്ടെന്ന് അവരോട് മുൻകൂട്ടി പറയണം.  നിരീക്ഷിക്കുന്നത് സംശയമല്ല, കടമയാണെന്ന് ബോധ്യപ്പെടുത്തണം.

എട്ടാം ക്ലാസിനു മുൻപേ ലഹരി ഉപയോഗത്തെക്കുറിച്ച് അവരുമായി തുറന്ന ചർച്ച വേണം. ലഹരിയെക്കുറിച്ച് ശകാരമല്ല തുറന്ന സംസാരമാണ് വേണ്ടത്. കഞ്ചാവ് നല്ലതാണ് എന്ന രീതിയിലുള്ള കുട്ടികളുടെ അഭിപ്രായങ്ങളെ ആദ്യമേ തിരുത്താൻ നോക്കാതെ, അതിന്റെ കാരണമറിയാൻ ചോദ്യങ്ങൾ ചോദിക്കുകയും തുറന്ന മനസ്സോടെ കേൾക്കുകയും വേണം. മസ്തിഷ്ക വളർച്ച പുരോഗമിക്കുന്ന കൗമാരപ്രായത്തിൽ മദ്യവും പുകയിലയും മറ്റു ലഹരി വസ്തുക്കളും ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, പിന്നീട് പ്രായപൂർത്തിയായ ശേഷം അവ ഉപയോഗിക്കണമോ എന്നതിനെക്കുറിച്ച് ഉത്തരവാദിത്വത്തോടെ തീരുമാനമെടുക്കാമെന്നും നിർദ്ദേശിക്കണം. ഇളംപ്രായത്തിൽ ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചർച്ച ചെയ്യണം. ശ്രദ്ധക്കുറവും (attentional deficit) പെരുപെരുപ്പും (hyperactive) ഉള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

ലഹരിയുടെ ദുരുപയോഗം ഒരു മോറൽ പ്രശ്നമല്ല, ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നമാണ്. പൊതുജനാരോഗ്യ (public health) പ്രശ്നമാണ്. നല്ല കുടുംബ സാഹചര്യം കിട്ടാതെ പോയ കുട്ടികളെ മോശക്കാരാകാൻ വിടാതിരിക്കാൻ സമൂഹം കരുതലോടും സ്നേഹത്തോടും മുന്നോട്ടുവരണം. കുട്ടികൾ ലഹരിയുടെ കെണിയിൽ വീഴുന്നത് സമൂഹത്തിന്റെ വീഴ്ചയാണ്. കെണി വെക്കുന്നവർക്കെതിരെ ജാഗ്രത വേണ്ടത് കുട്ടികൾക്ക് മാത്രമല്ല. അന്താരാഷ്ട്ര ലഹരി ലോബിയെ പ്രതിരോധിക്കാൻ കുട്ടികളെ തനിച്ചു വിടാനും, പിന്നെ കുറ്റപ്പെടുത്താനും മാത്രം ചിന്തയില്ലാത്തവരാണോ നമ്മൾ?  നമ്മുടെ കുട്ടികൾക്ക് ചുറ്റുമുള്ള ചെറിയ ഇടങ്ങൾ സുരക്ഷിതമാക്കാൻ മുന്നോട്ട് വരേണ്ടത് മുതിർന്ന നമ്മളാണ്. സ്‌കൂൾ തലത്തിലും റെസിഡൻഷ്യൽ തലത്തിലും കുട്ടികളുടെ പങ്കാളിത്തമുള്ള പ്രോഗ്രാമുകളാണ് ഏറെ ഫലപ്രദം.

 

Dr Fr Rajeev Michael OCD

St Joseph’s Hospital, Manjummel

 

Dr Sr Roshin Kunnel SVC

St Sebastian’s Hospital, Arthunkal