Blog

Let this wave pass



ഈ തരംഗവും കടന്നു പോകട്ടെ

തരംഗത്തിനും തിരമാലയ്ക്കും ഇംഗ്ലീഷിൽ ഒരേ വാക്ക് (waves) ആണ്. രണ്ടും ഉയർന്നാൽ കുറച്ചുകഴിയുമ്പോൾ താഴും. നമ്മൾ അസ്വസ്ഥരാണ്. എങ്കിലും ഈ തരംഗവും കടന്നു പോകും. നമ്മൾ പിടിച്ചു നിൽക്കണം, മനസ്സിന്റെ ബലം വിടാതെയും, മാനവികതയുടെ ബലം അറിഞ്ഞും പകർന്നും നിൽക്കണം. ഉപകരിക്കും എന്ന് കരുതുന്ന ചിലത് പങ്കുവെക്കട്ടെ.

"ടെൻഷനാവല്ലേ" എന്നാണ് എല്ലാരും പറയുന്നത്. ടെൻഷൻ അടിച്ചാൽ കൊറോണ പ്രശ്നമാകുമത്രേ. നെറ്റിയിൽ തോക്ക് ചൂണ്ടിയിട്ട് ഭയക്കരുത് എന്ന് പറയുന്ന പോലെ. ഒന്നാം തരംഗം പോലെയല്ല, രണ്ടാം തരംഗത്തിൽ പേടിക്കാൻ കൂടുതൽ കാരണങ്ങളുണ്ടല്ലോ. അകലേ നിന്നെത്തുന്ന വാർത്തകളല്ല, അരികിലുള്ള കാഴ്ചകളും അനുഭവങ്ങളുമാണ് ഇപ്രാവശ്യം ഭയം തരുന്നത്. കുറച്ചു പേടി വേണം എന്നാണ് പൊതുവഭിപ്രായം. പേടിയും ശ്രദ്ധയും കുറഞ്ഞതാണല്ലോ പ്രശ്നമായത്. ടെൻഷൻ ഇല്ല എന്ന് സ്വയം നിഷേധിക്കു ന്നത് അതിനെ ശെരിയായ വിധം നേരിടാൻ തടസ്സമാകും. ഉള്ളിലെ അസ്വസ്ഥത മറച്ചു പിടിക്കുന്നതിനു പകരം, ഭയവും വിഷമവും തോന്നുന്നത് ഉൾക്കൊണ്ട് അംഗീകരിക്കാം. ഉള്ളിലൊതുക്കാതെ തുറന്നു പറയാം. എന്നാൽ, ഭയം രോഗകാരണമാകാതെയും, ഭയം നിമിത്തം രോഗം വഷളാകാതെയും നോക്കുകയാണ് പ്രധാനം.

ടെൻഷൻ അഥവാ ഉത്കണ്ഠ ഒരു പ്രശ്നത്തെ നേരിടാൻ ശരീരത്തെ നമ്മുടെ ബ്രെയിൻ ഒരുക്കുന്നതിന്റെ സൂചനയാണ്. ഒരു ദീർഘ യാത്ര തുടങ്ങുമ്പോൾ വഴിയിൽ വാഹനം ബ്രേക്ക് ഡൌൺ ആകുന്നു. എന്ത് ചെയ്യണമെന്നറിയാതെ നമ്മൾ അൽപനേരം വിഷമിക്കുന്നു. അപ്പോൾ സ്ട്രെസ്സ്‌ നിമിത്തം കിട്ടുന്ന കരുത്തും ഉണർവ്വും ഫോക്കസും പ്രശ്നപരിഹാരത്തിന് വേണ്ടത് വേഗം ചെയ്യാനും സഹായം തേടാനുമെല്ലാം ഉപകരിക്കുന്നു. സ്ട്രെസ് ഉണ്ടാകുമ്പോൾ “എന്റെ ബോഡിയും ബ്രയിനും എന്നെ സഹായിക്കാൻ ശ്രമിക്കുകയാണ്” എന്ന് ഓർക്കുന്നതു തന്നെ നല്ലതാണ്. ജീവിതത്തിൽ വലിയ സ്ട്രെസ് നേരിടുമ്പോളും, ജീവിതസമ്മർദത്തെ ഒരു പ്രശ്നമായല്ല പകരം സഹായകമായി കരുതുന്നവർക്ക്, സ്ട്രെസ് രോഗകാരണമാകുന്നില്ല എന്ന് ധാരാളം പഠനങ്ങൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ഒരേ ജോലി ചെയ്യുന്ന ഹൃദയസംബന്ധമായ രോഗമുള്ളവരിൽ, സ്ട്രെസ്സിനെ തുറന്ന മനസോടെ accept ചെയ്തവർക്ക് കൂടുതൽ ദീര്ഘായുസ്സ് ഉള്ളതായി കണ്ടു. അതായത്, ഒരു പ്രശ്നം എത്ര വലുതായാലും, നമ്മൾ അതിനെ എങ്ങനെ കാണുന്നു എന്നതനുസരിച്ചാണ് ആരോഗ്യത്തെ ബാധിക്കുന്നത്.

ഉത്കണ്ഠയും ഭയവും തരംഗം പോലെയാണ്. അൽപനേരം ഉയർന്നുനിന്ന ശേഷം താനേ താണുപോകും. എന്നാൽ, കൂടെക്കൂടെ വരുന്നതും, വിട്ടുമാറാതിരിക്കുന്നതുമായ സ്ട്രെസ്സ്‌ ഗുണകരമല്ല. തുടർച്ചയായ മാനസിക പിരിമുറുക്കം ആത്മവിശ്വാസത്തെയും പ്രതിരോധത്തെയും തളർത്തിയേക്കാം. കൊറോണക്കാലത്ത് നെഗറ്റീവ് ന്യൂസ് തുടർച്ചയായി പിന്തുടരുന്നതും അതേപ്പറ്റി നിരന്തരമായി ആലോചിക്കുന്നതും ക്രോണിക് സ്‌ട്രെസ്സിന് കാരണമാകാം. നമ്മുടെ ശ്രദ്ധയും ചിന്തയും മറ്റു വിഷയങ്ങളിലേക്ക് ബോധപൂർവ്വം തിരിച്ചു വിടണം. കുട്ടികളുമൊത്തുള്ള കളികളും ഉല്ലാസവും തീർച്ചയായും വേണം. കോവിഡ്കാലത്തെ പരിമിതികൾ തരുന്ന അധികസമയം ചില നല്ല സൗഹൃദങ്ങൾ പൊടിതട്ടിയെടുക്കാൻ സഹായിക്കും. ടെൻഷൻ തോന്നുന്നത് മടിക്കാതെ പങ്കുവെക്കാം. അതിനുശേഷം മറ്റു വിഷയങ്ങളിലേക്ക് സംഭാഷണം ബോധപൂർവ്വം തിരിച്ചു വിടണം.

സ്‌ട്രെസ് തരംഗം ചിലപ്പോൾ അസഹ്യമായ അസ്വസ്ഥതകൾ ഉണ്ടാക്കാം. അകാരണവും അമിതവുമായ ഭയം ആവർത്തിക്കുന്നതാണ് പാനിക്ക് അറ്റാക്ക്. തനിക്ക് എന്തെങ്കിലും ഗൗരവമായ രോഗം ഉണ്ടെന്ന സംശയവും ശരീരത്തിലെ ചില അസ്വസ്ഥതകൾ അതിന്റെ ലക്ഷണങ്ങളാണ് എന്ന ചിന്തയും നിമിത്തം ഹ്രസ്വനേരത്തേക്ക് ശക്തമായ ഭയം തരംഗം പോലെ ഉയർന്ന് പിന്നെ സാവകാശം താഴുന്നു. കോവിഡ് ഭയം ചിലരിൽ പാനിക്ക് അറ്റാക്ക് ഉണ്ടാക്കാം. ഈ ഭയം ദോഷരഹിതമാണ്. അല്പം കഴിഞ്ഞു താനേ കുറയും. ഭയപ്പെടുന്ന അപകടമൊന്നും ടെസ്റ്റുകൾ ചെയ്തു നോക്കിയാൽ ശരീരത്തിലെങ്ങും കാണുകയുമില്ല. വാഹനമോടിക്കവെ സഡൻ ബ്രേക്ക് ചവിട്ടി അപകടം ഒഴിവാകുമ്പോൾ, മനസ്സിൽ ഒരു ആന്തൽ ഉയർന്നു താഴും പോലെയാണ് പാനിക് അറ്റാക്ക്. ഒരു എമർജൻസി ഉണ്ടെന്ന തെറ്റിദ്ധാരണയിൽ നമ്മുടെ ഓട്ടോണമിക് നേർവെസ് സിസ്റ്റം ദ്രുതഗതിയിലാകുന്നു. നായയെ പേടിച്ച് ഓടുമ്പോൾ നമുക്ക് വേഗത കൂടുന്ന പോലെ. അല്പം കഴിഞ്ഞു ഓട്ടോണമിക് തരംഗം സാധാരണ നിലയിലെത്തുന്നു. പാനിക്ക് അറ്റാക്ക് ആവർത്തിക്കുന്നുണ്ടെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും സഹായത്തോടെ പൂർണ്ണമായും ഭേദമാക്കാം.

സ്ട്രെസ് അല്ല, ക്രോണിക് സ്ട്രെസ് ആണ് ഒഴിവാക്കേണ്ടത് എന്ന് പറഞ്ഞല്ലോ. ക്രോണിക് സ്‌ട്രെസ് ചിലപ്പോൾ നിസ്സഹായതയും നിരാശയും വിഷാദവും ഉണ്ടാക്കാം. എളുപ്പം പരിഹരിക്കാനാവാത്ത സാമ്പത്തിക പ്രശ്നങ്ങളും അനിശ്ചിതത്വവും നിരന്തരമായ ടെൻഷന് കാരണമാകാം. സംസാരം കുറയുക, ഒന്നിനോടും താല്പര്യം ഇല്ലാതാകുക, വിശപ്പും ഉറക്കവും കുറയുകയോ കൂടുകയോ ചെയ്യുക, നെഗറ്റീവ് ചിന്തകൾ കൂടെക്കൂടെ വരിക തുടങ്ങിയ ലക്ഷണങ്ങൾ ഒരാഴ്ചയിലധികമായാൽ പ്രൊഫഷണൽ സഹായം തേടണം.

കുട്ടികൾക്ക്‌ മുതിർന്നവരെപ്പോലെ  ടെൻഷൻ  പ്രകടിപ്പിക്കാൻ അറിയില്ല. അടുത്തു ചെന്ന് സ്വസ്ഥമായിരുന്ന് ചോദിക്കണം, "മോനു കൊറോണയെ പേടിയുണ്ടോ, എന്താ ആലോചിക്കുന്നത്" അസുഖം വന്നാൽ ഒറ്റയ്ക്ക് ആശുപത്രിയിൽ കിടത്തും എന്ന ഭയം കുട്ടി ഉള്ളിലൊതുക്കുന്നുണ്ടാകാം. കൗമാരം വീടിനു പുറത്തുള്ള ലോകം കൂടുതൽ ഇഷ്ടപ്പെടുന്ന പ്രായമായതിനാൽ, വീട്ടിലെ അടച്ചിടലിനോട് പൊരുത്തപ്പെടാനാവാതെ ടീനേജറും അസ്വസ്ഥപ്പെടുന്നുണ്ടാകാം. ആശുപത്രിയുടെ ഏകാന്തതയിൽ കിടന്ന് മരിക്കേണ്ടിവരുമോ എന്ന ഭയം പ്രായമായവരുടെ മനസ്സിൽ ഉണ്ടാകാം. ഉള്ളിലെ ആകുല ചിന്തകൾ തുറന്നുപറയാൻ അനുവദിച്ച് അടുത്തിരുന്ന് കേൾക്കണം. സാമ്പത്തികമായി വഴിമുട്ടി എന്ന ഭയത്തിൽ തളർന്നിരിക്കുന്ന ജീവിതപങ്കാളിയുടെ അരികത്ത് കുറേ നേരം ഇരിക്കണം. മനസ്സ് തുറക്കുന്നത് കൊണ്ടുമാത്രം പ്രശ്നങ്ങൾ തീരില്ലായിരിക്കാം. പക്ഷേ, ചായാൻ ഒരു തോളും, ചേർത്തു പിടിക്കാൻ കൈത്തലവും ഉണ്ടെങ്കിൽ ആത്മവിശ്വാസം വീണ്ടെടുക്കാമല്ലോ. കൊയ്തെടുത്ത് ഉണക്കാൻ വിരിച്ച മുന്തിരിയെല്ലാം ആർത്തലച്ചുവന്ന മഴയത്ത് ഒലിച്ചുപോയപ്പോൾ, വീടിന്റെ ഇറയത്ത് മാറിനിന്ന അച്ഛനെ ആശ്വസിപ്പിക്കാൻ മകൻ (കസെൻദ് സാക്കിസ്) അടുത്തു ചെന്നു. "നമ്മുടെ മുന്തിരിയെല്ലാം പോയല്ലോ അച്ഛാ". അച്ഛൻ അവനോടു പറഞ്ഞു: "സാരമില്ല. നമ്മളൊക്കെ ഇവിടെത്തന്നെയുണ്ടല്ലോ".

കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യാൻ ഒട്ടും വൈകരുത്. ചിലർ ഭയം നിമിത്തം ടെസ്റ്റ് ചെയ്യാൻ വൈകുന്നു. "പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ട് എന്തിനാ, പ്രത്യേകിച്ച് ചികിത്സ ഇല്ലല്ലോ" എന്നു വിചാരിക്കുന്നവരുമുണ്ട്. കോവിഡിനുള്ള പ്രത്യേക മരുന്ന് കണ്ടുപിടിച്ചിട്ടില്ല എങ്കിലും, രോഗത്തിന്റെ ഓരോഘട്ടത്തിനും ഉതകുന്ന ചികിത്സാ രീതികൾ ഉണ്ട്. നേരത്തെ ടെസ്റ്റ് ചെയ്ത് ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ് ഏറ്റവും ഫലപ്രദം.

സഹായിക്കാനാരുമില്ല എന്ന് കരുതരുത്. ആവശ്യങ്ങളിൽ തേടിവന്ന് സഹായിക്കാൻ സുമനസ്സുകൾ (വോളന്റീർസ്) ധാരാളം നമുക്ക് ചുറ്റും ഉണ്ട്. ഭക്ഷണവും മരുന്നും എത്തിക്കാനും, ക്ഷമയോടെ കേട്ട് ആശ്വസിപ്പിക്കാനും മനസ്സുള്ളവർ. എല്ലാ വാതിലും അടഞ്ഞു പോകാറില്ല. അവസാനത്തെ വാതിൽ അടഞ്ഞെന്ന് തോന്നുമ്പോൾ മറ്റൊന്ന് തുറക്കുന്നു. കടൽതീരത്ത് തിരമാലകൾ കയറിയിറങ്ങുമ്പോൾ പരസ്പരം കൈപിടിച്ച് കുട്ടികൾ കാൽവഴുതാതെ നിൽക്കുന്നപോലെ, ഈ കോവിഡ് തരംഗം കടന്നു പോകുവോളം നമുക്കും പിടിച്ചു നിൽക്കാം.

 

Dr Fr Rajeev Michael OCD

St Joseph’s Hospital, Manjummel

 

Dr Sr Roshin Kunnel SVC

St Sebastian’s Hospital, Arthunkal