സൈബർസ്പേസും ആത്മവിശ്വാസമുള്ള കൗമാരവും
ഒരു സുഹൃത്തിന്റെ മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷിക ആഘോഷം നടക്കുകയായിരുന്നു. മക്കളും ചെറുമക്കളും ഒത്തുചേർന്ന ആഘോഷത്തിൽ, ഒരു കൊച്ചു മിടുക്കനാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത്. മുത്തശ്ശനും മുത്തശ്ശിക്കും ആശംസകളർപ്പിച്ച് അവൻ തയ്യാറാക്കിയ ഷോർട്ട് വീഡിയോ എല്ലാരും നന്നായി ആസ്വദിച്ചു. അവന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് വികാരിയച്ചൻ അനൗൺസ് ചെയ്തപ്പോൾ എല്ലാവരും കയ്യടിച്ചു. നമ്മുടെ വീടുകളിലെ വിശേഷാവസരങ്ങളിൽ ടെക്നോളജി വിദഗ്ധരായ നമ്മുടെ കുട്ടികൾ ഇത്തരം റോളുകൾ ഭംഗിയായി ചെയ്യുന്നത് കാണുമ്പോൾ പേരെന്റ്സ് അഭിമാനിക്കാറുണ്ട്. "എനിക്ക് ഇതിന്റെ പാസ്സ്‌വേർഡ് പോലും അറിയില്ല, മോളാണ് എല്ലാം ചെയ്യുന്നത്" എന്നുപറഞ്ഞ് സോഷ്യൽ മീഡിയ സൈറ്റുകൾ കുട്ടികളുടെ സഹായത്തോടെ കൈകാര്യം ചെയ്യുന്ന മാതാപിതാക്കൾ ഉണ്ട്. കുട്ടിയുടെ "ശല്യം" കൂടാതെ വീട്ടു കാര്യങ്ങൾ ചെയ്തു തീർക്കാൻ അവർക്ക് സ്മാർട്ട്ഫോൺ കളിക്കാൻ കൊടുക്കുന്ന പതിവുണ്ട്. ഓൺലൈൻ ക്ലാസുകൾ പതിവായതോടെ കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കാനാവാതെ പേരെന്റ്സ് വിഷമവൃത്തത്തിലായി. ഏതാണ്ട് 70 ശതമാനം മാതാപിതാക്കളും കുട്ടികളുടെ ഫോൺ ഉപയോഗത്തെക്കുറിച്ച് ഉത്കണ്ഠ ഉള്ളവരാണ്. ചില പ്രധാന പ്രശ്നങ്ങളും അവയെ സമീപിക്കേണ്ട രീതികളും ചുരുക്കമായി ഇവിടെ പ്രതിപാദിക്കാം.
ഇന്റർനെറ്റ് യുഗത്തിൽ സമൂഹമാധ്യമങ്ങളുടെ ലോകത്ത് പിറന്നുവീണവരാണ് നമ്മുടെ വീടുകളിലെ കുട്ടികൾ. മാതാപിതാക്കൾ വളർന്ന സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി, ഈ കുട്ടികൾ വളരേണ്ടതും പക്വത നേടേണ്ടതും ഇന്റർനെറ്റ്-സമൂഹമാധ്യമ ലോകത്തിലാണ്. അവരെ അതിൽ നിന്നും ബലമായി മാറ്റിനിർത്താൻ ശ്രമിക്കുന്നത് ഗൗരവമായ അബദ്ധമാകും. എന്നാൽ, ശരിയായ പേരെന്റിംഗ് സഹായമില്ലെങ്കിൽ, അവർ തന്നെ വലിയ അബദ്ധങ്ങളിൽ വീണേക്കാം. അതിനാൽ, മാതാപിതാക്കൾക്ക് സമയോചിതമായ ഗൈഡൻസ് അനിവാര്യമാണ്. തങ്ങൾക്ക് പരിചിതമല്ലാത്ത കാര്യങ്ങളിൽ കുട്ടികളെ ഗൈഡ് ചെയ്യുക എളുപ്പമല്ലല്ലോ. അതുകൊണ്ട്, കുട്ടികൾ ഉപയോഗിക്കുന്ന ഗെയിമിങ്ങിന്റെയും യൂട്യൂബിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ലോകത്തെക്കുറിച്ച് മാതാപിതാക്കൾക്ക് അജ്ഞത പാടില്ല. അവർ ചെയ്യുന്നത് കൂടെയിരുന്ന് കാണുകയും മനസ്സിലാക്കുകയും വേണം. അവർ ചെയ്യുന്നതിനപ്പുറമുള്ള കാര്യങ്ങൾ കൂടുതൽ അറിവുള്ളവരിൽനിന്നും മനസ്സിലാക്കണം.
സ്ക്രീൻ ടൈം ദുരുപയോഗത്തിന് കീഴിൽ വരുന്ന നിരവധി വ്യത്യസ്തമായ പ്രശ്നങ്ങൾ ഉണ്ടല്ലോ. ഗെയിമിംഗ് ആസക്തി, അസ്ലീല ബ്രൗസിംഗ്, അമിത ഷോപ്പിംഗ് ബ്രൗസിംഗ്, സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം, തുടങ്ങിയ വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് പൊതുവായി പ്രശ്നകരമായ സമ്പർക്ക മാധ്യമ ഉപയോഗം (Problematic Interactive Media Use) എന്ന പേര് ഉപയോഗിക്കാം.
സമ്പർക്ക മാധ്യമ ഉപയോഗം എല്ലാ കുട്ടികൾക്കും പ്രശ്നകരവും രോഗാതുരവും ആകുന്നില്ല. കൗമാരത്തിൽ 5 മുതൽ 10 വരെ ശതമാനം കുട്ടികളിലാണ് രോഗാതുരമായ ദുരുപയോഗത്തിന്റെ ലക്ഷണങ്ങൾ കാണുന്നത്. അതായത്, ബാക്കി 90% കുട്ടികളുടെ മാതാപിതാക്കൾക്ക് അതിയായ ഉത്കണ്ഠ വേണ്ട. അമിതമായ ഉപയോഗം മാത്രം കണക്കിലെടുത്ത് രോഗാതുരമായ ആസക്തിയുണ്ട് എന്നു പറയാനാവില്ല. അങ്ങനെയെങ്കിൽ, അമിതമായ പരാധീനത (dependence) കാണിക്കുന്ന കുട്ടികളെ എങ്ങനെ വേർതിരിച്ചറിയാം? സമ്പർക്ക മാധ്യമങ്ങളുടെ രോഗാതുരമായ ദുരുപയോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? 10 ശതമാനത്തിൽ താഴെയുള്ള ഈ കുട്ടികളെ ഏത് സാഹചര്യങ്ങളാണ് വ്യത്യസ്തരാക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ശാസ്ത്രീയമായ കണ്ടെത്തലുകളാണ് ചുവടെ ചേർക്കുന്നത്.
മറ്റ് ആസക്തികളുടെ കാര്യത്തിലെന്നപോലെ, സമ്പർക്ക മാധ്യമ പരാധീനതയുടെ കാര്യത്തിലും പ്രതിരോധമാണ് ചികിത്സയേക്കാൾ ഫലപ്രദം. അതായത്, പ്രശ്നം ആകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നതാണ്, പ്രശ്നം ആയ ശേഷം എങ്ങനെ പരിഹരിക്കാം എന്നതിനേക്കാൾ നല്ല സമീപനം. വാക്സിനേഷനാണ് നല്ലത് എന്നർത്ഥം.
കുട്ടികളിലെ സമ്പർക്ക മാധ്യമ പരാധീനതയുടെ പ്രധാന ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക:
· സ്വയം നിയന്ത്രിക്കാനും വേണ്ടെന്നുവയ്ക്കാനും കുട്ടിക്ക് കഴിയുന്നില്ല.
· തുടങ്ങിക്കഴിഞ്ഞാൽ നിശ്ചിതസമയത്തിനു ശേഷം നിർത്താൻ കഴിയുന്നില്ല.
· മനസ്സ് ഈ വിഷയത്തിൽ അമിതമായി വ്യാപൃതമായിരിക്കുന്നതു കൊണ്ട്, മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാനോ താല്പര്യം എടുക്കാനോ കഴിയുന്നില്ല.
· മറ്റു സമയങ്ങളിൽ മനസ്സ് അസ്വസ്ഥവും കോപാകുലവുമായി മാറുന്നു.
· അമിതാസക്തി ഗുരുതരമായ പരിണിതഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് മനസ്സിലായ ശേഷവും നിയന്ത്രിക്കാൻ സാധിക്കുന്നില്ല
സമ്പർക്ക മാധ്യമം കുറേസമയം ഉപയോഗിക്കുന്ന എല്ലാ കുട്ടികൾക്കും ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. അങ്ങനെയെങ്കിൽ, ഏതു കുട്ടികൾക്കാണ് കൂടുതൽ റിസ്ക് ഉള്ളത്?
കുട്ടികളിൽ സമ്പർക്ക മാധ്യമ പരാധീനത ഉണ്ടാകാൻ കുടുംബത്തിന്റെ ചില സ്വഭാവസവിശേഷതകൾ നിർണായകമാകാം. ഉദാഹരണത്തിന്, ഒത്തൊരുമയും പരസ്പരബന്ധവും ഐക്യവുമില്ലാത്ത കുടുംബാന്തരീക്ഷം, നിരന്തരമായ വഴക്കുകൾ, അമിതമായ വിദ്വേഷ പ്രകടനം, കുട്ടികളുടെ കാര്യങ്ങളിലുള്ള അതിനിമഗ്നത (overinvolvement), കുട്ടികളുമായി സമയം ചെലവിടുന്നതിലും സ്നേഹം പ്രകടിപ്പിക്കുന്നതിലും കാര്യമായ കുറവ് എന്നിങ്ങനെയുള്ള കുടുംബസാഹചര്യം സമ്പർക്ക മാധ്യമ ദുരുപയോഗത്തിലേക്ക് നയിക്കാം. അസുഖകരമായ കുടുംബാന്തരീക്ഷത്തിൽ നിന്നും കുട്ടി ഒഴിഞ്ഞുമാറുന്നതാകാം ഒരു കാരണം.
മറുവശത്ത്, ഗുണകരമായ കുടുംബ സാഹചര്യത്തിൽ പ്രഥമപ്രധാനം ടീനേജറുമായി അച്ഛന് നല്ല ബന്ധവും അടുപ്പവും ഉണ്ടായിരിക്കുക എന്നതാണ്. അതോടൊപ്പം പ്രധാനമാണ്, ആവശ്യമായ നിയന്ത്രണങ്ങളും ലക്ഷ്മണ രേഖകളും ചെറുപ്പത്തിലെ ശീലിപ്പിക്കുന്നതും, കുറ്റപ്പെടുത്തലുകൾക്കപ്പുറം സ്നേഹവും പ്രോത്സാഹനവും കൊടുക്കുന്നതും (പോസിറ്റീവ് പേരെന്റിംഗ്).
കുടുംബ സാഹചര്യം കൂടാതെ, കുട്ടിയുടെ ചില സ്വഭാവ സവിശേഷതകളും സമ്പർക്ക മാധ്യമ ഉപയോഗം പ്രശ്നമാകുന്നതിനു കാരണമാകാം. ഉദാഹരണത്തിന്, ശ്രദ്ധക്കുറവും അടക്കമില്ലായ്മയും (attentional deficit hyperactive) ഉള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. സ്വയം നിയന്ത്രണമില്ലായ്മ, എടുത്തുചാട്ട (impulsive) പ്രവണത, പെട്ടെന്നുള്ള അരിശം, അതിക്രമ (aggressive) സ്വഭാവം, കൂട്ടുകൂടാത്ത പ്രകൃതം, കൂടെക്കൂടെ അസ്വസ്ഥതയും ഉത്കണ്ഠയും തോന്നുന്ന പ്രകൃതം (neuroticism) എന്നീ സ്വഭാവപ്രശ്നങ്ങളുള്ള കുട്ടികൾക്കും കൂടുതൽ റിസ്ക് ഉണ്ട്. സമ്പർക്ക മാധ്യമങ്ങൾ അമിതമായി ഉപയോഗിക്കാൻ അവസരം കിട്ടിയാൽ, അവർ രോഗാതുരമായ പരാധീനത (dependence) യിലേക്ക് വീണു പോകാം.
ഈ കുട്ടികൾക്ക് ഗുണകരമല്ലാത്ത കുടുംബസാഹചര്യം കൂടി ഉണ്ടാകാം. ഇവ രണ്ടും ചേരുമ്പോൾ അപകടസാധ്യത കൂടുന്നു. കുട്ടികളിലെ ഉത്കണ്ഠയും വിഷാദവും കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കാം.
ഇത്രയും വായിക്കുമ്പോഴേക്കും നിങ്ങൾക്ക് മനസ്സിലാകും മൊബൈൽ മാറ്റിവെക്കുന്നത് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്ന്. വേണ്ട സഹായം നൽകാതെ മൊബൈൽ മാറ്റുന്നത്, മദ്യപാനിയെ മുറിയിൽ അടച്ചിട്ട് മദ്യം കൊടുക്കാതിരിക്കുന്നത് പോലെ അപകടകരമായേക്കാം. പത്താം ക്ലാസിലുള്ള ഒരു കുട്ടി പറഞ്ഞതിങ്ങനെ: "മൊബൈൽ എറിഞ്ഞു പൊട്ടിക്കുക മാത്രമേ പരിഹാരമുള്ളൂ, മൊബൈൽ കിട്ടിയാൽ എനിക്ക് ഗെയിം കളിക്കാതിരിക്കാൻ കഴിയില്ല". എട്ടാം ക്ലാസിലെ കുട്ടിക്ക് അങ്കിൾ മൊബൈൽ വാങ്ങി കൊടുത്തു. അമിത ഉപയോഗം ആണെന്ന് മാതാപിതാക്കൾ പറഞ്ഞപ്പോൾ, അവൻ പറഞ്ഞു: "എനിക്ക് അഡിക്ഷൻ ഒന്നുമില്ല, മൊബൈൽ ഡോക്ടർ വെച്ചോളൂ." മാതാപിതാക്കളും അങ്ങനെ പറഞ്ഞപ്പോൾ മൂന്നു ദിവസത്തേക്ക് മൊബൈൽ വാങ്ങിവച്ചു. ഉച്ചതിരിഞ്ഞ് കുട്ടിയുടെ അച്ഛൻ വിളിച്ചു: വേഗം മൊബൈൽ തിരികെ വാങ്ങി വന്നില്ലെങ്കിൽ കുട്ടി ബാൽക്കണിയിൽ നിന്നും ചാടുമെന്ന് ഭീഷണിമുഴക്കുന്നുവത്രേ. കുട്ടിക്ക് ട്രീറ്റ്മെന്റ് ആവശ്യമാണെങ്കിൽ അത് നൽകാൻ മടിക്കരുത്. എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിൽ എത്താതിരിക്കാനുള്ള “വാക്സിനേഷൻ” കൂടുതൽ പ്രധാനമാണ്.
പേരെന്റ്സും കുട്ടികളും ചേർന്ന് സ്ക്രീൻ ടൈമിനെക്കുറിച്ചുള്ള പൊതു സമ്മതം (family screen time agreement) തയ്യാറാക്കി പാലിക്കുന്നത് ഏറെ സഹായകമാണ്. താഴെ പറയുന്ന കാര്യങ്ങൾ അതിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
ബെഡ് ടൈം എല്ലാവർക്കും (മാതാപിതാക്കൾക്കും പ്ലസ് ടു വരെയുള്ള കുട്ടികൾക്കും) ബാധകമായിരിക്കണം. ബെഡ് ടൈമിന് ഒരു മണിക്കൂർ മുമ്പ് എല്ലാവരും നിർബന്ധമായും സ്ക്രീൻ ഓഫ് ചെയ്യണം.
സമ്പർക്ക മാധ്യമ ഉപയോഗം വീട്ടിലെ അധികം പ്രൈവസി ഇല്ലാത്ത നിശ്ചിത സ്ഥലത്ത് മാത്രം ചെയ്യുക. സ്റ്റഡി റൂമിൽ ഓൺലൈൻ ക്ലാസിനും പഠനത്തിനും മാത്രം ഡിവൈസ് ഉപയോഗിക്കുക. മുറിയിലേക്ക് കയറുമ്പോൾ തന്നെ സ്ക്രീൻ കാണാവുന്ന വിധം ഫോൺസ്റ്റാൻഡിൽ സ്മാർട്ട്ഫോണും ടേബിളിൽ ലാപ്ടോപ്പും വാതിലിന് അഭിമുഖമായി വെക്കേണ്ടതാണ്. രാത്രി കുട്ടികളുടെ മുറിയിൽ സ്മാർട്ട്ഫോൺ പാടില്ല.
മാതാപിതാക്കൾ തമ്മിൽ ഫോൺ പ്രൈവസി ഇല്ലാത്തതുപോലെ, പ്ലസ്ടു വരെയെങ്കിലും കുട്ടികൾക്ക് ഫോൺ പ്രൈവസി ആവശ്യമില്ല. പേരെന്റൽ കൺട്രോൾ ആപ്പുകളും ഫിൽറ്ററുകളും ഉപയോഗിക്കാൻ മടിക്കരുത്. കുട്ടികൾ ഫോണിൽ ചെയ്യുന്നതെല്ലാം മാതാപിതാക്കൾക്ക് മറ്റൊരു ഫോണിൽ കാണാൻ സൗകര്യം ഉണ്ടാക്കാം.
സംസാരിക്കുമ്പോൾ സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് പരസ്പരം മുഖം കൊടുത്ത് കേൾക്കണം. മതാപിതാക്കൾ ഇതിന് മാതൃക കാട്ടണം. അതായത്, കുട്ടികൾ എന്തെങ്കിലും ചോദിക്കുമ്പോൾ ഫോണിൽ തന്നെ നോക്കിക്കൊണ്ട് മറുപടി നൽകുന്നത് ഒഴിവാക്കുക.
ഡിവൈസുകൾ എല്ലാം മാറ്റിവെച്ച് മാതാപിതാക്കളും കുട്ടികളും ഒരുമിച്ചുകൂടുന്ന നല്ല സമയങ്ങൾ പതിവാക്കണം.
പ്രായത്തിൽ നല്ല വ്യത്യാസമുള്ള കുട്ടികൾക്കിടയിൽ ഫോൺ ഉപയോഗിക്കുന്ന സമയത്തെക്കുറിച്ചുള്ള താരതമ്യം തുടക്കത്തിലേ നിരുത്സാഹപ്പെടുത്തുക. പ്രായം കൂടുന്ന ക്രമത്തിൽ കൂടുതൽ ഫോൺ സമയവും സ്വാതന്ത്ര്യവും അനുവദിക്കുക. കുട്ടികൾ വളരുന്നതനുസരിച്ച് കൂടുതൽ ആത്മവിശ്വാസത്തോടും സുരക്ഷിതമായും സമ്പർക്ക മാധ്യമ ലോകത്തിൽ ഇടപെടാൻ അവരെ ഒരുക്കുകയാണ് മാതാപിതാക്കളുടെ ധർമ്മം.
തോന്നുന്ന നേരത്തെ ഫോൺ ഉപയോഗത്തിന് പകരം ഉദ്ദേശ്യപൂർവ്വം (intentional) നിശ്ചിത സമയങ്ങളിലുള്ള ഫോൺ ഉപയോഗവും ഗെയിമിങ്ങും ചെറുപ്പം മുതലേ ശീലിപ്പിക്കുക. ഇതിന് മാതാപിതാക്കൾ മാതൃകയാവുക.
വെർച്വൽ സമ്പർക്കം നല്ലതാണെങ്കിലും മുഖാമുഖമുള്ള സമ്പർക്കത്തിന് പകരമാകില്ലെന്ന വിഷയം ചർച്ച ചെയ്യുക. ഒരിക്കൽ, കോളേജ് കുട്ടികളുമായുള്ള ഫോക്കസ് ഗ്രൂപ്പിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: "എനിക്ക് ഒരുപാട് കോൺടാക്റ്റുണ്ട്. പക്ഷേ മുത്തച്ഛന്റെ രണ്ടു കട്ട ചങ്ക്കൾക്ക് ഒപ്പമെത്തില്ല അവരിലാരും".
സൈബർ വിഷയങ്ങളെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ സോഷ്യൽ മീഡിയയുടെ ദൂഷ്യഫലങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, ഒരു കോളേജ് സ്റ്റുഡന്റ് പെട്ടെന്ന് എഴുന്നേറ്റുനിന്ന് ഉച്ചത്തിൽ പറഞ്ഞു: "ഞങ്ങൾക്ക് ഭയമില്ലാതെ മനസ്സുതുറക്കാനും ആത്മാവിഷ്കാരത്തിനും ഈ സ്പേസ് കൂടി ഇല്ലെങ്കിൽ ശ്വാസം മുട്ടിപ്പോകും". അതിനാൽ, സോഷ്യൽ മീഡിയയുടെ ഉപയോഗം എങ്ങനെയൊക്കെയാണ് കുട്ടികളെ സഹായിക്കുന്നത് എന്നതും അവരോടൊത്ത് ചർച്ച ചെയ്യണം. അവരുടെ സർഗ്ഗാത്മക ശ്രമങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കണം.
ആഴ്ചയിലൊരിക്കൽ സമ്പർക്ക മാധ്യമ അനുഭവങ്ങളെക്കുറിച്ച് പേരെന്റ്സും കുട്ടികളും ഒരുമിച്ചുള്ള തുറന്ന ചർച്ച പതിവാക്കുക. മതാപിതാക്കൾ അനുഭവം പങ്കുവെച്ചുകൊണ്ട് റോറ്റേഷണൽ രീതിയിൽ കുട്ടികളെയും തുറന്നു സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക. സോഷ്യൽ മീഡിയയിലെ രസകരമായ കാര്യങ്ങളും പുതുതായിക്കിട്ടിയ അറിവുകളും ഷെയർ ചെയ്ത കാര്യങ്ങളുമെല്ലാം ചർച്ച ചെയ്യാം. ‘സൈബർ ബുള്ളിയിങ്’ പോലുള്ള ഗൗരവമായ പ്രശ്നങ്ങൾ തുറന്നുപറയാൻ ഈ സംസാരം സഹായിക്കും. ഫോൺ ഉപയോഗത്തെക്കുറിച്ചുള്ള കൃത്യമായ നിയന്ത്രണവും പരിധികളും തീരുമാനിക്കാനും ഇത് അവസരമാകും. ഇത്തരം സന്ദർഭങ്ങളിലല്ലാതെ അനവസരങ്ങളിലുള്ള ഉപദേശങ്ങൾ ഒഴിവാക്കുകയും ചെയ്യണം.
ഒരിക്കൽ, പേരെന്റ്സ് ഒരുപാട് പരാതികൾ നിരത്തിയപ്പോൾ ടീനേജർ പറഞ്ഞു: "എന്നോട് കൃത്യമായി പറഞ്ഞാൽ ഞാൻ ചെയ്യും". അനുവദിച്ചിട്ടുള്ളതും അനുവദിക്കാത്തതും എന്തൊക്കെ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ കുട്ടികൾക്ക് നൽകണം. അമിതമായി ഗെയിമിങ് ചെയ്യുന്ന കുട്ടിയോട് "ഏത് നേരവും മൊബൈലിൽ ആണ്" എന്ന് കമന്റ് പറയാതെ, എപ്പോഴൊക്കെ എത്രനേരം ഗെയിമിംഗ് ആകാം എന്ന് മാതാപിതാക്കൾ വിളിച്ച് നടുക്കിരുത്തി ഗൗരവമായി സംസാരിച്ച് തീരുമാനമെടുപ്പിക്കുക. എന്നാൽ, അഡിക്‌ട് ആകാൻ സാധ്യതയുള്ള കുട്ടിക്ക് വേണ്ടി, ഗെയിമിങ്ങിനപ്പുറം, വൈകാരിക-പെരുമാറ്റ പ്രശ്നങ്ങൾക്ക് വിദഗ്ധ സഹായം തേടാൻ മടിക്കരുത്.
മാതാപിതാക്കളുടെ കുറ്റപ്പെടുത്തലും വിദ്വേഷവും ദേഷ്യവും കുട്ടികളിലെ സമ്പർക്ക മാധ്യമ ദുരുപയോഗം വർദ്ധിപ്പിക്കും എന്ന് നേരത്തെ പറഞ്ഞുവല്ലോ. സ്നേഹപൂർവ്വം സംസാരിക്കുന്നതും താൽപ്പര്യത്തോടെ കേൾക്കുന്നതും കുറ്റപ്പെടുത്തൽ ഒഴിവാക്കുന്നതും കാര്യമായ ഗുണം ചെയ്യും. അച്ഛനും അമ്മയും അച്ഛമ്മയും കുറ്റം പറയുന്നത് നിർത്തിയപ്പോൾ ഒരുപാട് പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ടീനേജർ നല്ല കുട്ടിയായ കഥകൾ ഫാമിലി കൗൺസിലിംഗിൽ പതിവാണ്.
ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളോട് ഇണങ്ങാനും അവ ഉൾക്കൊള്ളാനും കൗമാരമനസിനെ ഒരുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ലൈംഗിക വിഷയങ്ങൾ കുട്ടികൾ തുറന്നു സംസാരിക്കണമെങ്കിൽ മാതാപിതാക്കളും ഇത്തരം കാര്യങ്ങളിൽ തുറന്ന സംസാരം പ്രോത്സാഹിപ്പിക്കണം. കൗമാരപ്രായത്തിലെ ലൈംഗിക കാര്യങ്ങളിലുള്ള ജിജ്ഞാസയെ കുറ്റപ്പെടുത്താതെ, അത് സ്വാഭാവികമാണെന്ന് അംഗീകരിക്കുക. ശരിയായ സെക്സ് എഡ്യൂക്കേഷൻ നേടാൻ അവരെ സഹായിക്കുക. തുറന്ന സംസാരവും ആവശ്യമായ നിരീക്ഷണവും വഴി അമിതമായ അസ്ലീല (പോർണോ) ബ്രൗസിംഗ് ഒഴിവാക്കാം.
കൗമാരപ്രായത്തിൽ ഏതാണ്ട് അഞ്ചു മുതൽ പത്ത് വരെ ശതമാനം കുട്ടികളിൽ ആത്മഹത്യാവിചാരം ഉണ്ടാകാം. അവരെ ടാർഗറ്റ് ചെയ്ത ‘ബ്ലൂവെയിൽ’ പോലെയുള്ള ഗെയിമുകൾക്ക് പിന്നിലുള്ള ക്രൂരത അക്ഷന്തവ്യമാണ്. റമ്മി ഗെയിം കളിച്ച യുവാവ് ആത്മഹത്യ ചെയ്ത വാർത്ത വിറയലോടെയല്ലേ നമ്മൾ വായിച്ചത്? ഗാർഹിക പീഡനം കണ്ടുനിന്നതിന്റെയും ശാരീരിക ശിക്ഷകൾ സഹിച്ചതിന്റെയും അമർഷം കുട്ടികളിൽ ഉളവാക്കുന്ന അക്രമ സ്വഭാവത്തെ ടാർഗറ്റ് ചെയ്യുന്ന ഗെയിമുകൾക്ക് പിന്നിലും ക്രൂരതയല്ലേ? ഭയവും ആത്മസന്ദേഹവും ഉള്ളവരിൽ കൃത്രിമ ആത്മവിശ്വാസം സൃഷ്ടിച്ച് അമിതമായ ഹരം ഉളവാക്കുന്നത് ക്രമേണ പരാധീനതയ്ക്ക് കാരണമാകുന്നു. പ്രശ്നങ്ങൾ ഇല്ലാത്ത കുട്ടികൾ പെട്ടുപോവില്ല. പക്ഷേ, പ്രശ്നങ്ങൾ ഉള്ള ചെറിയ ശതമാനത്തെ ബോധപൂർവ്വം കെണിയിൽ വീഴ്ത്തുന്നു. കുട്ടികൾ കുറ്റക്കാരല്ല. മറിച്ച്, ഇത്തരം ക്രൂരതയുടെ ഇരകളാണ്. കുറ്റം പ്രതികരിക്കാത്ത സമൂഹത്തിനാണ്. മനസിലാക്കാൻ ശ്രമിക്കാത്ത മാതാപിതാക്കൾക്കാണ്.
ഗെയിമുകൾക്ക് പിന്നിലെ മാർക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് തുറന്ന ചർച്ച വേണം. കൂടുതൽ നേരം കളിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നതിനാൽ കുറച്ചുപേർ അഡിക്ട് ആവുക സ്വാഭാവികമാണെന്നും, അങ്ങനെ അഡിക്ട് ആകുന്ന കുറച്ചു പേരിലൂടെ വലിയ ആദായം ഉണ്ടാക്കുക മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമാണെന്നതും ചർച്ച ചെയ്യുക. രസകരമായ ഒരു ടൈംപാസ് എന്നതിനപ്പുറം, തങ്ങളെ വീഴ്ത്താൻ ബോധപൂർവ്വം തയ്യാറാക്കിയിരിക്കുന്ന കെണിയായും അവർ ഗെയിമിങ്ങിനെ മനസ്സിലാക്കണം. അഡിക്ട് ആവാതെ ഉപയോഗിക്കാനുള്ള സ്മാർട്ട് പ്ലാൻ കുട്ടികളെക്കൊണ്ടുതന്നെ തയ്യാറാക്കണം. സമ്പർക്ക മാധ്യമങ്ങൾ ആരോഗ്യകരമായി ഉപയോഗിക്കാൻ അവരെ നമ്മൾ ശക്തിപ്പെടുത്തണം.
അടുത്തകാലത്ത് മക്കളും ചെറുമക്കളും അടങ്ങുന്ന മൂന്ന് തലമുറക്കാരുടെ ഒരു ഫാമിലിസംഗമത്തിൽ നടന്ന ചർച്ച ഇങ്ങനെയായിരുന്നു.
മുതിർന്നവർ പറഞ്ഞു: കുട്ടികൾ വളർന്നു കൗമാരപ്രായമായി. ഇപ്പോൾ അവർക്ക് നമ്മളെക്കാളും, കൂടപ്പിറപ്പുകളെക്കാളും ഇഷ്ട്ടം മൊബൈലും നവമാധ്യമങ്ങളും ആണ്.
അപ്പോൾ കുട്ടികൾ പറഞ്ഞു: ഞാങ്ങളുടെ ഇഷ്ട്ടങ്ങളും, താല്പര്യങ്ങളും ഇങ്ങനെയുള്ള കൂട്ടായ്മയിൽ അനുവദിക്കുക. അപ്പോൾ ഞങ്ങൾ കുടുംബബന്ധങ്ങൾ ഇഷ്ടപ്പെടും.
മുതിർന്നവർ ചോദിച്ചു: നിങ്ങളുടെ ഇഷ്ടങ്ങൾ, താല്പര്യങ്ങൾ എന്തൊക്കെ? അനുവദിക്കുന്നതിനു മുൻപ് ഉപകാര പ്രദമാണോ എന്ന് വിലയിരുത്തണം.
കുട്ടികൾ: ഞങ്ങൾ, ഒരേ കുടുംബത്തിലെ കുട്ടികൾ പലയിടങ്ങളിൽനിന്ന് ഒരുമിച്ച് വരാനും പരസ്പരം സൗഹൃദം പുലർത്താനും ഇടയ്ക്ക് ഇത്തരം ഒത്തുകൂടലുകൾ പ്ലാൻ ചെയുക. ഉത്തരവാദിത്വങ്ങളിൽ ഞങ്ങളെയും ഉൾപ്പെടുത്തുക. അപ്പോൾ ഞങ്ങളുടെ ഇഷ്ട്ടം, ട്രെൻഡ് എല്ലാം ഉൾപ്പെടുത്തി ഞങ്ങൾക്കും സന്തോഷത്തോടെ പങ്കെടക്കുവാൻ തോന്നും.
മുതിർന്നവർ: കൊള്ളാം സന്തോഷം, അങ്ങനെയാവട്ടെ.
എല്ലാവരും അഗീകരിച്ചു. ചില തീരുമാനങ്ങൾ എടുത്തു: മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒത്തുകൂടണം. മുന്ന് തലമുറയിലുള്ളവർക്ക് ഉപകരിക്കുന്ന, അതായത്, വാർധക്യത്തിലും മധ്യവയസ്സിലും കൗമാരത്തിലുമുള്ളവർക്കും കുട്ടികൾക്കും ഒരുമിച്ചു കേൾക്കാവുന്ന ക്ലാസുകൾ കുട്ടായ്മയുടെ ഭാഗമാക്കാം. ഓരോ ഒത്തുചേരലിലും എല്ലാവർക്കും കലാവിരുതുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, ഒരുമിച്ചുള്ള ക്വിസ്സ് മത്സരങ്ങൾ... കുട്ടികളുടെ ആശയങ്ങളെല്ലാം ഏറെ ഹൃദ്യമായി തോന്നി. അവരെ പിന്താങ്ങി ഒരു പേരന്റ് പറഞ്ഞു: കാലം മാറിയപ്പോൾ ആർക്കും ആരെയും കേൾക്കാൻ സമയമില്ലാതായി. ഒരുമിച്ചിരുന്ന് സ്നേഹപൂർവം സന്തോഷത്തോടെ പരസ്പരം കേൾക്കുമ്പോൾ നമ്മുടെ വീടുകളിൽ മാറ്റങ്ങൾ വരും.
മാതാപിതാക്കൾ കുട്ടികളെ വിശ്വസിക്കുമ്പോൾ ഇത്തരം നല്ല ആശയങ്ങൾ അവരിൽനിന്നുതന്നെ തുടങ്ങും. നമ്മുടെ കുട്ടികളെ നമ്മൾ വിശ്വസിക്കണം. "നിനക്ക് സാധിക്കും, എനിക്കുറപ്പുണ്ട്" എന്ന് അപ്പൻ മകനോട് പറയുമ്പോൾ എന്തൊരു ബലമാണ് കിട്ടുന്നത്. നമ്മൾ സംശയിക്കുമ്പോൾ അവർക്ക് അവരിൽത്തന്നെ വിശ്വാസമില്ലാതാകും. പക്ഷെ, വിശ്വസിക്കുമ്പോൾ ജാഗ്രത വെടിയരുത്. സമൂഹമാധ്യമത്തിൽ കുട്ടികൾ ചെയ്യുന്നതെന്താണെന്ന് ശ്രദ്ധിക്കാത്ത മാതാപിതാക്കൾ പലപ്പോഴും പറയുന്നത് "എന്റെ കുട്ടികളെ എനിക്ക് വിശ്വാസമാണ്" എന്നാണ്. ജാഗ്രത ഇല്ലാത്ത വിശ്വാസം അപകടം സൃഷ്ടിക്കും. വിശ്വാസവും നിരീക്ഷണവും (monitoring) ഒരുമിച്ചു പോകേണ്ടതാണ്. ഇവ രണ്ടും ശരിയായി ഇണക്കുന്ന മാതാപിതാക്കൾ കൗമാരത്തിന്റെ രണ്ടാംപാദത്തിൽ മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നു. പിന്നീട്, അവരെ നിരീക്ഷിക്കേണ്ടതില്ല, തുറന്ന സംസാരം മതിയാകും.
Dr Fr Rajeev Michael OCD
St Joseph’s Hospital, Manjummel
Dr Sr Roshin Kunnel SVC
St Sebastian’s Hospital, Arthungal