Blog

Growing up drug free



ലഹരിയിൽ മയങ്ങാത്ത കൗമാരം

സ്കൂൾ കഴിഞ്ഞ് ട്യൂഷന് പോകാൻ ഒമ്പതാം ക്ലാസുകാരൻ വഴിയിൽ ലിഫ്റ്റ് ചോദിച്ചു നിൽക്കുന്നു. ബുള്ളറ്റിൽ അതുവഴി വരുന്ന ചെറുപ്പക്കാരൻ നിർത്തുന്നു, അവന് ലിഫ്റ്റ് കൊടുക്കുന്നു. അടുത്തദിവസം അതേസമയം അയാൾ അവന്റെ മുമ്പിലെത്തുന്നു, ട്യൂഷൻ ക്ലാസിലേക്ക് ലിഫ്റ്റ് കൊടുക്കുന്നത് പതിവാക്കുന്നു. അവർക്കിടയിൽ ഒരു സൗഹൃദം വളരുന്നു. ഇടയ്ക്ക് മരത്തണലിൽ വണ്ടി നിർത്തി അവർ സംസാരിക്കുന്നു. അയാൾ സിഗരറ്റ് വലിക്കുമ്പോൾ അവന് ചോക്ലേറ്റ് നൽകുന്നു. പിന്നീടൊരിക്കൽ അയാൾ "വാ ഒരു സ്ഥലം കാണിച്ചു തരാം" എന്നുപറഞ്ഞ് അവനെ ഒഴിഞ്ഞ ഒരു സങ്കേതത്തിൽ കൊണ്ടുപോകുന്നു. അയാളുടെ ഗ്യാങിലുള്ളവർ  അവനെ നിർബന്ധപൂർവ്വം ലഹരിഗുളിക കഴിപ്പിക്കുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പറയുന്നു. പ്രതിരോധിക്കാൻ അറിയാതെ അവൻ ആ ഗ്യാങിന്റെ ഭാഗമാകുന്നു. സ്കൂളിൽ ലഹരി എത്തിക്കുന്ന കണ്ണിയായി മാറുന്നു... ലഹരി ബോധവല്ക്കരണത്തിന്റെ ഭാഗമായി മഞ്ഞുമ്മൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ Dr M.N. വെങ്കടേശ്വരൻ  തയ്യാറാക്കിയ ഒരു ഹ്രസ്വചിത്രത്തിന്റെ ആദ്യ ഭാഗമാണിത്.

കേരളത്തിലെ മുന്നൂറോളം സ്കൂളുകളെ ലഹരി ദുരുപയോഗം ബാധിച്ചിരിക്കുന്നുവെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ചത് കഴിഞ്ഞ മാസമാണ്. ലോക്ഡൗണിനു മുമ്പുണ്ടായിരുന്ന സാഹചര്യമാണ് സൂചന. ഓൺലൈൻ ക്ലാസുകൾ വന്നതോടെ പ്രശ്നം തീർന്നു എന്ന് വിചാരിക്കാൻ വരട്ടെ. കൂറിയറും സ്പീഡ് പോസ്റ്റും  വഴി സ്ക്രീൻ ചെയ്യാൻ പഴുതില്ലാതെ വലിയ അളവിൽ ലഹരി വസ്തുക്കൾ കേരളത്തിൽ എല്ലായിടത്തും എത്തുന്നുവെന്നാണ്  കോടതി നിരീക്ഷിച്ചത്. ഓൺലൈൻ യുഗത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച്, സുരക്ഷിതമായി, വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ, ഈച്ച പോലുമറിയാതെ, ലഹരി നമ്മുടെ കുട്ടികളുടെ കയ്യിലെത്തുന്നു.

കഥ തുടങ്ങിയിട്ട് എട്ടു വർഷമെങ്കിലുമായി. 2012 ലെയും 2013 ലെയും ന്യൂജൻ സിനിമകൾ ഓർക്കുന്നുണ്ടോ? "കിളി പോയി", "നീ കോ ഞാ ചാ", "ഇടുക്കി ഗോൾഡ്" തുടങ്ങിയ സിനിമകൾ പുകയിലയുടെയും മദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപയോഗം വളരെ പ്രകടമായും, എന്നാൽ തികച്ചും സാമാന്യമായും അവതരിപ്പിച്ചു. "കിളി പോയി" മലയാളത്തിലെ ആദ്യത്തെ സ്റ്റോണർ (cannabis) സിനിമയെന്നാണ് അറിയപ്പെടുന്നത്. ഏതാണ്ട് അതേ കാലത്ത് നമ്മുടെ സ്കൂൾ കുട്ടികൾക്കിടയിൽ പുകയിലയുടെയും കഞ്ചാവിന്റെയും ലഭ്യതയും ഉപയോഗവും വർദ്ധിക്കുന്നതായി വാർത്തകൾ വന്നു തുടങ്ങി. ലഹരി വസ്തുക്കൾ ഉപയോഗിച്ചു തുടങ്ങുന്ന പ്രായം 18 വയസ്സിൽ നിന്നും 13 വയസ്സായി കുറഞ്ഞു. എങ്കിലും കേരളസമൂഹം പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ട് സന്തോഷമായി ഉറങ്ങിയും ഉണർന്നും കഴിഞ്ഞു. "എന്റെ കുട്ടി വലിക്കില്ല", "ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് പ്രശ്നമില്ല", എന്ന രീതിയിൽ അജ്ഞത ഭാവിച്ചു. 2017-ൽ കൊച്ചിയിലെ പല സ്കൂളുകളിലും രണ്ട് കുട്ടികളിൽ ഒരാൾ smoking ചെയ്യുന്നുവെന്ന് അന്നത്തെ എക്സൈസ് കമ്മീഷണർ ഋഷിരാജ്സിങ് സർ പറഞ്ഞപ്പോൾ നമ്മൾ അവിശ്വസിച്ചു. കുട്ടികൾ വലിക്കുന്നത് പലപ്പോഴും പുകയിലയാവില്ല എന്നതും നമ്മൾ ഗൗരവമായി എടുത്തില്ല. ഇന്ന് നമ്മുടെ കുട്ടികളിൽ 10 ശതമാനത്തിലധികം സ്ഥിരമായി ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നു എന്ന അവസ്ഥയിൽ നമ്മൾ എത്തിനിൽക്കുന്നു. കുട്ടികളുടെ മുറികളിൽ പാർസലെത്തുന്നു.  പേരെന്റ്സ് അറിയുന്നില്ല. ഒരു കുട്ടി പറഞ്ഞതാണ്: "ഞാൻ കഴിഞ്ഞ മൂന്നുവർഷമായി മുറിയിൽ ദിവസവും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. വീട്ടിൽ ആരെയും അറിയിച്ചിട്ടില്ല".

"വീഡ് (കഞ്ചാവ്) നല്ലതാണ്. അത് തികച്ചും ഹെർബൽ (ഒരു ഔഷധസസ്യം) ആണ്." എന്ന Yes ഓർ No ചോദ്യത്തിന് 8%  ത്തോളം ഹയർസെക്കൻഡറി കുട്ടികൾ Yes എന്ന് ഉത്തരം നൽകി. എറണാകുളത്തെ ചില സ്കൂളുകളിൽ ഞങ്ങൾ നടത്തിയ പഠനത്തിൽ 16-17 വയസ്സുകാരിൽ 8 ശതമാനം കുട്ടികൾ പുകയിലയോടും കഞ്ചാവിനോടും താല്പര്യമുണ്ട് എന്നു പ്രതികരിച്ചു. ലഹരി മനസ്സിലെ ടെൻഷൻ കുറയ്ക്കുമെന്നും, ആരോഗ്യത്തെ ബാധിക്കില്ല എന്നും, "സ്റ്റഫ്" എടുത്തിട്ട് വണ്ടിയോടിക്കുന്നതിൽ റിസ്ക് ഇല്ല എന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. ഗൂഗിളിലും സോഷ്യൽ മീഡിയയിലും ഇത്തരം ധാരണകൾ വളരെ ശക്തമായി കാണാം. കൗമാരക്കാരെ സ്വാധീനിക്കുന്ന ഇത്തരം സ്പേസിൽ ശാസ്ത്രീയമായ അറിവുകളും ചർച്ചകളും എത്താറില്ല.

വൈകാരിക പ്രശ്നങ്ങൾക്ക് ഡോക്ടർ നൽകിയ മരുന്ന് നിരസിച്ചുകൊണ്ട് കുട്ടി പറഞ്ഞത് ഇങ്ങനെ: "മരുന്നു കഴിച്ചു മാനസികരോഗിയാകുന്നതിനേക്കാൾ നല്ലതാണ് കഞ്ചാവ് കഴിച്ച് സമാധാനത്തിൽ കഴിയുന്നത്". മറ്റൊരു കുട്ടി പറഞ്ഞു: "വീട്ടിലെ അസ്വസ്ഥതകളിൽ നിന്നുള്ള മോചനം ഇതാണ്: മുറിയിൽ കയറി ‘സ്റ്റഫ്’ എടുക്കുന്നതോടെ ആശ്വാസമാകും".

ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടും (attention deficit) ചിന്തകൾക്ക് വേഗക്കൂടുതലും (racing thoughts) അനുഭവിക്കുന്ന ചില കുട്ടികൾ, ശ്രദ്ധ/ ഫോക്കസ് കൂട്ടാനും ചിന്തകൾ മെല്ലെയാക്കാനും ‘സ്റ്റഫ്’ എടുക്കുന്നത്  സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹ്രസ്വകാലത്തേക്ക് ശരിയായി തോന്നാമെങ്കിലും, പിന്നീട് വിപരീതഫലങ്ങൾ ഉണ്ടാക്കുന്നു. ടെൻഷൻ മാറ്റാൻ പുകയില ഉപയോഗിക്കുന്നവർക്കും ആദ്യമൊക്കെ കൊള്ളാമെന്ന് തോന്നുമെങ്കിലും, പിന്നീട് പുകയിലതന്നെ ബ്രെയിൻ നാഡീവ്യൂഹത്തെ കൂടുതൽ പിരിമുറുക്കത്തിലാക്കുകയും, smoking ചെയ്യുമ്പോൾ മാത്രം കുറച്ചുനേരത്തേക്ക് ആശ്വാസം നൽകുകയും, അങ്ങനെ മനസ്സ് പുകയിലയെ ചുറ്റിക്കറങ്ങുന്നവിധം വിഷമവൃത്തത്തിലാവുകയും ചെയ്യുന്നു. ഹ്രസ്വകാലത്തേക്ക് കിട്ടുന്നതായി കരുതുന്ന ഗുണഫലങ്ങൾ യഥാർത്ഥത്തിൽ വലിയ പ്രശ്നത്തിൽ എത്തിക്കുന്നു.

മദ്യത്തെക്കുറിച്ചുമുണ്ട് ഇത്തരം മിത്തുകൾ. ഉദാഹരണത്തിന്, വിശപ്പും ഉറക്കവും കിട്ടാൻ മദ്യം ഉപയോഗിച്ച് ശീലിക്കുന്ന ചിലർക്ക്‌ മദ്യം നിമിത്തം വിശപ്പ് ഇല്ലാതാകുകയും ഉറക്കത്തിന്റെ ക്വാളിറ്റി നഷ്ടപ്പെടുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് നല്ലതാണെന്നു കരുതി മദ്യം ഉപയോഗിക്കുന്ന ചിലർക്ക് മദ്യം നിമിത്തം രക്തക്കുഴലിന് കട്ടപിടിച്ച് ഹൃദയസ്തംഭനം ഉണ്ടാകുന്നു. തണുപ്പകറ്റാൻ മദ്യം നല്ലതാണ് എന്നു കരുതുന്നവർ, അതിശൈത്യം ഉള്ളപ്പോൾ മദ്യപിക്കുന്നത് മരണകാരണമാകാം എന്നും അറിയണം. പട്ടാളക്കാർക്ക് മദ്യം ധാരാളം ലഭ്യമാണെങ്കിലും, തണുപ്പത്ത് ടോപ് സ്റ്റേഷനിൽ മദ്യം അനുവദിക്കാത്തത് ഈ ശാസ്ത്രീയ കാരണം നിമിത്തമാണ്. നല്ല ‘ആണത്ത’മുള്ള കൂട്ടുകാരെപ്പോലെ maacho ആകണമെന്നു കരുതി പുകവലിക്കുന്ന പയ്യൻ അറിയേണ്ടത്, പുകവലിയും മദ്യപാനവും ലൈംഗികശേഷി കുറയ്ക്കുമ്പോൾ എങ്ങിനെയാണ് ആണത്തം വർദ്ധിക്കുന്നത് എന്നാണ്. പുകയിലയിലെ ലഹരിവസ്തുവായ നിക്കോട്ടിൻ ഒരു സിഗരറ്റിൽ 12mg എന്ന തോതിലാണ്. ഇത് ശരീരം ഉൽപാദിപ്പിക്കുന്ന ഡോപമിന്റെ അളവിനെ വെല്ലുന്നതാണ്. നമ്മുടെ ‘ഹാപ്പി ഹോർമോ’ണായ ഡോപമിനെ മറികടന്ന് നിക്കോട്ടിൻ നമ്മുടെ സ്വാഭാവിക സുഖങ്ങളെ ഭരിക്കുന്നതിനാലാണ് വിശപ്പും ലൈംഗിക താല്പര്യവും മറ്റും കുറയുന്നത്.

സത്യത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമുണ്ടോ? കഞ്ചാവ് താരതമ്യേനെ തീവ്രത കുറഞ്ഞ ലഹരിവസ്തുവാണ്. അത് കാര്യമായ ശാരീരിക പരാധീനത (dependency) ഉണ്ടാക്കുന്നില്ല. ട്യൂബാക്കോയും വീഡും ചേർത്ത് തയ്യാറാക്കുന്നതിനാലാണ് "ജോയിന്റ്" ഡിപെൻഡൻസി ഉണ്ടാക്കുന്നത്. ഏതായാലും ‘വീഡ്’  മാരകമായ, delirium പോലുള്ള ആരോഗ്യപ്രശ്നങ്ങൾ  ഉണ്ടാക്കുന്നില്ല. കഞ്ചാവ്  പ്രശ്നക്കാരനല്ല എന്ന്  കുട്ടികൾ പറയുന്നതിന്  പിന്നിലെ കാരണം ഇതാണ്. എന്നാൽ, ഇളം പ്രായത്തിലേ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങുന്ന കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നു, മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള സാധ്യത കൂടുന്നു, മാനസിക രോഗങ്ങൾക്ക്, പ്രത്യേകിച്ച് സൈക്കോസിസിനു സാധ്യത കൂടുന്നു, ബൗദ്ധിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു, വാഹനാപകടത്തിനും കുറ്റകൃത്യങ്ങൾക്കും ആത്മഹത്യാപ്രവണതയ്ക്കും സാധ്യതയേറുന്നു. വെറുതെ ഒരു രസത്തിനു തുടങ്ങിയത് വിചാരിച്ചിട്ടും മാറ്റാൻ പറ്റാത്ത ഊരാക്കുടുക്കാകുന്നു.

കൗമാരത്തിൽ ലഹരി ഉപയോഗിക്കുന്നത് അത്ര പ്രശ്നമാണോ? കുട്ടികൾ എല്ലാം അറിഞ്ഞു വളരട്ടെ എന്ന് കരുതാമോ? കൗമാരത്തിലെ മൂന്നിലൊന്നു മരണത്തിനു കാരണം ലഹരി (tobacco, alcohol, or other drugs) ഉപയോഗം നിമിത്തമുള്ള റോഡപകടമാണ്. എങ്കിലും, ടീനേജർ എല്ലാത്തരം ലഹരി ഉപയോഗവും ഒഴിവാക്കണം എന്ന് പറയാൻ പ്രധാന കാരണം അതല്ല. കൗമാരത്തിൽ ഓരോ വർഷം നേരത്തെ ലഹരി ഉപയോഗിച്ചു തുടങ്ങുമ്പോൾ, ഭാവിയിൽ ആസക്തിരോഗം (dependence syndrome) ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയായി കൂടുന്നു. അതായത്, 16 വയസ്സിൽ ആദ്യമായി ലഹരി ഉപയോഗിക്കുന്ന കുട്ടിയേക്കാൾ ഇരട്ടി risk ആണ് 15 വയസ്സിൽ ആദ്യമായി ഉപയോഗിക്കുന്ന കുട്ടിക്ക്. ഇളംപ്രായത്തിലെ ലഹരി ഉപയോഗം നിമിത്തം വളരുന്ന ബ്രെയിൻ പ്രശ്നത്തിലാകുന്നു. മറിച്ച്, ആദ്യമായി ഉപയോഗിച്ച് തുടങ്ങാൻ ഓരോ വർഷം വൈകിക്കുമ്പോഴും, റിസ്ക് പകുതിയായി കുറയുന്നു. കുട്ടികൾ സംരക്ഷിക്കപ്പെടണം.

നമ്മുടെ 12-17 വയസ്സുള്ള കുട്ടികൾ അറിയുന്ന ലഹരിയുടെ ലോകം 38-45 വയസ്സുള്ള പേരെന്റ്സിനു പരിചിതമല്ല. ഒമ്പതാം ക്ലാസ്സിലെ കുട്ടി പുകവലിക്കുന്നു എന്ന് കേൾക്കുമ്പോൾ, സാധാരണ പുകയില ആയിരിക്കില്ല വലിക്കുന്നതെന്ന് ഇന്ന് മാതാപിതാക്കൾക്ക് കുറെയൊക്കെ അറിയാം. എന്നാൽ, പ്ലസ് ടു വിദ്യാർത്ഥി കുറച്ചു കാലമായി കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് കേൾക്കുമ്പോൾ കഞ്ചാവ് മാത്രമായിരിക്കില്ല ഉപയോഗിക്കുന്നത് എന്ന് മാതാപിതാക്കൾ അറിയുന്നില്ല. 'എന്റെ കുട്ടി അങ്ങനെയൊന്നും ചെയ്യില്ല' എന്ന അമിത വിശ്വാസം ഗുണകരമല്ല. കുട്ടികൾ ഉപയോഗിക്കാൻ ഇടയുള്ള ലഹരി വസ്തുക്കളെക്കുറിച്ച് മാതാപിതാക്കൾക്ക് അജ്ഞത പാടില്ല. അവരോടൊപ്പം വളരണം എന്നാണല്ലോ.

ലഹരി വസ്തുക്കൾക്ക്‌ ധാരാളം കളിപ്പേരുകളുണ്ട് - വീഡ്, പോട്ട്, പുല്ല്, സ്റ്റഫ്, ജോയിന്റ്, സ്വാമി, ഡൂപ്, ഗുരു, ഗഞ്ച എന്നിവയെല്ലാം കഞ്ചാവിന്റെ ഓമനപ്പേരുകളാണ്. Tetrahydro-cannabinol (THC) എന്ന രാസപദാർത്ഥമാണ് കഞ്ചാവിന് തീവ്രത കൂട്ടുന്നത്. സ്ഥിരമായി കഞ്ചാവ്  ഉപയോഗിക്കുന്നവരിൽ വിവരങ്ങളെ വിശകലനം ചെയ്യുന്ന വേഗത, ചലിക്കുന്ന വസ്തുക്കളെ ട്രാക്ക് ചെയ്യാനുള്ള കഴിവ്, പ്രതികരിക്കാൻ എടുക്കുന്ന സമയം (reaction time) തുടങ്ങിയ ബൗദ്ധിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. വാഹന അപകടത്തിന് സാധ്യത വർധിക്കുന്നത് ഇതിനാലാണ്. ഊതിക്കുമ്പോൾ മദ്യത്തിന്റെ അളവ് അറിയുന്ന പോലെ, രക്തത്തിലെ THC യുടെ അളവറിയാൻ എളുപ്പമല്ലാത്തതിനാൽ കഞ്ചാവിന്റെ ലഹരിയിൽ വണ്ടിയോടിക്കാൻ  സാധ്യത കൂടുതലാണ്. സൈക്കോസിസിനുള്ള സാധ്യത കൂട്ടുന്നതും THC യുടെ അമിത അളവാണ്. സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ആറിൽ ഒരാൾക്ക് കുറച്ചു വർഷങ്ങൾക്കകം സൈക്കോസിസ് കാണപ്പെടാം. നിരവധി പഠനഫലങ്ങൾ ഒരുമിച്ചു നോക്കുന്ന മേറ്റാ-അനാലിസിസ് നൽകുന്ന ശക്തമായ ശാസ്ത്രീയ തെളിവുകൾ മേൽപ്പറഞ്ഞ കണ്ടെത്തലുകൾക്ക് പിന്നിലുണ്ട്.

കഞ്ചാവിന്റെ ഒരു പ്രധാന ദോഷഫലമാണ് ഒന്നിനും മോട്ടിവേഷൻ  ഇല്ലാതാകുന്നത്. അതോടൊപ്പം ഉത്സാഹക്കുറവ്, പരിശ്രമക്കുറവ്, പിന്നീടെന്ന് മാറ്റിവെക്കൽ, ക്ലാസ് മുടക്കുന്നത്, ലക്ഷ്യസാധ്യ വിശ്വാസം നഷ്ടമാകുന്നത്, നല്ല ഫലം പ്രതീക്ഷിക്കാത്തതും സ്ഥിരതയോടെ പ്രയത്നിക്കാത്തതും എന്നീ പ്രശ്നങ്ങളും കാണാം. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ രണ്ടിൽ ഒരാൾക്ക് രോഗാതുരമായ പരാധീനത (dependence syndrome) ഉണ്ടാകും. അതായത് സ്റ്റഫ് കിട്ടിയില്ലെങ്കിൽ സമാധാനം ഇല്ലാതാകുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ദേഷ്യം, ഉൽക്കണ്ഠ, അസ്വസ്ഥത, ഉറക്കക്കുറവ്, വിഷാദ വിചാരങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കൂടിവരുന്നു. ഡിപെൻഡൻസിയുടെ മറ്റു ലക്ഷണങ്ങൾ: ലഹരിവസ്തു വലിയ അളവിലും സ്ഥിരമായും എടുക്കുന്നത്, അതിശക്തമായ ആഗ്രഹം തോന്നുന്നത്, വേണ്ട എന്ന് വയ്ക്കാൻ ആകാത്തത്, കിട്ടാതിരിക്കുമ്പോഴുള്ള അസ്വസ്ഥത കൂടുന്നത്, അതു വാങ്ങാനും ഉപയോഗിക്കാനും ഉന്മാദാവസ്ഥയിൽ നിന്നും മാറി വരാനും ഒരുപാട് സമയമെടുക്കുന്നത്, ഉപയോഗിക്കുന്ന അളവ് കൂടി വരുന്നത്, സ്കൂൾ, വീട്, ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങൾ അവഗണിക്കുന്നത്, കുടുംബത്തോടൊത്തുള്ള സമയം, ആരോഗ്യകരമായ ഉല്ലാസങ്ങൾ, കളി, രോഗങ്ങൾ, പ്രായത്തിനനുസരിച്ചുള്ള മറ്റു താൽപര്യങ്ങൾ, പ്രവർത്തനങ്ങൾ, എന്നിവയെല്ലാം അവഗണിക്കുന്നതും ഒഴിവാക്കുന്നതും.

കഞ്ചാവിനോട് സമാനതയുള്ള LSD (ലൈസർജിക് ആസിഡ്) സ്റ്റാമ്പുകൾ സ്കൂൾ കുട്ടികൾക്കിടയിൽ സുലഭമായത് ഏതാണ്ട് നാലു വർഷം മുമ്പാണ്. ആസിഡ്, സ്റ്റാമ്പ്, സ്റ്റിക്കർ, തുടങ്ങി ധാരാളം പേരുകളുണ്ട്. പ്രധാനമായും സ്റ്റിക്കർ രൂപത്തിലാണ് കുട്ടികളിൽ എത്തുന്നതെങ്കിലും ടാബ്‌ലറ്റുകളും ലഭ്യമാണ്. നാക്കിനടിയിൽ വെച്ച്  ഉപയോഗിക്കുന്ന സ്റ്റിക്കറുകൾ പേരെന്റ്സിനും  ടീച്ചേഴ്സിനും ശ്രദ്ധയിൽ പെടാറില്ല.  ഈ  മാർച്ച് 19ന് 700 - ലധികം LSD സ്റ്റാമ്പുകളുമായി നാലുപേരെ നാർക്കോട്ടിക് പൊലീസ് പിടിച്ചത് വാർത്തയായിരുന്നു. കൊച്ചിയിൽ "ആസിഡ്" പാർട്ടി നടന്നു എന്നു വാർത്ത കണ്ടാൽ LSD യാണ് സൂചന.

കഞ്ചാവിന്റെ ലഹരിയോട് സമാനതയുള്ള മാജിക് മഷ്റൂം (Psylocybin) ഇന്ന് കേരളത്തിലെ മലനിരകളുടെ മറ്റൊരു ആകർഷണമാണ്. ഷ്റൂം, ഫങ്കി എന്നെല്ലാം വിളിപ്പേരുള്ള ഈ മാന്ത്രിക കൂൺ തേടിയാകാം നമ്മുടെ ചില കുട്ടികൾ മൂന്നാറിലേക്ക് ഉല്ലാസയാത്ര നടത്തുന്നത്.  LSD യോട്  സമാനതയുള്ള Mesaline കേരളത്തിലെ വാർത്തകളിൽ വിരളമാണ്. രണ്ടുവർഷം മുമ്പ് കൊച്ചിയിൽ വലിയ അളവിൽ mesaline പിടിക്കപ്പെട്ടിട്ടുണ്ട്. ബട്ടൺ, മൂൺ എന്നെല്ലാം വിളിപ്പേരുള്ള ഈ ലഹരിവസ്തു കുട്ടികളിലേക്ക് കൂടുതലായെത്താൻ സാധ്യതയുണ്ട്.

'ഹാലൂസിനൊജൻ' എന്ന ഗണത്തിൽപ്പെട്ട മേൽപ്പറഞ്ഞ വീര്യം കുറഞ്ഞ ലഹരിവസ്തുക്കളാണ് കുട്ടികളിലേക്ക് എളുപ്പം എത്താറുള്ളത്. കൂടുതൽ കടുപ്പമുള്ള ലഹരി പിന്നാലെ എത്തുന്നു. ഉദാഹരണത്തിന്, ലഹരിയെക്കുറിച്ചുള്ള പത്രവാർത്തകളിൽ MDMA എന്ന വാക്ക് ശ്രദ്ധിച്ചിട്ടുണ്ടാകും. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ 30 കോടി രൂപയുടെ MDMA നെടുമ്പാശ്ശേരിയിൽ വച്ച് രണ്ടുവർഷം മുമ്പ് പിടിച്ചത് കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു. Mescaline-നോടൊപ്പം വീര്യം കൂടിയ ലഹരി ചേർത്താണ് MDMA തയ്യാറാക്കുന്നത്. എക്സ്റ്റസി, മോളി എന്നെല്ലാം വിളിപ്പേരുള്ള MDMA, കോളേജ് വിദ്യാർത്ഥികളെയാണ് തേടിയെത്താറുള്ളത്. സ്കൂൾ പ്രായത്തിൽ വീഡും ആസിഡും ശീലിച്ച കുട്ടിക്ക് കോളേജ് പ്രായത്തിൽ 'എക്സ്റ്റസി' യിലേക്ക് "graduate" ചെയ്യാൻ പ്രയാസമുണ്ടാകില്ലല്ലോ.

കുട്ടികൾ ഉപയോഗിച്ച് തുടങ്ങാൻ സാധ്യതയുള്ള മറ്റൊരു ഗണം ലഹരിവസ്തുക്കളാണ് inhalents അഥവാ solvents. വാർണിഷ്, വൈറ്റ്നർ, തിന്നർ, ഗ്ലൂ, പെട്രോൾ തുടങ്ങിയ വസ്തുക്കളെ "ശ്വസിച്ച്" ലഹരി വസ്തുക്കൾക്ക് സമാനമായ അനുഭവം തേടുന്നവർ കൗമാരപ്രായക്കാരിൽ 5% ത്തിലധികമാണെന്ന് കേരളത്തിൽ നടന്ന പഠനം കണ്ടെത്തി. Inhalents ഗൗരവമായ ശാരീരിക പരാധീനത (physiological dependency) യിലെത്തിക്കുന്നു. ലഹരി മാർക്കറ്റിലെ കുറിപ്പ്മരുന്നുകളും (prescription drugs) കൗമാരക്കാരിലെത്തുന്നുണ്ട്. ഉറക്കക്കുറവിനും ഉത്കണ്ഠയ്ക്കും കുറിക്കാറുള്ള, Nitrazepam, Alprazolam തുടങ്ങിയ ടാബ്ലറ്റുകൾ teenagers-നുൾപ്പെടെ കൊണ്ടുനടന്നു വിൽക്കുന്നവർ (peddlers) നമ്മുടെ നാട്ടിൽ ധാരാളമുണ്ട്.

വിവിധ ലഹരി വസ്തുക്കൾ കുട്ടികൾ ഉപയോഗിച്ച് തുടങ്ങുന്നത് "ഗേറ്റ് വേ" എന്ന തത്വം അനുസരിച്ചാണ്. അതായത്, ലഘുവായ ലഹരിയിൽ നിന്നും തീവ്രമായ ലഹരിയിലേക്ക് പടിപടിയായി ആകർഷിക്കപ്പെടുന്നു. ഇവിടെ gateway എന്ന വാക്കിനർത്ഥം ലഹരിയുടെ വലിയ ലോകത്തേക്കുള്ള ആദ്യപടി എന്നാണ്. Soft drugs എന്നു വിളിക്കാറുള്ള പുകയില, മദ്യം, കഞ്ചാവ് എന്നിവ ശീലമാക്കിയവരിൽ കുറച്ചുപേർ പിന്നീട് ബ്രൗൺഷുഗർ പോലുള്ള hard drugs ഉപയോഗിച്ചേക്കാം എന്നാണ് തത്വം. എന്നാൽ, കൗമാരത്തിൽ സാധ്യത കൂടുതലുള്ളത് പുകയിലയിൽ നിന്നും കഞ്ചാവിലേക്ക്‌, അതേത്തുടർന്ന് LSD, ഫങ്കി, MDMA എന്നിങ്ങനെ പുരോഗമിക്കുന്നതാണ്.

മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെങ്കിലും, ലഹരി ലോബിക്ക് ഗേറ്റ് വേ തിയറി നന്നായറിയാം. "ഞാൻ പുകയില ഉപയോഗിക്കുന്നില്ലല്ലോ,  കഞ്ചാവ് കുഴപ്പമില്ല. അത് addictive അല്ല." എന്ന് ചില കുട്ടികൾ പറയാറില്ലേ? "പഠിച്ചില്ലെങ്കിലും വിജയിച്ചില്ലെങ്കിലും സന്തോഷമായിരുന്നാൽ മതിയല്ലോ, ടെൻഷനില്ലാതിരുന്നാൽ മതി. വിനോദ (recreation) ത്തിന്റെ വലിയ ലോകം കാത്തിരിക്കുന്നു..." എന്ന സന്ദേശം അവരിൽ എത്തിക്കുന്നതാരാണ്?

പുകയിലയുമായി താരതമ്യം ചെയ്യുമ്പോൾ കഞ്ചാവിന് ശാരീരിക അഡിക്ഷൻ തീരെ കുറവാണെന്നതു ശെരി, പക്ഷേ, മാനസികമായ അഡിക്ഷൻ (psychological dependence) ശക്തമാണ്. കൂടുതൽ വീര്യമുള്ള കഞ്ചാവിലേക്കും (ഉദാഹരണം, ഹാഷിഷ്, ജനിതകമായി വീര്യം കൂട്ടിയ വീഡ്), കൂടുതൽ വിനോദം തേടി മറ്റു ലഹരി വസ്തുക്കളിലേക്കും  നീങ്ങാൻ മനസ്സിന്റെ അഡിക്ഷൻ ധാരാളം മതി. വിനോദവും വീര്യവും കൂടുന്നതനുസരിച്ച് കൂടുതൽ പണമൊഴുകും. അതാണല്ലോ ചന്തയുടെ നിയമം. പിന്നെ, പണമില്ലെങ്കിൽ സാരമില്ല, വിൽപ്പനയുടെ കണ്ണി ആകാം. പെഡ്‌ലെർ പണി കൊണ്ട് നല്ല പണവും ഉണ്ടാക്കാം. റിസ്കെടുക്കാൻ ഭയമില്ലാത്ത കുട്ടികളായതുകൊണ്ട് പിടിക്കപ്പെടുന്നതിനെക്കുറിച്ച് ഭയമുണ്ടാകില്ല.

ലഹരി ലോബി ഒരുക്കുന്ന ഈ വിനോദക്കെണിയിൽ വീഴാൻ കൂടുതൽ സാധ്യതയുള്ള കുട്ടികൾ ആരാണ്? (പഠനത്തിൽ) വിജയിക്കാനുള്ള ഉൾപ്രേരണ കുറവും, സ്വന്തം ഇഷ്ടമനുസരിച്ച് സ്വതന്ത്രമായി നടക്കാനുള്ള താല്പര്യം കൂടുതലും കാണിക്കുന്ന കുട്ടികൾ ലഹരിയുടെ കെണിയിൽ വീണേക്കാം. രസകരമല്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് (focused attention) ചില കുട്ടികൾക്ക് കുറവായിരിക്കുമെങ്കിലും ധാരാളം എനർജിയും കഴിവുകളും പഠനേതര താൽപര്യങ്ങളും അവരിൽ കാണാം. അവർ പൊതുവേ കൂട്ടുകൂടുന്നത് പുതുമയും അമിത വിനോദവും തേടുന്ന, റിസ്ക് എടുക്കാനും നിയമം തെറ്റിക്കാനും മടിയില്ലാത്ത സമപ്രായക്കാരോടും മുതിർന്നവരോടും ആയിരിക്കും. കള്ളം പറയാനും കളവു ചെയ്യാനും കുറ്റകൃത്യങ്ങളിൽ കൂട്ടുചേരാനുമുള്ള പ്രവണത കൗമാരത്തിൽ അവർ പ്രകടമാക്കുന്നു.

അവരുടെ സ്വഭാവം ഈ രീതിയിൽ രൂപപ്പെടുന്നതിന് പശ്ചാത്തലം ഒരുക്കുന്നത് കുടുംബ സാഹചര്യം ആയിരിക്കാം. പഠനത്തിൽ പിന്നിലായിരിക്കുന്നതിനും അടങ്ങിയിരിക്കാത്ത സ്വഭാവത്തിനും അവർക്ക് നിരന്തരം ശകാരവും ശിക്ഷയും കിട്ടുന്നു. വീട്ടിൽ അവർക്ക് നല്ല ബന്ധങ്ങളും  നല്ല സമയങ്ങളും കുറവാണ്. ലഹരിക്കൂട്ടത്തിൽ ചെന്നുപെട്ട കുട്ടികൾ പറയാറുണ്ട്: "മറ്റാരും എന്നെ മനസ്സിലാക്കാറില്ല, വീട്ടിൽ ആരും എന്നെ അംഗീകരിച്ചിട്ടില്ല." ലഹരിഗ്രൂപ്പ് അവനു സ്വീകാര്യതയും അംഗീകാരവും നൽകുന്നു, കുറവുകളുടെ പേരിൽ പുറംതള്ളാതെ, പോരായ്മയുണ്ടെന്ന തോന്നൽ ഉണ്ടാക്കാതെ, കുറ്റപ്പെടുത്താതെ കൂടെ കൂട്ടുന്നു. ഇവരുടെ കളങ്കമില്ലാത്ത കൂട്ടുകെട്ട് ലഹരി ലോബിക്ക് വിനോദക്കെണി  വെക്കാൻ പറ്റിയ ഇടമാകുന്നു.

കൗമാരത്തിലെ ലഹരി ദുരുപയോഗത്തെ എങ്ങനെ പ്രതിരോധിക്കാം? നല്ല കുടുംബ പരിസരം ഒരുക്കണം. വീട്ടിൽ കളിയും വിനോദങ്ങളും തുറന്ന സംസാരങ്ങളും വേണം. കുട്ടികൾക്ക് കളിക്കാൻ പ്രോത്സാഹനവും സുരക്ഷിതമായ കളിസ്ഥലങ്ങളും വേണം. കൂട്ടുകാരെ വീട്ടിൽ തുറന്ന മനസ്സോടെ സ്വീകരിക്കുകയും അവരോട് മാതാപിതാക്കൾ നല്ല ബന്ധം പുലർത്തുകയും വേണം. കുട്ടികളുടെ മൊബൈൽ പ്രൈവസി അനുവദിക്കാതിരിക്കണം, അഥവാ മറികടക്കണം. കുട്ടികളുടെ സ്വാതന്ത്ര്യവും അവരുടെ മേലുള്ള നിരീക്ഷണവും ഒരുമിച്ചു പോകണം. പേരെന്റ്സ് അറിയാതെ പാഴ്സലുകൾ ഒന്നും കുട്ടികളെ തേടിയെത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. നിരീക്ഷിക്കുന്നുണ്ടെന്ന് അവരോട് മുൻകൂട്ടി പറയണം.  നിരീക്ഷിക്കുന്നത് സംശയമല്ല, കടമയാണെന്ന് ബോധ്യപ്പെടുത്തണം.

എട്ടാം ക്ലാസിനു മുൻപേ ലഹരി ഉപയോഗത്തെക്കുറിച്ച് അവരുമായി തുറന്ന ചർച്ച വേണം. ലഹരിയെക്കുറിച്ച് ശകാരമല്ല തുറന്ന സംസാരമാണ് വേണ്ടത്. കഞ്ചാവ് നല്ലതാണ് എന്ന രീതിയിലുള്ള കുട്ടികളുടെ അഭിപ്രായങ്ങളെ ആദ്യമേ തിരുത്താൻ നോക്കാതെ, അതിന്റെ കാരണമറിയാൻ ചോദ്യങ്ങൾ ചോദിക്കുകയും തുറന്ന മനസ്സോടെ കേൾക്കുകയും വേണം. മസ്തിഷ്ക വളർച്ച പുരോഗമിക്കുന്ന കൗമാരപ്രായത്തിൽ മദ്യവും പുകയിലയും മറ്റു ലഹരി വസ്തുക്കളും ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, പിന്നീട് പ്രായപൂർത്തിയായ ശേഷം അവ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാമെന്നും നിർദ്ദേശിക്കണം. ഇളംപ്രായത്തിൽ ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചർച്ച ചെയ്യണം. ശ്രദ്ധക്കുറവും (attentional deficit) പെരുപെരുപ്പും (hyperactive) ഉള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

ലഹരിയുടെ ദുരുപയോഗം ഒരു മോറൽ പ്രശ്നമല്ല, ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നമാണ്. പൊതുജനാരോഗ്യ (public health) പ്രശ്നമാണ്. നല്ല കുടുംബ സാഹചര്യം കിട്ടാതെ പോയ കുട്ടികളെ മോശക്കാരാകാൻ വിടാതിരിക്കാൻ സമൂഹം കരുതലോടും സ്നേഹത്തോടും മുന്നോട്ടുവരണം. കുട്ടികൾ ലഹരിയുടെ കെണിയിൽ വീഴുന്നത് സമൂഹത്തിന്റെ വീഴ്ചയാണ്. കെണി വെക്കുന്നവർക്കെതിരെ ജാഗ്രത വേണ്ടത് കുട്ടികൾക്ക് മാത്രമല്ല. അന്താരാഷ്ട്ര ലഹരി ലോബിയെ പ്രതിരോധിക്കാൻ കുട്ടികളെ തനിച്ചു വിടാനും, പിന്നെ കുറ്റപ്പെടുത്താനും മാത്രം ചിന്തയില്ലാത്തവരാണോ നമ്മൾ?  നമ്മുടെ കുട്ടികൾക്ക് ചുറ്റുമുള്ള ചെറിയ ഇടങ്ങൾ സുരക്ഷിതമാക്കാൻ മുന്നോട്ട് വരേണ്ടത് മുതിർന്ന നമ്മളാണ്. സ്‌കൂൾ തലത്തിലും റെസിഡൻഷ്യൽ തലത്തിലും കുട്ടികളുടെ പങ്കാളിത്തമുള്ള പ്രോഗ്രാമുകളാണ് ഏറെ ഫലപ്രദം. അത്തരം പ്രോഗ്രാമുകളിൽ പങ്കെടുക്കാമെന്ന് ഞങ്ങൾ നടത്തിയ പഠനത്തിലെ 82% കുട്ടികൾ സന്നദ്ധത പ്രകടിപ്പിച്ചു. അവർ തരുന്ന വിവരങ്ങളും ആശയങ്ങളും വളരെ ഫലപ്രദമായിരിക്കും. ടീനേജഴ്‌സിന്റെ കായിക ഉല്ലാസങ്ങളും ആരോഗ്യകരമായ വിനോദങ്ങളും പ്രോത്സാഹിപ്പിക്കണം. പള്ളിമുറ്റങ്ങളും സ്കൂൾമുറ്റങ്ങളും കളിക്കാൻ തുറന്നുകൊടുക്കാൻ നമുക്കെന്തിനാ മടി? അവിടെ കുട്ടികളുടെ മനസ്സിനെ റാഞ്ചാൻ കഞ്ചാവുമായി വരുന്ന ന്യൂജൻ ബൈക്കറിനെ കയ്യോടെ പിടിക്കാനും ആട്ടി തുരത്താനും നമുക്കാകും. വീടിനോടും സ്കൂളിനോടും ചേർന്ന് നിൽക്കുന്ന ടീനേജർ ലഹരി വലയത്തിൽ വീഴാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട്, വീട്ടിലും സ്കൂളിലും അവർക്ക് പ്രാധാന്യമുണ്ടെന്ന് തോന്നുന്ന വിധം എല്ലാ കാര്യങ്ങളിലും ഉൾപ്പെടുത്തുന്ന സമീപനം വേണം.

വോട്ടു ചെയ്ത് വിജയിപ്പിച്ചവരോട് കുട്ടികളുടെ സുരക്ഷയ്ക്ക് എന്ത് ഉറപ്പ് തരാനാകും എന്ന് ചോദിക്കണം "വിമുക്തി" പോലുള്ള പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി സപ്പോർട്ട് ചെയ്യണം. ലഹരി ഉപയോഗത്തെക്കുറിച്ച് കിട്ടുന്ന അറിവുകൾ ഗവൺമെന്റ് തയ്യാറാക്കിയ "യോദ്ധാവ്" എന്ന മൊബൈൽ ആപ്പ് വഴി പൊലീസിനെ അറിയിക്കാൻ തയ്യാറാകണം. "എന്റെ വീട്ടിൽ കുഴപ്പമില്ല" എന്ന മലയാളിക്കൊത്ത ദുരഭിമാനം വിട്ട്, എല്ലാവീട്ടിലും ജാഗ്രത വേണം എന്ന യാഥാർത്ഥ്യബോധത്തിലേക്ക് വരണം. കുട്ടികൾക്ക് വേണ്ടി നമ്മുടെ പൊതുതാൽപര്യ ഹർജികൾ ശബ്ദമുയർത്തണം. ഇപ്പോൾ ഹൈക്കോടതി നൽകിയിരിക്കുന്ന ശക്തമായ നിർദേശങ്ങൾ നടപ്പിലാകുന്നുണ്ടോ എന്ന് നമുക്കും ജാഗ്രത വേണം. നമുക്കിടയിലെ വക്കീലന്മാർ ശക്തമായ നിലപാടെടുക്കാനും പഴുതടച്ച പദ്ധതികൾ ഉണ്ടാക്കാനും കൂടെ നിൽക്കണം. നിയമാനുസൃത ലഹരിവസ്തുക്കളുടെ ടാക്സ് കൂട്ടുക, ഔട്ട്ലെറ്റ് കുറയ്ക്കുക, surrogate പരസ്യം (ഉദാഹരണം, മദ്യ കമ്പനി ക്രിക്കറ്റ് മത്സരം സ്പോൺസർ ചെയ്യുന്നത്) നിരോധിക്കുക എന്നീ ആവശ്യങ്ങൾക്കായി ഗവൺമെന്റിനു മേൽ സമ്മർദ്ദം ചെലുത്തണം. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ ലീഗലൈസ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തണം.

ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മെയ്‌ 31 ലോക പുകയില നിവാരണ ദിനമായി ആചരിക്കുന്നു. ചില ഓർമദിനങ്ങൾ ആ ദിനത്തിന്റെ മഹാത്മ്യത്തെ അനുസ്മരിപ്പിക്കുമ്പോൾ ചില ഓർമദിനങ്ങൾ അതിന്റെ ദൂഷ്യവശങ്ങളെ ഓർമിപ്പിക്കുന്നു. മദ്യത്തെയും പുകയിലയെയും കുറിച്ചുള്ള കൂടുതൽ ചർച്ച പിന്നീടാകാം. ഓർക്കുക! ടീനേജർ ഏതു ലഹരിയും ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നതിനെ കഴിയുന്നത്ര വൈകിപ്പിക്കുക. ഓരോ വർഷം വൈകുമ്പോഴും ആസക്തിരോഗം വരാനുള്ള റിസ്ക് പകുതിയായി കുറയുന്നു. കുട്ടികളുടെ സുരക്ഷ നമുക്ക് ഉറപ്പുവരുത്താം.

Dr Fr Rajeev Michael OCD,

St Joseph’s Hospital, Manjummel

 

Dr Sr Roshin Kunnel SVC

St Sebastian’s Hospital, Arthunkal