Blog

ദാമ്പത്യ പ്രണയത്തിനും  വേണമൊരു വാക്സിൻ



കോവിഡ് വാക്സിൻ കഴിവതും എല്ലാവരും എടുക്കണം എന്നതാണല്ലോ ഇന്ന് പൊതു നിലപാട്. വാക്സിൻ എടുക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള സന്ദേഹങ്ങൾ പലർക്കുമുണ്ട്. വാക്സിന്റെ ഗുണമേന്മയെ കുറിച്ചുള്ള ചിത്രം വ്യക്തമാകാൻ സമയമെടുക്കുമല്ലോ. സമാനമായ സന്ദേഹങ്ങൾ വൈവാഹിക ജീവിതത്തെ കുറിച്ചും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചും ഉണ്ടാകാറുണ്ട്. "നമ്മുടെ പ്രശ്നങ്ങളുമായി മൂന്നാമതൊരാളുടെയടുത്ത് പോകേണ്ടിവരുന്ന അവസ്ഥയെക്കാൾ നല്ലത് ബന്ധം വേർപെടുത്തുന്നതാണ്" - ഫാമിലി കൗൺസിലിംഗിനെക്കുറിച്ച് ഒരാൾ പങ്കുവെച്ചതാണ്. മറ്റൊരാൾ പറഞ്ഞതിങ്ങനെ: "എട്ടുവർഷമായി എല്ലാം പരസ്പരം അറിഞ്ഞു ജീവിച്ചതാണ്. ഇപ്പോൾ മറ്റൊരാളുടെ സ്വാധീനം കൊണ്ട് തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ, സ്വയം തിരിച്ചറിഞ്ഞു തിരുത്തി തിരിച്ചു വരുന്നത് കാത്തിരിക്കാനാണ് എനിക്കിഷ്ടം. മൂന്നാമതൊരാളുടെ അടുത്ത് ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഞങ്ങൾ തമ്മിൽ അകലം വർദ്ധിക്കുന്നു എന്ന് തോന്നിയപ്പോഴാണ് വന്നത്". ദാമ്പത്യ സ്നേഹത്തിന്റെ സൗന്ദര്യം നിലനിർത്താനും പ്രശ്നങ്ങൾ വളരാതെ പ്രതിരോധിക്കാനും ആവശ്യമായ വാക്സിനേഷനെകുറിച്ചാണ് ഈ ലേഖനം. 

"ഞാൻ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചു. എന്തിനാണ് വെറുതെ ഇപ്പോഴുള്ള സന്തോഷവും സ്വാതന്ത്ര്യവുമൊക്കെ നഷ്ടപ്പെടുന്നത്? എന്റെ കുറച്ചു കൂട്ടുകാരും കല്യാണം വേണ്ടെന്നു നിശ്ചയിച്ചിരിക്കുകയാണ്" - ചെറിയൊരു ശതമാനം യുവതി-യുവാക്കൾ ഇത്തരം ചിന്തകൾ പങ്കുവയ്ക്കാറുണ്ട്. വിവാഹിതർ സമപ്രായക്കാരായ അവിവാഹിതരെക്കാൾ കൂടുതൽ സന്തുഷ്ടരോ? അതോ മറിച്ചാണോ? വിദേശത്തും ഇന്ത്യയിലും നടത്തിയിട്ടുള്ള നിരവധി ഗവേഷണപഠനങ്ങൾ സൂചിപ്പിക്കുന്നത് സന്തുഷ്ടരാണ് എന്നു തന്നെ.  വിവാഹിതർക്ക് പൊതുവിൽ അവിവാഹിതരെക്കാൾ കൂടുതൽ ആയുസ്സ്, രോഗപ്രതിരോധശേഷി, വേഗമേറിയ രോഗമുക്തി, പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് തുടങ്ങിയ മേന്മകൾ ഉള്ളതായി പഠനങ്ങളിൽ കണ്ടു. താനൊരു സ്നേഹ വലയത്തിന്റെ ഭാഗമാണ് എന്ന അനുഭവമത്രേ (belongingness) ഇതിനു പ്രധാനകാരണം.

വിവാഹജീവിതത്തിൽ സംതൃപ്തി പ്രകടിപ്പിച്ചവരിൽ പൊതുവായി കണ്ട പ്രത്യേകതകൾ ശ്രദ്ധേയമാണ്. അതായത്, ഒരുമിച്ച് ധാരാളം നല്ല സമയങ്ങൾ ചെലവിടുന്നത്, ദമ്പതികളുടെ പരസ്പര പ്രതീക്ഷകൾ സഫലമാകുന്നത്, പരസ്പരമുള്ള ആഴമായ ആത്മ സൗഹൃദം, മാതൃ കുടുംബങ്ങളിൽ നിന്നുള്ള നിശ്ചിത അകലം എന്നിവ വിവാഹ സംതൃപ്തിക്ക് കാരണമായി. മറുവശത്ത്, ദാമ്പത്യത്തിലെ അവിശ്വസ്തതയെക്കാൾ, മനസ്സ് തുറന്നുള്ള സംസാരത്തിന്റെയും പങ്കുവയ്ക്കലിന്റെയും കുറവാണ് അസംതൃപ്തിക്കും വിവാഹമോചനത്തിനും പ്രധാന കാരണമായത്.

മനസ്സിൽ മുറിവുകൾ ഉള്ളവരാണ് നമ്മൾ. മുറിവുണക്കാൻ മനുഷ്യന് വേണ്ടി ദൈവം ഒരുക്കിയ സ്നേഹക്കൂടാണ് വിവാഹം. രണ്ടുപേർ സ്നേഹിച്ചു ജീവിക്കുക എന്ന് പറഞ്ഞാൽ പരസ്പരം സുഖപ്പെടുത്തുക എന്നാണ് അർത്ഥം. മനസ്സിനെ സൗഖ്യപെടുത്താൻ സൈക്കോളജിസ്റ്റും രോഗിയും തമ്മിലുള്ള ആഴമായ ബന്ധം ഒരു വേദിയാക്കാമെന്ന് കണ്ടെത്തിയത് ഫ്രോയ്ഡ്  ആയിരുന്നു. ആഴമുള്ള ബന്ധത്തിൽ ഒരാൾക്ക് തന്നെത്തന്നെ കാണാനുള്ള കണ്ണാടിയായി മറ്റേയാൾ മാറുന്നു. കൗൺസിലിങ് പശ്ചാത്തലത്തിൽ ഇത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, വൈവാഹിക സ്നേഹബന്ധത്തിൽ രണ്ടു പേർ പരസ്പരം കണ്ണാടികൾ ആയി മാറുമ്പോൾ സൗഖ്യത്തിനുള്ള വേദി ഒരുങ്ങുന്നു. പരസ്പരം പൂർണമായി അക്സപ്റ്റ് ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.  അതിന് അവരെ സഹായിക്കാനാണ് ഒരു കപ്പിൾ തെറാപ്പിസ്റ്റ് ഗൈഡ് ചെയ്യുന്നത്. തന്നെ അക്സെപ്റ്റ് ചെയ്യുന്നില്ല എന്ന തോന്നൽ ഒരാൾക്ക് കുട്ടിക്കാലത്ത് ഉണ്ടായതാവാം. ദേഷ്യവും മൗനവും അതിനോടുള്ള പ്രതികരണമായി രൂപപ്പെട്ട സ്വഭാവമാവാം. ഈ തോന്നലുകൾ എല്ലാം ദാമ്പത്യത്തിലെ കണ്ണാടിയിൽ വീണ്ടും തെളിയും. അപ്പോൾ വീണ്ടും തിരസ്കരണത്തിനുപകരം  ആക്സെപ്റ്റ് ചെയ്യപ്പെടുന്ന അനുഭവം ഉണ്ടായാൽ അതു മെല്ലെ സൗഖ്യത്തിലേക്ക് നയിക്കും.

ഒരു വ്യക്തിയിലുള്ള ഏറ്റവും നല്ലതും ഏറ്റവും മോശവും പ്രതിഫലിക്കുന്നത് ഈ കണ്ണാടിയിലാണ്. ഏറ്റവും സ്നേഹം ഉള്ളത് അമ്മയോട് ആണെങ്കിലും ചിലപ്പോൾ ഏറ്റവും ദേഷ്യപ്പെടുന്നത് അമ്മയോട് തന്നെയല്ലേ? തീവ്രതയുള്ള ബന്ധത്തിൽ സ്നേഹദ്വേഷങ്ങൾ ഇടകലരുന്നത് സ്വാഭാവികമാണ്.
സ്നേഹപ്രകടനങ്ങളോടൊപ്പം വഴക്കുകളും ഉണ്ടാവുന്നത് നല്ല ദാമ്പത്യ സൗഹൃദത്തിന്റെ ലക്ഷണമാകാം. മറയില്ലാത്ത വികാരപ്രകടനങ്ങൾ മൂടുപടമിട്ട മൗനത്തേക്കാൾ നല്ലതാണ്. എന്നാൽ, വഴക്കുകൾക്ക് അനുപാതികമായി, രണ്ടുപേരും ഒരുമിച്ച് പങ്കിടുന്ന  നല്ല സമയങ്ങൾ കൂടുതലായി വേണമെന്ന് മാത്രം. ഗോട്ട്മാൻ നിർദേശിക്കുന്ന 'മാജിക് റേഷ്യോ' പ്രകാരം, ഓരോ വഴക്കിനും ആനുപാതികമായി അഞ്ചിരട്ടി നല്ല സമയങ്ങൾ ഉണ്ടെങ്കിൽ (1:5) നിലനിൽക്കുന്ന ദാമ്പത്യ സ്നേഹം ഉറപ്പുവരുത്താം.

ദാമ്പത്യത്തിന്റെ അടിസ്ഥാന സ്വഭാവമാണ് പാരസ്പര്യം. പ്രശ്നങ്ങൾ ഉണ്ടാവാനുള്ള കാരണം ആരാണ്, കൂടുതൽ കുറ്റം ആർക്കാണ്, മാറ്റം വരേണ്ടത് ആർക്കാണ് തുടങ്ങിയ ചോദ്യങ്ങൾ ദാമ്പത്യജീവിതത്തിൽ അപ്രസക്തമാണ്. കോഴിയാണോ കോഴി മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് കുട്ടികൾ കലഹിക്കുന്ന പോലെയാണത്. ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും നിരന്തരം പരസ്പരം രൂപപ്പെടുത്തുന്നു. പണ്ടൊരിക്കൽ ഉത്സവസമയത്ത് രാജാവ് ആഘോഷമായി ആനപ്പുറത്ത് കയറിയപ്പോൾ ജനങ്ങൾ പെട്ടെന്ന് നിശബ്ദരായി. താൻ ഇരുന്നത് പുറംതിരിഞ്ഞ് ആനയുടെ വാലിന് അഭിമുഖമായിട്ടാണ് എന്നു തിരിച്ചറിഞ്ഞ രാജാവ്, ശബ്ദമുയർത്തി ആജ്ഞാപിച്ചു: "ആരവിടെ. ആന തിരിയട്ടെ!"  പാപ്പാൻ ആനയെ തിരിച്ചു നിർത്തി. ആനയുടെ വാൽ അപ്പോഴും തന്റെ മുമ്പിലാണ് എന്ന് കണ്ട രാജാവ്  വീണ്ടും ആജ്ഞാപിച്ചു: "ആരവിടെ. ആന വീണ്ടും തിരിയട്ടെ". വ്യക്തിപരമായ സ്വഭാവ പ്രശ്നങ്ങളും വൈകാരിക ബുദ്ധിമുട്ടുകളും ദമ്പതികളിൽ ഒരാൾക്ക് ഉണ്ടെങ്കിൽ തന്നെ, അയാളെ ശരിയാക്കുക എന്ന ഉദ്ദേശത്തോടെ അല്ല, മറിച്ച്, ദാമ്പത്യബന്ധത്തിന്റെ പാരസ്പര്യ സ്വഭാവം രണ്ടുപേരും തിരിച്ചറിഞ്ഞ് പരസ്പരം ഇടപെടുന്ന രീതിയിൽ മാറ്റം വരുത്താനാണ് കപ്പിൾ തെറാപ്പിയിൽ ശ്രമിക്കുന്നത്. അതായത്, വ്യക്തികൾക്ക് എന്നതിനേക്കാൾ കപ്പിൾ സിസ്റ്റത്തിന് മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. തുടർന്നും പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനുള്ള വാക്സിനേഷൻ ആണിത്.

ദാമ്പത്യപ്രശ്നങ്ങൾ പെട്ടെന്നൊരു ദിവസം ഉണ്ടാവുന്നതല്ല. വിവാഹത്തിന്റെ ആദ്യവർഷത്തിൽ തന്നെ വിയോജിപ്പിന്റെ വിത്തുകൾ മുളപൊട്ടുന്നത് കാണാം. ഇതാണ് സ്റ്റേജ് വൺ. അത് വളർന്ന് പ്രശ്നങ്ങൾ ഉണ്ടാവുന്നത് സ്റ്റേജ് ടൂ. പ്രശ്നങ്ങൾ ഗൗരവമായി മാറി ദാമ്പത്യബന്ധം വഷളാകുന്നത് സ്റ്റേജ് ത്രീ. ഒരു വേർപിരിയൽ രണ്ടുപേർക്കും ആശ്വാസമാകുമെന്ന സാഹചര്യം സ്റ്റേജ് ഫോർ. പലപ്പോഴും സ്റ്റേജ് ത്രീ ആകുന്നതുവരെ പ്രൊഫഷണൽ സഹായം തേടാൻ മടിക്കുന്നു. ശാരീരിക പ്രശ്നങ്ങളിൽ എന്നപോലെ, വൈകാതെയുള്ള പരിഹാരം തേടലാണ് ഏറ്റവും നല്ല പരിഹാരം.

ദാമ്പത്യ ജീവിതം തുടങ്ങുമ്പോൾ തന്നെ നല്ല കുറേ ശീലങ്ങൾ  രൂപീകരിക്കുന്നത് ജീവിതം  ഉരസലും വിള്ളലും ഇല്ലാതെ സുരക്ഷിതമായി കൊണ്ടുപോകാൻ നല്ലതാണ്. അതായത്, സ്റ്റേജ് വൺ വാക്സിനേഷന് ഏറ്റവും പറ്റിയ സമയമാണ്. വിജയകരമായ ദാമ്പത്യത്തിനുള്ള 10 പ്രതിരോധ നിർദ്ദേശങ്ങൾ നൽകാം.

1. ജീവിതപങ്കാളികൾക്കിടയിൽ ഒരു നല്ല മെന്റർ തീർച്ചയായും വേണം. പ്രശ്നങ്ങൾ ഉണ്ടായ ശേഷം പരിഹരിക്കാൻ എന്നതിനേക്കാൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. കപ്പിൾ കൗൺസിലിംഗിൽ  പ്രാവീണ്യമുള്ള സൈക്കോളജിസ്റ്റ് ആണെങ്കിൽ കൂടുതൽ നന്ന്. സാധിക്കുമെങ്കിൽ മാസത്തിൽ ഒന്നോ, കുറഞ്ഞത് മൂന്നു മാസത്തിൽ ഒന്നോ തവണ ഒരു പങ്കുവെയ്ക്കൽ, ഒരു അവലോകനം, ഒരു സഹായം തേടൽ മുടക്കം കൂടാതെ നടത്തുന്നത് നല്ലതായിരിക്കും.

2. ദമ്പതികൾ പരസ്പരം എല്ലാം പങ്കുവയ്ക്കുന്നവരും എല്ലാം പങ്കുവെയ്ക്കുവാൻ പരസ്പരം സഹായിക്കുന്നവരും ആവുക. അതായത്, പരസ്പരമുള്ള ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ആഗ്രഹങ്ങളും ശൈലികളും രീതികളും എല്ലാം പറഞ്ഞു മനസ്സിലാക്കാനും കേട്ടു മനസ്സിലാക്കാനും പരസ്പരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന്, കിടക്കയിൽ സ്നേഹം പങ്കിടുമ്പോൾ ഇഷ്ടങ്ങൾ ചോദിച്ചറിയുകയും തുറന്നുപറയുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. രതിയുടെ നേരത്തും അതിനു മുൻപും പിൻപും പരസ്പരം സംസാരിക്കുക എന്നത് ദമ്പതികൾക്ക് സ്വാഭാവികമായി കഴിഞ്ഞില്ലെന്നു വരാം. മൗനത്തിന്റെ മറ നീക്കാനും ഉചിതമായ സംഭാഷണം വളർത്തിയെടുക്കാനും ഗൈഡൻസ് സഹായിക്കും.

3. സമയം ചിലവഴിക്കുക എന്ന പരസ്പരമുള്ള പ്രധാന ഇൻവെസ്റ്റ്മെന്റ് ധാരാളം ഫലം നൽകും.  ഉദാഹരണത്തിന്, ദിവസവും അത്താഴ ശേഷം 20 മിനിറ്റ് നടക്കുക. അപ്പോൾ എല്ലാ കാര്യങ്ങളും പരസ്പരം കേൾക്കുക. അല്ലെങ്കിൽ, ബെഡ് ടൈമിന് ഒരുമിച്ചു വന്ന് അല്പം സംസാരിച്ച ശേഷം മാത്രം ഉറങ്ങുന്നത് ശീലമാക്കാം. (ഓർക്കുക. കുട്ടികളെ ശരിയായ പ്രായത്തിൽ അവരുടെ ബെഡ്റൂമുകളിലേക്ക് മാറ്റുക എന്നത് കുട്ടികൾക്കും ദമ്പതികൾക്കും ഒന്നുപോലെ ആവശ്യമാണ്.) അതുപോലെ, മൂന്നുമാസത്തിലൊരിക്കൽഒരു ദിവസത്തേക്കെങ്കിലും നീളുന്ന ഒരു ഹണിമൂൺ ട്രിപ്പ് ദമ്പതികൾ മാത്രമായി ആസ്വദിക്കാൻ സമയം കണ്ടെത്തുന്നത് ഒത്തിരിയേറെ സഹായകമാണ്.

4. ആഴ്ചയിൽ ഒരു ദിവസമെങ്കിലും  രണ്ടുപേരും ചേർന്ന് ഒരു ഹൃസ്വ അവലോകനത്തിന് സമയം കണ്ടെത്തുകയും ആ സമയത്ത് പരസ്പരം  മറ്റേയാളിൽ താൻ കണ്ടെത്തിയിട്ടുള്ള നല്ല പ്രവൃത്തികളുടെയും തനിക്ക് ഇഷ്ടമായി തോന്നിയിട്ടുള്ള നല്ല ഗുണങ്ങളുടെയും ഒരു ലിസ്റ്റ് രൂപപ്പെടുത്തി പരസ്പരം കൈമാറുകയും ഒരുമിച്ചിരുന്ന് വായിക്കുകയും അതെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും ചെയ്യണം.

5. ആരോഗ്യകരമായ ദാമ്പത്യത്തിനു തുറന്നു പറച്ചിലുകൾ അത്യാവശ്യമാണ്. ജോലിസ്ഥലത്തോ സോഷ്യൽ മീഡിയയിലോ മറ്റൊരാൾക്ക് നിങ്ങളോടോ നിങ്ങൾക്ക് മറ്റൊരാളോടോ ആകർഷണം തോന്നുക സ്വാഭാവികമാണ്. എന്നാൽ, അത് വളർന്ന് വഷളാകാതിരിക്കാൻ, മൂന്നാമത് ആരോടും പറയാതെ, ജീവിതപങ്കാളിയോട് തന്നെ ഷെയർ ചെയ്യുന്നതാണ് വാക്സിനേഷൻ. അങ്ങനെയൊന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത തിരിച്ചും പങ്കുവയ്ക്കുകയും ഇരുവരും പരസ്പരം ഉൾക്കൊള്ളുകയും വേണം. (എന്നാൽ രോഗാതുരമായ സംശയം പരിഹരിക്കാൻ വൈകാതെയുള്ള ചികിത്സ ആവശ്യമാണ്.) വ്യക്തിപരമായ ഇത്തരം പങ്കുവെക്കലിനുള്ള സമയവും സ്ഥലങ്ങളും  ജീവിത ശൈലിയുടെ  ഭാഗമാക്കണം.  ഒരു തുറന്ന പുസ്തകം പോലൊരു ദിനം മാസത്തിലൊരിക്കൽ ഉണ്ടായിരിക്കണം.  ചില സാഹചര്യങ്ങളിൽ രണ്ടു പേർക്കിടയിൽ തീരുന്നില്ലെങ്കിൽ മെന്ററിന്റെയോ കൗൺസിലറിന്റെയോ ഇടപെടൽ എത്രയും പെട്ടെന്ന് തേടുക.

6. ആധുനിക ജീവിതശൈലിയും സോഷ്യൽ മീഡിയയുടെ അനിവാര്യതയും ദാമ്പത്യത്തിൽ വിള്ളലുകൾ വരുത്താതിരിക്കാൻ ജീവിതപങ്കാളിക്കായി പരസ്പരം മാറ്റിവയ്ക്കുന്ന സമയത്ത് സാമൂഹ്യ മാധ്യമങ്ങൾ ഒഴിവാക്കണം. ഇതിന്, ഒരുമിച്ചുള്ള തീരുമാനം ആവശ്യമാണ്. ഒരുമിച്ചുള്ള മാധ്യമ ഉപയോഗവും ഫലപ്രദമാണ്. 

7. വിവാഹത്തോടെ ഭാര്യയും ഭർത്താവും ചേർന്ന് പുതിയ കുടുംബം രൂപപ്പെടുന്നു. മാതൃകുടുംബത്തിൽ നിന്നും പുതിയ കുടുംബത്തിലേക്ക് മനസ്സുകൊണ്ട് മാറുക പ്രധാനമാണ്. മാതൃ കുടുംബത്തോടുള്ള അടുപ്പത്തെ പരസ്പരം ബഹുമാനിക്കുകയും, ആരോഗ്യകരമായ അകലം പാലിക്കാൻ സ്വയം ശ്രദ്ധിക്കുകയും വേണം

8. തുറന്നു സംസാരിക്കേണ്ട പ്രധാനപ്പെട്ട മേഖലയാണ് സാമ്പത്തിക വിഷയം. സുതാര്യതയും ഒരുമിച്ചുള്ള തീരുമാനങ്ങളും വളരെ പ്രധാനമാണ്.

9 ചുരുക്കത്തിൽ, ദമ്പതികൾ പരസ്പരം എല്ലാം സംസാരിക്കുക. വ്യക്തിപരമായ അസ്വസ്ഥതകൾ, ആകുലതകൾ, ലൈംഗിക അസ്വസ്ഥതകൾ,  ഭയങ്ങൾ, ജോലി സംബന്ധമായ പ്രശ്നങ്ങൾ, നേട്ടങ്ങൾ സുഹൃത്ബന്ധങ്ങൾ, ഇടപെടലുകൾ, സുഹൃത് വലയങ്ങളുടെ പരിധികൾ, യാത്രകൾ, സഹപ്രവർത്തകരുടെ പെരുമാറ്റങ്ങൾ, ചിലവ് കണക്കുകൾ, വരവ് കണക്കുകൾ, മറ്റു ബാധ്യതകൾ, രണ്ടുപേരുടെയും കുടുംബങ്ങളുടെ പശ്ചാത്തലം, മാതൃകുടുംബത്തെ സഹായിക്കാൻ ബാധ്യസ്ഥരെങ്കിൽ അതിന് പരസ്പരം എടുക്കുന്ന തീരുമാനങ്ങൾ, കുട്ടികളെ കുറിച്ചുള്ള തീരുമാനങ്ങൾ,  തുടങ്ങിയ എല്ലാ കാര്യങ്ങളിലും ദമ്പതികൾ മാത്രം ഇരുന്ന്  പരസ്പരം കേൾക്കുകയും ഒരുമിച്ച് തീരുമാനിക്കുകയും വേണം.

10 അവസാനമായി ഒരു കഥ. ദേവകുമാരി രാജകുമാരനെ പ്രണയിച്ചു. അവനോടൊപ്പം ജീവിക്കാനായി അവൾ സ്വർഗ്ഗം ഉപേക്ഷിക്കാൻ തീരുമാനിച്ചു. സ്വർഗ്ഗത്തോട് യാത്ര പറഞ്ഞു തിരികെ വന്നപ്പോൾ, അവൾ ഒരു ചെപ്പ് അവന് സമ്മാനിച്ചു.   ആകാംക്ഷയോടെ തുറന്നുനോക്കിയപ്പോൾ, ശൂന്യമായ ചെപ്പു കണ്ട് അവനത് ദേഷ്യത്തോടെ വലിച്ചെറിഞ്ഞു. അവൾ വേദനയോടെ പറഞ്ഞു: എനിക്കേറ്റവും പ്രിയപ്പെട്ട ആകാശത്തിന്റെ ഒരു ഭാഗം ചെപ്പിൽ ആക്കി ഞാൻ നിനക്ക് സമ്മാനിച്ചതാണ്. തന്റെ ആകാശം അവനു ശൂന്യതയാണ് എന്ന് തിരിച്ചറിഞ്ഞ്, അവൾ കരഞ്ഞു കൊണ്ട് സ്വർഗ്ഗത്തിലേക്ക് മടങ്ങി. സ്വന്തം ധാരണകളും കാഴ്ചപ്പാടുകളും മാറ്റിവെച്ച്, " ഞാൻ നിന്റെ കണ്ണിലൂടെ എല്ലാം കാണാൻ തുടങ്ങാം" എന്ന് പരസ്പരം പറയുന്നിടത്താണ് ദാമ്പത്യം മനോഹരമാകുന്നത്.

സ്വന്തം വാഹനത്തെ സഖിയെ പോലെ സ്നേഹിക്കുന്നവരുണ്ട്. ചിലർ വാഹനത്തിന്റെ കിടപ്പും ഞരക്കങ്ങളും അപകടസൂചനയായെടുത്ത് സർവീസ് ചെയ്യാൻ നിശ്ചയിക്കുന്നു. ചിലരാകട്ടെ, വാഹനം ഇനി ഒരുപക്ഷേ മുന്നോട്ട് ഓടില്ല എന്നാകുമ്പോഴാണ് റിപ്പയർ ചെയ്യുക. ഇനിയും ചിലർ സമയാസമയങ്ങളിൽ നിശ്ചിതദൂരത്തിനു ശേഷം വാഹനം സർവീസ് ചെയ്യുന്നു. അവരുടെ വാഹനമാകട്ടെ എന്നും പുതിയത് പോലെയാണ്. ചില ദമ്പതികളും അങ്ങനെതന്നെ. എന്നും നവ വധൂവരൻമാരെ പോലെ. റെഗുലർ സർവീസ് നല്ലതാണ്.

Dr Fr Rajeev Michael OCD
Dr Sr Roshin Kunnel SVC