Blog

Focusing too much on Full A+



ഫുൾ എ പ്ലസ് എന്ന അമിത ഫോക്കസ്

കേരളത്തിന്റെ ഈ വർഷത്തെ പത്താം ക്ലാസ് വിജയ ശതമാനം ചരിത്ര വിജയമായി പ്രഖ്യാപിച്ചു. കോവിഡ് വിഴുങ്ങിയ അധ്യയന കാലത്തിനൊടുവിൽ വന്ന പരീക്ഷാഫലം നിരവധി കുട്ടികൾക്ക്  ആശ്വാസമായിരിക്കാം. വിജയശതമാനം കൂടുമ്പോൾ വിജയമൂല്യം കുറയുമെന്നതും ഫലം എളുപ്പമാകുമ്പോൾ പ്രയത്നം കുറയുമെന്നതും ധാരാളം ചർച്ചയായി. ട്രോളുകൾ അത് ആഘോഷമാക്കി.

ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഒരു അധ്യയന കാലത്തിന്റെ നഷ്ടപ്പെട്ട നല്ല നാളുകളും, ഇല്ലാതെപോയ രസകരമായ ക്‌ളാസ്സ്‌റൂം പഠന രീതികളും, സഹപാഠികളോട് ഒത്തുള്ള നല്ല സമയങ്ങളും, ഒരേ പ്രായക്കാർ ഒത്തൊരുമിച്ചുള്ള ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളും..., അവയ്‌ക്കെല്ലാം പകരം, വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ മൊബൈൽ സ്ക്രീനിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തവിധം ഒരു സ്ട്രെസ് ഫുൾ അക്കാഡമിക് വർഷത്തിലൂടെ കടന്നുപോയതിന് അവർക്കു കിട്ടിയ പാരിതോഷികം പോലെയാണ് ഈ ചരിത്രവിജയം. സ്വന്തം കഴിവ് ശെരിയായി അളക്കാൻ അവർക്ക് ഒരു അവസരം നഷ്ടമായി. അവരിൽ അമിത ആത്മവിശ്വാസവും ലാഘവബുദ്ധിയും ജനിപ്പിക്കാൻ ഈ റിസൾട്ട് കാരണമായില്ലെങ്കിൽ നന്ന്.  

എല്ലാ വിഷയങ്ങളിലും നന്നായി perform ചെയ്തവരും ആ കുട്ടികളെ സഹായിച്ചവരും വലിയ അഭിനന്ദനമർഹിക്കുന്നു. എന്നാൽ ഫുൾ എ പ്ലസ് എന്ന ആശയം ഗുണത്തേക്കാൾ ദോഷകരമാണ്. എല്ലാ വിഷയങ്ങളിലും ഒന്നുപോലെ നന്നായി പെർഫോം ചെയ്യുക എന്നതാണല്ലോ full A plus. ചില കുട്ടികൾക്ക് അത് സാധിക്കുമെങ്കിൽ നന്ന്. എന്നാൽ എല്ലാവരും അതിനാണ് ശ്രമിക്കേണ്ടത് എന്ന ആശയം പ്രശ്നമാണ്. എല്ലാ വിഷയത്തിലും ഒരുവിധം നന്നാവാൻ ശ്രമിക്കുമ്പോൾ ഒരു വിഷയത്തിൽ വളരെ നന്നായി പെർഫോം ചെയ്യാനുള്ള സാധ്യത കുറയുന്നു. തനിക്ക് പ്രത്യേക കഴിവുള്ള വിഷയത്തിൽ excel ചെയ്യാനുള്ള പ്രചോദനം വഴിയാണല്ലോ ജീവിതത്തിൽ വലിയ വിജയങ്ങൾ ഉണ്ടാകുന്നത്.

നല്ല ബുദ്ധിമാനായ ഒരു കുട്ടിക്ക് ഐൻസ്റ്റീനിനെപ്പോലെ പഠന വൈകല്യം നിമിത്തം ഭാഷയ്ക്ക് മാർക്ക് കുറവാകാം. വളരേ ബുദ്ധിസാമർത്ഥ്യമുള്ള മറ്റൊരു കുട്ടിക്ക് ശ്രദ്ധക്കുറവ് (attentional deficit) നിമിത്തം ഒരുപാട് വായിച്ചു പഠിക്കാനുള്ള സോഷ്യൽ സയൻസ് പോലുള്ള വിഷയങ്ങളിൽ മാർക്ക് കുറഞ്ഞേക്കാം. അവരുടെ പ്രതിഭ ഫുൾ A പ്ലസ് കിട്ടാത്തതുകൊണ്ട് മങ്ങുന്നില്ല.

ഫുൾ എ പ്ലസിന് കൊടുക്കുന്ന അമിത പ്രാധാന്യം നിമിത്തം  ഭീതിയാണ്, റിസൾട്ട്‌ വന്നതിന്റെ അടുത്ത ദിവസം മരണ വാർത്തകൾ വർദ്ധിക്കുമോ എന്ന്. ഫുൾ എ പ്ലസിന് പകരം, ടോട്ടൽ ഗ്രേഡിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെങ്കിൽ, ചില വിഷയങ്ങളിലെ മാർക്ക് കുറവിനെ മറ്റു വിഷയങ്ങളിലെ അധിക ശ്രമം കൊണ്ട് പരിഹരിക്കാൻ പ്രേരണയാകുമായിരുന്നു. ഉദാഹരണത്തിന്, ഭാഷയിലെ പോരായ്മയെ ബാലൻസ് ചെയ്യാൻ സയൻസിൽ കൂടുതൽ നന്നായി പെർഫോം ചെയ്യാനുള്ള പ്രേരണയാകും. അമിത മാത്സര്യം എന്ന പ്രശ്നം ഒഴിവാക്കാനല്ലേ ഗ്രേഡിങ് സിസ്റ്റം കൊണ്ടുവന്നത്? ഫുൾ എ പ്ലസിനു കൊടുക്കുന്ന അമിതപ്രാധാന്യം ഈ ഉദ്ദേശ്യം ഇല്ലാതാക്കുന്നു.

പരീക്ഷയില്‍ A+ കിട്ടിയ ഒരു കുട്ടിയോട്  അപ്പൻ പറഞ്ഞു: "A+ നല്ലതുതന്നെ. എന്നാല്‍ നിന്റെ ഭാഗത്തുനിന്ന് ഏറ്റവും നല്ല പരിശ്രമം നടത്തിയെന്നതാണ് കൂടുതല്‍ പ്രധാനം." പിന്നീടൊരിക്കല്‍ മറ്റൊരു വിഷയത്തിന് ‘B’  കിട്ടിയപ്പോഴും അയാള്‍ പറഞ്ഞു: "B നല്ലതുതന്നെ. നിന്റെ  ഭാഗത്തുനിന്ന് നല്ല ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍ അതാണ് കൂടുതല്‍ പ്രധാനം." ആയിരിക്കുന്നതിനേക്കാള്‍ ആയിത്തീരേണ്ടതിന് അമിതമായ പ്രാധാന്യം കൊടുക്കുന്ന നമ്മുടെ പാഠ്യരീതിയില്‍ "ഫല"ത്തിനാണ് മാർക്ക്  കിട്ടുന്നത്, കർമത്തിനല്ല. മറിച്ച്, പഠനവും ക്ലാസ്സുമുറിയും അറിവുനേടുന്ന സമയങ്ങളും മാർഗ്ഗങ്ങളുമെല്ലാം അതിൽത്തന്നെ ആസ്വാദ്യവും അർത്ഥപൂർണ്ണവുമായി കുട്ടികൾക്ക്  അനുഭവപ്പെടണം.

ഒരു കുട്ടിയുടെ ആത്മവിശ്വാസത്തെ വളർത്താൻ സഹായിക്കുന്നത് നന്നായി പെർഫോം ചെയ്യുന്ന വിഷയങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കുമ്പോഴാണ്. ഫുൾ എ പ്ലസ് എന്ന ആശയം നിമിത്തം ഏറ്റവും പിന്നിലുള്ള വിഷയത്തിലേക്ക്  അധ്യാപകരും മാതാപിതാക്കളും കൂടുതൽ ഫോക്കസ് ചെയ്യുന്നു. ഓരോ കുട്ടിയുടെയും മൂല്യം തന്റെ പോരായ്മകളുടെ അടിസ്ഥാനത്തിലല്ല, മേന്മകളുടെ അടിസ്ഥാനത്തിലാവണം അളക്കപ്പെടേണ്ടത്.

എല്ലാ വിഷയത്തിലും എക്സൽ ചെയ്യുന്നത് നല്ലതുതന്നെ. എന്നാൽ ചില വിഷയങ്ങളിൽ കൂടുതൽ എക്സൽ ചെയ്യാൻ സാധിക്കുന്നതാണ് ജീവിത വിജയത്തിന് കൂടുതൽ അഭികാമ്യം. ആയതിനാൽ, 9 എ പ്ലസും 8 എ പ്ലസും നല്ലൊരു റിസൾട്ട് തന്നെയാണ്. ഫുൾ എ പ്ലസ് കിട്ടാത്ത കുട്ടികൾ നിരാശപ്പെടരുത്, വിഷമിക്കരുത്. നിങ്ങൾക്ക് നല്ല വിജയത്തിൽ എത്താൻ ഇനിയും അവസരങ്ങൾ ഒത്തിരി ഉണ്ട്. വിജയവും പരാജയവും ഒന്നുപോലെ ലക്ഷ്യത്തിലേക്കെത്താനുള്ള ചവിട്ടുപടികൾ തന്നെയാണ്.

ഈ കൊറൊണാക്കാലത്ത് മാതാപിതാക്കളുടെ ഏറ്റവും വേദനാജനകമായ പരാതികൾ ഓൺലൈൻ മാധ്യമങ്ങളുടെ അധിക ഉപയോഗത്താൽ കുട്ടികളുടെ മാനസികാവസ്ഥയിലും സ്വഭാവത്തിലും കണ്ട് തുടങ്ങിയ മാറ്റങ്ങളും, സമയം ദുരുപയോഗം ചെയ്യുന്നതും, പഠനത്തിലെ ശ്രദ്ധയില്ലായ്മയും ആയിരുന്നു. അങ്ങനെ ഒരു യാഥാർത്ഥ്യം ഒരുവശത്ത് വളർന്ന് പന്തലിച്ചു നിൽകെ, വലിയവിജയമെന്ന അമിത പ്രശംസ ഇനിയും കുട്ടികളെ ആലസ്യത്തിലേക്ക് വീഴാൻ കാരണമാക്കാതിരിക്കട്ടെ. കോവിഡ് പാൻഡെമിക് ഉയർത്തുന്ന സ്‌ട്രെസിനിടയിൽ ആത്മവിശ്വാസത്തോടെ യുവ മനസുകൾക്ക് മുന്നേറാൻ ഈ നല്ല വിജയം കാരണമാകട്ടെ എന്ന് പ്രത്യാശിക്കാം.

 

Dr Sr Roshin Kunnel SVC

St Sebastian’s Hospital, Arthunkal

 

Dr Fr Rajeev Michael OCD

St Joseph’s Hospital, Manjummel