സാന്ത്വനമാകുന്ന വാക്കും മൗനവും
ഭീതിതമായ രണ്ടാം തരംഗം കടന്ന് ആശ്വാസത്തിന്റെ പുലർവെട്ടം കണ്ടുതുടങ്ങിയിരിക്കുന്നു. ഏറെ വൈകാതെ ജീവിതം വീണ്ടും ചലിച്ചു തുടങ്ങും. എങ്കിലും, യുദ്ധം ജയിക്കുമ്പോഴും യോദ്ധാക്കൾ പലരും വീണുപോയി. ആശ്വാസം ഇല്ലാതെ ദുഃഖാർത്തരായി പ്രിയമുള്ളവർ ബാക്കിയാകുന്നു! സാന്ത്വനമേകാൻ എന്താണ് പറയുക?
കൊറോണ പിടിപെട്ടു. എങ്ങനെയും അതിജീവിക്കണം എന്ന മനോഭാവത്തോടെ കുടുംബം ഒന്നടങ്കം ജാഗ്രതയോടെ ശ്രമിക്കുമ്പോൾ, അറിയാതെ കൈവിട്ടുപോയി. അറിവിന്റെയും കരുതലിന്റെയും അഭാവം ഒട്ടുമുണ്ടായില്ല. ഗവണ്മെന്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവിന് കോവിഡ് പോസിറ്റിവായപ്പോൾ, കുഞ്ഞുങ്ങളെയും പ്രായം ചെന്ന അമ്മയെയും സുരക്ഷിതമായി ബന്ധുക്കളുടെ വീട്ടിൽ പാർപ്പിച്ച് ഭർത്താവിനെ ശിശ്രുഷിച്ചു. ഭർത്താവിന് രോഗം വിടുമ്പോഴേക്കും, ഏവരെയും വിട്ട് അവൾ കൊറോണയ്ക്ക് സ്വയം കിഴടങ്ങിയിരുന്നു. ആന്റിജൻ ടെസ്റ്റ് ചെയ്തപ്പോൾ വീട്ടുകാരന് മാത്രം നെഗറ്റീവ് ആയിരുന്നു. അതിനാൽ, ചെറിയ പനിയും ചുമയും ഉണ്ടെങ്കിലും കാര്യമാക്കിയില്ല. താൻ വെറുതെ ഇരുന്നാൽ അന്നന്നപ്പം മുട്ടില്ലേ? പക്ഷെ, പെട്ടെന്ന് വഷളായി. കൈവിട്ടുപോയി. കൊറോണയുടെ അർത്ഥവും ന്യായവുമില്ലാത്ത കഥകൾ എല്ലാർക്കും പറയാനുണ്ടാകും. ആര് ആരെ എങ്ങനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം?
ഭർത്താവ് നഷ്ടപ്പെട്ട ഒരു ചേച്ചിയുടെ അടുത്ത് അയലത്തെ കൂട്ടുകാരി ആശ്വസിപ്പിക്കാൻ ചെന്നു. അടുത്തിരിക്കാനും സാന്ത്വനമായി സ്പർശിക്കാനും കഴിയാതെ മാസ്ക് ധരിച്ച് അകലം പാലിച്ച് എങ്ങനെ ആശ്വാസം പകരും? "ചേട്ടന് മരിക്കാനുള്ള അസുഖമൊന്നും ഇല്ലായിരുന്നു." അവരുടെ പരിഭവം കേട്ടപ്പോൾ, രണ്ടാം തരംഗത്തിൽ പനി മാത്രം വന്നിട്ട് പലരും മരിച്ചുവല്ലോ എന്ന കണക്കൊന്നും തിരിച്ചു പറയാൻ അവൾക്ക് തോന്നിയില്ല. മറ്റൊരാൾ പറഞ്ഞതിങ്ങനെയാണ്: "ഇവിടെ എത്രയോ പേർക്ക് കൊവിഡ് വന്നിട്ട് മാറി. ഞങ്ങളോട് മാത്രം ഈ ചതി ചെയ്തല്ലോ?" എന്തു മറുപടി കൊടുത്താലാണ് ആശ്വാസമാവുക? ഇന്ത്യയിൽ മാത്രം മൂന്നുലക്ഷത്തിലേറെ പേർ മരിച്ചെന്നു പറഞ്ഞാൽ അവർക്ക് അതാശ്വാസമാകില്ലല്ലോ. വിഷാദം നിമിത്തം മൗനത്തിലായവരോട് എന്താണ് പറയുക? അവരുടെ നിശബ്ദത നമ്മെയും ഭാരപ്പെടുത്തുമ്പോൾ എങ്ങനെയാണ് ആശ്വാസം പറയുക? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമില്ല. എങ്കിലും, ആശ്വാസം പകരാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കാം.
മതം മരണത്തെ ഉൾക്കൊള്ളാൻ സഹായിക്കുന്ന മാർഗങ്ങളാണ് സംസ്കാരകർമ്മങ്ങളും അതിനൊപ്പമുള്ള ചട്ടങ്ങളും. മരിച്ചയാളോട് മനസ്സിലെ സങ്കടം പ്രകടിപ്പിക്കാനും വേദനാ നിർഭരമായ യാത്രയയപ്പ് നൽകാനും, അങ്ങനെ മരണം എന്ന പൂർണ വിരാമത്തെ ഉൾക്കൊള്ളാനും ആചാരങ്ങൾ സഹായിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിമിത്തം പരേതന് അന്ത്യചുംബനം നൽകാനോ, ഒരു നോക്ക് കണ്ടു കരയാനോ പോലും കഴിയാതെപോയ കുടുംബങ്ങൾക്ക് മരണത്തെ ഉൾക്കൊള്ളാൻ കൂടുതൽ പ്രയാസമായിരിക്കും. മധ്യവയസ്കരുടെ മരണം പ്രത്യേകിച്ചും. മരണത്തെക്കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാവില്ല. ആ സത്യം ഉൾക്കൊള്ളാതിരിക്കാൻ ശ്രമിക്കുന്നതുകൊണ്ടാകാം. മരിച്ചിട്ടില്ല എന്ന മിഥ്യാവിശ്വാസത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതുകൊണ്ടുമാകാം. ചിലർക്കെങ്കിലും മരണം ഒരിക്കലും തീരാതെ മനസ്സിൽ തുടരുന്നു. ദീർഘകാലം അങ്ങനെ തുടരുന്നത് ഗുണകരമല്ലെങ്കിലും ഹ്രസ്വകാലത്തേക്ക് ഈ നിഷേധം അവരെ സഹായിക്കുന്നുണ്ട്. താങ്ങാനാവാത്ത വേദനയുടെ ബാഹുല്യത്തെ മനസ്സ് മറച്ചു പിടിക്കുകയാണ്. യാഥാർഥ്യം ഉൾക്കൊള്ളാൻ അവരെ സഹായിക്കണമെങ്കിലും, തത്കാലം അവരുടെ സ്വസ്ഥതയും ആശ്വസവും കളയുന്ന സംസാരം ഒഴിവാക്കുകയാണ് വേണ്ടത്.
പലപ്പോഴും ഇത്തരം denial (നിഷേധം) വേർപാടിന്റെ അതിതീവ്രവേദന ഉൾകൊള്ളാൻ ശ്രമിക്കുന്നതിന്റെ ആദ്യപടിയാണ്. കുബ്ലർ റോസ് എന്ന മനഃശാസ്ത്രജ്ഞ മരണവ്യഥ (griref) ഉൾകൊള്ളാൻ ശ്രമിക്കുന്നയാൾ കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ വിശദമാക്കുന്നുണ്ട്. നിഷേധവും രോഷവും ആദ്യഘട്ടത്തിൽ തികച്ചും സ്വാഭാവികമാണ്. രോഷം ചിലപ്പോൾ ഡോക്ടർമാരോടാകാം. ആസ്പത്രിയിലെത്താൻ വൈകിയതിനോടാകം. തന്നോടുതന്നെയാകാം. തനിക്കു ചെയ്യാമായിരുന്ന കാര്യങ്ങളോർത്തുള്ള കുറ്റബോധമാകാം. തത്കാലം കുറ്റബോധവും നിഷേധവും നഷ്ടബോധവും നമ്മൾ പരിഹരിക്കാൻ ശ്രമിക്കേണ്ട. ഉദാഹരണത്തിന്, നഷ്ടത്തെ ലഘൂകരിച്ച് കാണിക്കാൻ ശ്രമിക്കുന്ന വാക്കുകൾ ഒഴിവാക്കണം. ഇത്രയും നാൾ ജീവിക്കാൻ കഴിഞ്ഞല്ലോ എന്ന് കൂടുതൽ ചെറുപ്രായത്തിൽ മരിച്ചവരോട് താരതമ്യപ്പെടുത്തി പറയരുത്. മാതാപിതാക്കളിൽ ഒരാൾ ജീവിച്ചിരിപ്പുണ്ടല്ലോ എന്ന് രണ്ടുപേരെയും നഷ്ടപ്പെട്ട കുട്ടികളുമായി താരതമ്യപ്പെടുത്തി പറയരുത്. എല്ലാവർക്കും സംഭവിക്കുന്നു എന്ന രീതിയിൽ സാമാന്യവൽക്കരിച്ച് പറയരുത്. മറിച്ച്, ആർക്കും എളുപ്പം താങ്ങാവുന്നതല്ല നിന്റെ ഈ വേദന എന്ന ആദരവോടെയുള്ള വാക്കുകൾ നമ്മൾ മനസിലാക്കുന്നു എന്ന തോന്നൽ നൽകിയേക്കും. അയാളുടെ വേദനയുടെ ആഴം ഉൾക്കൊണ്ട് അംഗീകരിക്കാൻ (validate) ശ്രമിക്കുന്നു എന്ന തോന്നലാണ് നൽകേണ്ടത്.
വേർപാടിന്റെ തീവ്രത അംഗീകരിക്കാനാവാതെ, മനസ്സു മടുത്തു പ്രത്യാശ നഷ്ടപ്പെട്ട്, ചിലർ ഓർമകളിൽ നിന്ന് ഓടി അകലാൻ ശ്രമിക്കുന്നു, യാഥാർത്ഥ്യത്തെ മനപ്പൂർവം ഉൾക്കൊള്ളാതിരിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ മരണത്തിലെത്തിച്ച സാഹചര്യത്തോട് സംവാദത്തിൽ ഏർപ്പെട്ടു അറിയാതെ അമർഷവും ദേഷ്യവും പ്രകടിപ്പിക്കുന്നു. വേർപാട് ഉൾക്കൊള്ളാനാവാതെ, ഓർമകളെ ഒഴിവാക്കാൻ ശ്രമിക്കുന്ന വ്യക്തിയെ സാന്ത്വനിപ്പിക്കുക അത്ര എളുപ്പമല്ല. മനോവേദന അനുഭവിക്കുന്ന വ്യക്തിയുടെ അടുത്തായിരിക്കുക, മനസിലാക്കാൻ ശ്രമിച്ചു കൂടെയിരിക്കുക എന്നതാണ് അഭികാമ്യം. അത് സ്വന്തം അനുഭവങ്ങളുടെ ഭാണ്ഡകെട്ടുകൾ അഴിച്ചുവച്ചുകൊണ്ടോ മറ്റാരുടെയോ വീരകഥകൾ പറഞ്ഞുകൊണ്ടോ ആകരുത്. മറിച്ച്, ആവശ്യമുള്ള വിവരങ്ങളും അറിവുകളും കൈമാറുന്നത് ഉചിതമാണ്. സ്നേഹവും കരുതലുമുള്ള മൗനം വലിയ ഔഷധമാണ്. വാക്കുകളുടെ സാന്ത്വനം സ്വീകരിക്കാൻ അവർക്ക് ചിലപ്പോൾ മാസങ്ങൾ വേണ്ടിവരും. സംഭാഷണത്തെക്കാൾ സാന്നിധ്യം, സംയമനം, സൗമ്യപരിചരണം, അവസരത്തിനനുസൃതമായ സഹായം എന്നിവ ചെയ്യുക.
ചിലർ വേർപാടിന്റെ വ്യഥയെക്കുറിച്ച് ഒരുപാട് സംസാരിക്കും. മറ്റു ചിലർ സംസാരിക്കാൻ വിമുഖത കാണിക്കും. സംസാരിക്കുന്നയാളെ ക്ഷമയോടെ കേൾക്കണം. വേദനയുള്ള ഓർമ്മകളെ വീണ്ടും വീണ്ടും വാക്കുകളിലാക്കുന്നതു വഴി ആ കദനകഥയെ സ്വയം ഉൾക്കൊള്ളാനാകും വിധം മനസ്സ് രൂപപ്പെടുത്തുകയാണ്. മറിച്ച്, സംസാരിക്കാൻ വിമുഖത കാട്ടുന്നയാളെ, അവരുടെ സ്വസ്ഥതയ്ക്ക് വിടണം. നമ്മൾ അവരെ ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുക, ഏതെങ്കിലും മരുന്ന് കഴിക്കുന്നയാളാണെങ്കിൽ അത് മുടങ്ങാതിരിക്കാൻ ഓര്മപ്പെടുത്തുക, സാമ്പത്തികവും മറ്റുമായ ആവശ്യങ്ങളിൽ കൈത്താങ്ങാവുക. ഉദാഹരണത്തിന്, കോവിഡ് മരണത്താൽ അനാഥമായ കുടുംബങ്ങൾക്ക് ചിറമ്മേലച്ചൻ തുടങ്ങിവെച്ചിട്ടുള്ള സാമ്പത്തിക സഹായം നേടാൻ സഹായിക്കുക. എന്നാൽ, ആഴ്ചകൾക്കു ശേഷവും വിശപ്പും ഉറക്കവും ശെരിയാകുന്നില്ല, വിഷാദവിചാരങ്ങളിൽ ഒരുപാടു മുഴുകുന്നു, അത്യാവശ്യകാര്യങ്ങൾ പോലും മുടങ്ങുന്നു, എന്ന് കണ്ടാൽ ഇടപെടണം. ദീർഘനേരം ചിന്തയിൽ മുഴുകാതെ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ സഹായിക്കണം.
ചിലർ ഓർമകളിൽ നിന്ന് ഓടിയകലാൻ ശ്രമിക്കുമ്പോൾ, മറ്റുചിലർ വേർപാടിന്റെ ഓർമകളിൽ മുഴുകാൻ ഇഷ്ടപെടുന്നു. നീണ്ടുനിന്നാൽ രണ്ടും ദോഷകരമാണ്. നഷ്ടപ്പെട്ടതിന്റെ കണക്കുകൾ നോക്കാൻ ഇഷ്ടപ്പെടാതെ ഓടിയകലാൻ ശ്രമിക്കുമ്പോൾ, കൂടുതൽ മൗനത്തിലേക്ക് വീഴുന്നത് കാണുമ്പോൾ, ഒന്നിനും അർത്ഥമില്ലാതെ, നിസ്സഹായതയോടെ ഊണും ഉറക്കവുമില്ലാത്ത രാത്രികളും പകലുകളും കടന്നുപോകുന്നത് കാണുമ്പോൾ, നമ്മുടെ സ്നേഹസാന്നിധ്യത്തോടൊപ്പം, പ്രഫഷണൽ സഹായവും ഉറപ്പുവരുത്തണം. മരണവുമായി ബന്ധപ്പെട്ട ഓർമ്മകളും സംസാരങ്ങളും സ്ഥലങ്ങളും വസ്തുക്കളും ഒഴിവാക്കാൻ ശ്രമിക്കുന്നത് മരണം സൃഷ്ടിച്ച ഗൗരവമായ ആഘാതത്തിന്റെ അടയാളമാകാം. മാസങ്ങൾക്ക് ശേഷവും ഇത് തുടരുന്നെങ്കിൽ വേർപാടിന്റെ ആഘാതം ഉൾക്കൊള്ളാൻ പ്രൊഫഷണൽ സഹായം ആവശ്യമാണ്. ഗ്രീഫ് തെറാപ്പിയിലും ട്രോമാ തെറാപ്പിയിലും പ്രാവീണ്യമുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണുന്നതാണ് ഉത്തമം.
പനി തോന്നിയെങ്കിലും അന്നന്നപ്പത്തിന് ഒരു ദിവസം കൂടി പണിക്ക് പോകാമെന്നു വെച്ച കുടുംബനാഥനും, മറ്റുള്ളവർക്ക് വയ്യാത്തതിനാൽ തന്റെ ദേഹാസ്വാസ്ഥ്യം അവഗണിച്ച് ശുശ്രൂഷിച്ച കുടുംബനാഥയും കോവിഡിന്റെ മാത്രമല്ല ദാരിദ്ര്യത്തിന്റെകൂടി രക്തസാക്ഷികളാണ്. നേരത്തെ ഹോസ്പിറ്റലിൽ പോകേണ്ടതായിരുന്നു എന്ന് പറയുന്നത് ആശ്വസവാക്കല്ല. പകരം, സാന്ത്വനത്തിന്റെ മൗനം വേദനിക്കുന്ന മനസ്സിന് പകർന്നു കൊടുക്കാൻ അറിയുന്നത് വലിയ ജ്ഞാനമാണ്. അത് വിരഹവ്യഥയുടെ സ്വകാര്യതയെ ആദരിച്ചുകൊണ്ടാവണം. എല്ലാ സങ്കടങ്ങളും എല്ലാരോടും പറയാനുള്ളതല്ല. നീ പറയാൻ ആഗ്രഹിക്കുമ്പോൾ ഞാൻ കേൾക്കാൻ അടുത്തുണ്ടാകും; അതുവരെ നിന്റെ സ്വസ്ഥതയ്ക്ക് ഞാൻ തടസ്സമാവില്ല, എന്ന സമീപനമാണ് നല്ലത്. കുറേക്കഴിയുമ്പോൾ നമ്മൾ പറയുന്നത് കേൾക്കാനും, നമ്മോടു കൂടുതൽ പറയാനും അയാൾക്ക് കഴിയും. നമ്മുടെ സാന്ത്വനം സൗഖ്യമായി തുടങ്ങുമ്പോൾ, നമ്മൾ പറഞ്ഞു കൊടുക്കുന്ന ആശയങ്ങൾ സ്വീകരിക്കാനും, ചെറിയ കാര്യങ്ങൾ ചെയ്തു തുടങ്ങാനും, ചില തീരുമാനങ്ങൾ എടുക്കാനും അയാൾ ശ്രമിക്കും. അതുവരെ നമ്മൾ സൗമ്യമായി, കരുതൽ നൽകി കാത്തിരിക്കുക.
മനുഷ്യനെ മരണം ഇത്ര നിസ്സാരനാക്കിയ മറ്റൊരു കാലമില്ല. എങ്കിലും ഈ കാലം ഓർമ്മിക്കപ്പെടുക പരസ്പര്യത്തിലും സഹോദര്യത്തിലും മനുഷ്യൻ അതിജീവനത്തിന്റെ നൂതനവഴികളിലൂടെ നടന്നതിന്റെ മാതൃകയായിട്ടാകും. സാന്ത്വനം കൊടുത്തും വാങ്ങിയും നമുക്ക് ഈ തിരയ്ക്കു മീതെ ഉയർന്നു നിൽക്കാം.
Dr Fr Rajeev Michael, St Joseph’s Hospital, Manjummel
Dr Sr Roshin Kunnel, St Sebastian’s Hospital, Arthunkal