Blog

Is smoking that cool?



നമുക്ക് പുകവലി "അൺകൂൾ" ആക്കാം

പ്രണയത്തിലായിരുന്ന അവർ വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ അവൻ അവളോട് ഒരു കാര്യം നിബന്ധനയായി ആവശ്യപ്പെട്ടു: "ഞാൻ പുകവലിക്കുന്നതിന് തടസ്സം പറയരുത്. അതിൽ ഇടപെടുന്നത് എനിക്കിഷ്ടമല്ല. എനിക്ക് നിർത്താൻ താൽപര്യമില്ല." പുകയിലയുടെ കാര്യത്തിൽ "നിർത്താൻ താല്പര്യമില്ല" എന്നതിനർത്ഥം "നിർത്താൻ കഴിയുന്നില്ല" എന്നാണ്. സ്മോക്കിങ് നിമിത്തം വാസ്കുലർ രോഗം ബാധിച്ച് ഒരു കാൽ amputation ചെയ്തയാൾ സ്മോക്കിങ് നിർത്താനാകാതെ രണ്ടാമത്തെ കാലും മുറിച്ചു കളയേണ്ടതായ അവസ്ഥയിലെത്തുന്നു. ഒരിക്കൽ തുടങ്ങി ശീലമായാൽ നിർത്താൻ ഏറ്റവും പ്രയാസമുള്ള ഒന്നാണ് സ്മോക്കിങ്. ഇന്ന് ലോക പുകയില നിവാരണ ദിനം. നിർത്തുക എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുക (commit to quit) എന്നതാണ് ഈ വർഷത്തെ WHO വാക്യം. സ്‌മോക്കിങ് കൊറോണരോഗത്തിന്റെ അപകടസാധ്യത കൂട്ടുന്നുവെന്നത് WHO  എടുത്തുപറയുന്നു.

"ഞാൻ നിർത്താൻ നോക്കിയതാണ്. പക്ഷേ അത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇനിയിപ്പോൾ ഇങ്ങനെ പോകട്ടെ." ടെൻഷൻ കുറയ്ക്കാനാണ് പലരും സ്മോക്കിങ് ശീലമാക്കുന്നത്. ഓരോ പ്രാവശ്യം പുക വലിക്കുമ്പോഴും ടെൻഷൻ തൽക്കാലം കുറയുകയും പിന്നീട് പഴയതിനേക്കാൾ കൂടുകയും ചെയ്യുന്നു. സാവകാശം വലുതായി വലുതായി വരുന്ന തരംഗം പോലെ ടെൻഷന്റെ അളവ് അൽപാൽപമായി ഉയരുന്നതിന് കാരണം സ്മോക്കിംഗ് തന്നെയാണ്. അസ്വസ്ഥതയും ദേഷ്യവും ഉൽക്കണ്ഠയും കൂടിവരുമ്പോൾ പുകവലിതന്നെ ആശ്വാസമായി ഉപയോഗിക്കുന്നു. സ്മോക്കിങ് ഏറ്റവും സമാധാനം തരുന്ന കാര്യമായി തോന്നുന്നതിനാൽ അത് നിർത്തുക അചിന്തവ്യമായി തോന്നുന്നു. പുകയിലയല്ല ജോലിയും കുടുംബപ്രശ്നങ്ങളുമാണ് തന്റെ ടെൻഷനു കാരണം എന്ന് വിശ്വസിക്കാൻ ശ്രമിക്കുന്നു. സ്മോക്കിങ് ഉണ്ടാക്കുന്ന ഇത്തരം ട്രാപ്പിൽ നിന്ന് പുറത്തു വരാൻ കഴിയുമോ?

സ്മോക്കിങ് ചെയ്യുന്ന എല്ലാവരും ഇങ്ങനെ ഒരു ട്രാപ്പിൽ എത്തുന്നില്ല. സ്മോക്കിംഗ് അളവ് കൂടി വരുന്നത്, വലിയ അളവിൽ തുടരുന്നത്, ടെൻഷൻ ഉള്ളപ്പോൾ കൂടുതൽ സ്മോക്ക് ചെയ്യുന്നത്, പ്രശ്നങ്ങൾ ഉണ്ടായിട്ടും സ്മോക്കിങ് കുറയ്ക്കാൻ കഴിയാത്തത് തുടങ്ങിയവ പ്രൊഫഷണൽ സഹായം വേണമെന്നതിന്റെ സൂചനയാണ്. പുകയിലയും മദ്യവും തലച്ചോറിലുണ്ടാകുന്ന മാറ്റമാണ് 'ഡിപെൻഡൻസ് സിൻഡ്രോം'. അത് പരിഹരിക്കാൻ സമഗ്രമായ സമീപനമാണ് വേണ്ടത്.

സ്മോക്കിങ് ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളെ കുറിച്ചാണ് പലരും പറയുന്നത്. മെഡിക്കൽ ചെക്കപ്പ് നടത്തിയിട്ട് ശാരീരിക പ്രശ്നങ്ങൾ ഇല്ലെങ്കിൽ സ്മോക്കിംഗ് തുടരാം എന്ന് വിചാരിക്കുന്നു. സ്മോക്കിങ് മസ്തിഷ്കത്തിലാണ് മാറ്റം വരുത്തുന്നതെന്നും അത് ക്രമേണ തിരുത്താൻ പ്രയാസം ആകുമെന്നും അറിയണം. പുകവലി നിമിത്തമുള്ള ശാരീരിക പ്രശ്നങ്ങളിൽ lung cancer മാത്രമാണ് പലർക്കും അറിയാവുന്നത്. ഉദാഹരണത്തിന്, സ്‌മോക്കിങ് ലൈംഗിക ശേഷി ഇല്ലാതാക്കുന്നു (impotency) എന്നത് അധികം ചർച്ച ചെയ്യപ്പെടാറില്ല. കൊറോണാരോഗം ശ്വസനേന്ദ്രിയങ്ങളെ (റെസ്പിറേറ്ററി സിസ്റ്റത്തെ) പ്രത്യേകമായി ബാധിക്കുന്നതിനാൽ, സ്‌മോക്കിങ് അപകടസാധ്യത  വർധിപ്പിക്കുന്നു.

പുകയിലയുടെ ഉപയോഗം വഴി മറച്ചു പിടിക്കുന്നത് അന്തർലീനമായ ഉൽക്കണ്ഠ വിഷാദം തുടങ്ങിയ വൈകാരികപ്രശ്നങ്ങളാവാം. മറച്ചുപിടിക്കുന്നു എന്നതിനേക്കാൾ, സ്മോക്കിങ് നിമിത്തം ഈ വൈകാരിക പ്രശ്നങ്ങൾ വലുതായി വരുന്നു. അതിനാൽ, സ്മോക്കിങ് നിർത്തുന്നത് antidepressant മരുന്ന് കഴിക്കുന്നതിന്റെ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

വൈകാരിക പ്രശ്നങ്ങൾക്കുള്ള ബിഹേവിയറൽ തെറാപ്പിയും ഫാമിലി തെറാപ്പിയും ഡിപെൻഡൻസിനെ പരിഹരിക്കാനുള്ള വൈദ്യസഹായവും ഒരുമിച്ച് ലഭിക്കുമ്പോൾ സ്മോക്കിങ് നിർത്തുക എന്ന ബുദ്ധിമുട്ടുള്ള കാര്യം സാധ്യമാകും.

നിർത്താൻ ഇത്ര പ്രയാസമുള്ളതിനാൽ തുടങ്ങാതിരിക്കുന്നതാണ് നല്ലത്, അഥവാ ശീലമാക്കാതിരിക്കുകയാണ് വേണ്ടത്. സ്മോക്കിംഗ് പിന്നീട് രോഗാതുരമാകാൻ പ്രധാന കാരണം തുടങ്ങുന്ന പ്രായമാണ്. 20 വയസ്സിനു മുമ്പ് എത്ര നേരത്തെ തുടങ്ങി എന്നതനുസരിച്ച് ഡിപെൻഡൻസ് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. പതിനാലും 16 വയസ്സിൽ സ്മോക്കിംഗ് തുടങ്ങുന്നത് ഇങ്ങനെയൊരു വലിയ റിസ്ക് ഉണ്ടാക്കി വെക്കുന്നു. സ്മോക്കിംഗ് തുടങ്ങുന്നത് ചിലരിൽ ലഹരിമരുന്നിലേക്കുള്ള വാതിൽ തുറക്കുന്നു. അറിവെത്തും മുമ്പേ ആപത്തിൽ പെടാതെ കുട്ടികളെ സംരക്ഷിക്കാൻ സമൂഹത്തിനു കടമയുണ്ട്. ചെറുപ്രായത്തിലെ സ്മോക്കിങ് എതിരെ നമുക്ക് ശക്തമായി നിലകൊള്ളാം.

Dr Rajeev Michael

Clinical Psychologist, St Joseph's Hospital, Manjummel