ഒരു നിമിഷം നൽകാം ഒരു ജീവിതം നേടാം
മരണഭയം മനുഷ്യന്റെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും പൊതുസ്വഭാവമാണ്. മരണത്തിനു ശേഷം തിരിച്ചുവരവ് ഇല്ല എന്ന അറിവാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍, ഏറ്റവുമധികം ഭയപ്പെടുന്നതിനെത്തന്നെ ആശ്ലേഷിക്കാന്‍ ചിലനേരം ഒരാളുടെ മനസ്സ് പരുവപ്പെടുന്നു. ആത്മഹത്യാവിചാരം ലളിതവല്ക്കലരിക്കാന്‍ പാടില്ലാത്ത മനുഷ്യമനസ്സിന്റെ സമസ്യകളിലൊന്നാണ്.
കേരളത്തില്‍ ഒരു ലക്ഷം പേർ മരിക്കുമ്പോൾ 25 പേർ ആത്മഹത്യ ചെയ്യുന്നു. എന്നാൽ, ദേശീയ ശരാശരി പത്താണ്. അതേസമയം, കേരളത്തില്‍ കുട്ടികളുടെ ആത്മഹത്യാനിരക്ക് കുറഞ്ഞുവരുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വർഷത്തെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ആശ്വാസത്തിന് വക തരുന്നു. മാധ്യമങ്ങൾ പലപ്പോഴും ചെയ്യുന്നപോലെ സംഭവങ്ങളെയും കണക്കുകളെയും പെരുപ്പിച്ചുകാട്ടി സെൻസേഷണൽ ആക്കാവുന്ന ഒരു വിഷയമല്ല ഇത്.
ഒരിക്കൽ കൊച്ചിയിലെ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ആത്മഹത്യാപ്രതിരോധദിന പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ മുഖം ചുളുച്ചുകൊണ്ട് ഒരാൾ പ്രതികരിച്ചു. “ഓ എനിക്ക് അത്തരം പ്രശ്നമൊന്നുമില്ല, ഉണ്ടാവുകയുമില്ല”. ആത്മഹത്യ മറ്റാരുടെയൊക്കെ മാത്രം പ്രശ്നമാണ് എന്നു കരുതി ഒഴിയാനാവില്ല. കണക്കുകള്‍ പ്രകാരം ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ 25-50 പേര്‍ അതിനു ശ്രമിക്കുന്നുണ്ട്. നമുക്കിടയിലെ 20 പേരിലൊരാൾക്ക് രോഗാതുരമായ വിഷാദം നിമിത്തം ആത്മഹത്യാ ചിന്തകളുണ്ട്. കൗമാരത്തിലെ മരണത്തിന്റെ പ്രധാന കാരണങ്ങളില്‍ രണ്ടാമത്തേത് ആത്മഹത്യയാണ്. ആത്മഹത്യാവിചാരം ഒരിക്കലെങ്കിലും, പ്രത്യേകിച്ച് കൗമാരപ്രായത്തില്‍, ഉണ്ടാകാത്തവർ വിരളമാണ്. ആയതിനാല്‍ ആത്മഹത്യയെ പ്രതിരോധിക്കുകയെന്നത് നമ്മുടെയോ നമുക്ക് പ്രിയപ്പെട്ട ആരുടെയൊക്കെയോ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്.
“എനിക്കു (ജീവിതം) മടുത്തു... എല്ലാം അവസാനിപ്പിക്കണം" എന്നൊരാള്‍ പറഞ്ഞാല്‍ അടുപ്പമുള്ളവരിൽ നിന്ന് എന്തു പ്രതികരണമായിരിക്കും ലഭിക്കുക എന്ന ചോദ്യത്തിന് ഒരു ഇന്ത്യൻ പഠനം കണ്ടെത്തിയ ഉത്തരം നമ്മെ ചിന്തിപ്പിക്കുന്നതാണ്. അയാൾക്ക് യാതൊരു പ്രതികരണവും കിട്ടാതിരിക്കാനാണ് കൂടുതല്‍ സാധ്യതയത്രേ. ചെറിയൊരു മൗനത്തിനുശേഷം കേള്‍ക്കുന്നയാള്‍ മറ്റൊരു വിഷയത്തിലേക്കു മാറിയേക്കാം. സംസാരം അവിടെ മുറിഞ്ഞുപോയേക്കാം. കാരണമിതാണ്, “ആത്മഹത്യ ചെയ്യാന്‍ ആലോചിക്കുന്നു” എന്നുപറയുന്നയാളോട് എന്തു മറുപടിയാണ് നൽകേണ്ടതെന്ന് സാമാന്യം ഒരാൾക്ക് അത്ര നിശ്ചയമില്ല. അതുകൊണ്ടുതന്നെ ആ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. നിരവധി പഠനങ്ങള്‍ കാണിക്കുന്നത് ആത്മഹത്യചെയ്യുന്നവര്‍ മുമ്പേ ആരോടെങ്കിലും പറയാറുണ്ട് എന്നതാണ്. പക്ഷേ സഹായകരമായ പ്രതികരണം കിട്ടാത്തതിനാല്‍ പിന്നീട് തുറന്നു പറയാതെ മനസ്സിലൊതുക്കുന്നു. ആർക്കും തന്നെ മനസ്സിലാവില്ല, ആർക്കും സഹായിക്കാനാകില്ല എന്ന തോന്നല്‍ ബലപ്പെടുന്നു. മക്കള്‍ മാതാപിതാക്കളോടും ഭർത്താവ് ഭാര്യയോടുപോലും ആത്മഹത്യാ വിചാരം തുറന്നു പറയാതാകുന്നത് അങ്ങനെയാണ്. സഹായം ലഭിക്കാവുന്ന വാതിലുകള്‍ അങ്ങനെ അടഞ്ഞു പോകുന്നു.
വിഷാദം ആത്മഹത്യാ വിചാരത്തിലെത്തി നില്ക്കുന്നയാളോട് “കുറച്ചുദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു എന്തോ അസ്വസ്ഥത നിനക്കുള്ളതുപോലെ... എന്തെങ്കിലും പ്രശ്നമുണ്ടോ?” എന്നു ചോദിച്ചാല്‍ മിക്കവാറും നിങ്ങൾക്ക് ലഭിക്കുന്ന ഉത്തരം “എന്ത്? എനിക്ക് ഒന്നുമില്ല. I’m fine" എന്നിങ്ങനെയുള്ള മറുപടി ആയിരിക്കും. നിങ്ങള്‍ പിന്നെ കൂടുതലൊന്നും ചോദിക്കില്ല. അയാള്‍ എന്തെങ്കിലും ചെയ്തെന്ന് പിന്നീട് അറിയുമ്പോഴാണ് സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് നിങ്ങള്‍ വിഷമിക്കുന്നത്. കാരണം, ഒരുവട്ടം ചോദിച്ചതുകൊണ്ടായില്ല. തനിക്ക് കുഴപ്പമൊന്നുമില്ല എന്നു പറയുന്നയാള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാവാം. അയാളോട് വീണ്ടും ഒരിക്കൽക്കൂടി ചോദിച്ചുനോക്കൂ. “എനിക്കറിയാം എന്തോ നിന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എന്താണെങ്കിലും എന്നോടു തുറന്നുപറയൂ” അയാളുടെ തോളില്‍ കൈവെച്ച് അയാള്‍ മൗനം വിട്ട് പുറത്തുവരാന്‍ കുറച്ചുനിമിഷം നിങ്ങള്‍ കാത്തിരിക്കൂ. ഒഴിഞ്ഞുമാറാന്‍ തുനിഞ്ഞയാളുടെ കണ്ണില്‍ ദുഃഖം നിറയുന്നതും, പിന്നെ നിങ്ങള്‍ ചേർത്തു പിടിക്കുമ്പോള്‍ അയാള്‍ പൊട്ടിക്കരയുന്നതും കാണാം.
ആത്മഹത്യ പ്രതിരോധിക്കാന്‍ helpline സേവനം നൽകുന്ന കളമശ്ശേരിയിലെ ‘മൈത്രി’ (0484-2540530, 10am–7pm) യുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ഒരിക്കല്‍ സന്ദർശിച്ചു. ആ സമയത്ത് വോളന്റിയറായി കൗൺസിലിങ് നല്കുന്നയാൾ എന്നെ സ്വീകരിച്ചിരുത്തി. ഞാന്‍ വന്നകാര്യം സംസാരിക്കുന്നതിനിടയില്‍ അവര്‍ എന്നോടു ചോദിച്ചു: “ജീവിതത്തെക്കുറിച്ച് എപ്പോഴെങ്കിലും മടുപ്പ് തോന്നിയിട്ടുണ്ടോ?” പെട്ടെന്നുള്ള ചോദ്യം അത്ഭുതപ്പെടുത്തിയെങ്കിലും ഞാന്‍ മറുപടി നൽകി: “ഇല്ല, സന്തോഷമാണ്.” മറ്റൊരാവശ്യത്തിനു വന്നതാണെങ്കിൽപ്പോലും ഈ ചോദ്യം അവിടെ വരുന്നയാളോട് ചോദിക്കണമെന്ന് അവര്‍ പരിശീലിച്ചിട്ടുണ്ടത്രേ.
ഓരോ ആത്മഹത്യയുടെയും പിന്നില്‍ ഒരു മൗനത്തിന്റെ കഥയുണ്ട്. ചോദിക്കാതെ പോയ ചോദ്യത്തിന്റെ കഥയുണ്ട്. മനസ്സുതുറക്കാനും സംസാരിക്കാനും വഴിയൊരുക്കുകയാണ് പ്രധാനം. ചോദിക്കാന്‍ മടിക്കരുത്. സൗമ്യമായി, ഒപ്പം ദൃഡമായും. ലാഘവത്തോടെ പറഞ്ഞതാണെങ്കിൽക്കൂടി നിസ്സാരമായി വിട്ടുകളയരുത്. തുറന്ന ചോദ്യങ്ങള്‍ (open-ended questions) വഴി മനസ്സുതുറക്കാന്‍ പ്രേരിപ്പിക്കുക: എന്താണ് തോന്നുന്നത്? ജീവിതത്തോട് നിരാശ തോന്നിയിട്ടുണ്ടോ? ഏന്തെങ്കിലും വന്ന് മരിച്ചു പോയെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടോ? ആത്മഹത്യ ചെയ്യണമെന്ന ചിന്ത വരാറുണ്ടോ? കൂടെക്കൂടെ വരാറുണ്ടോ? മനസ്സില്‍ എപ്പോഴെങ്കിലും പ്ലാന്‍ ചെയ്തിട്ടുണ്ടോ? എന്നിങ്ങനെ ലഘുവായ ചോദ്യങ്ങളില്‍ നിന്ന് ഉത്തരങ്ങൾക്കനുസരിച്ച് കൂടുതല്‍ ഗൗരവമുള്ള ചോദ്യങ്ങളിലേക്കു നീങ്ങാന്‍ മടിക്കരുത്. കാരണം, നിർബന്ധപൂർവം ചോദിക്കുമ്പോഴായിരിക്കാം അയാള്‍ തുറന്നുപറയുന്നത്.
ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നെങ്കില്‍, അയാളുടെ അനുവാദത്തോടെ ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും അറിയിക്കുക, ഡോക്ടറുടെ സഹായം തേടാന്‍ നിർബന്ധിക്കുക, ഹെല്‍പ് ലൈനുമായി ബന്ധപ്പെടാന്‍ പ്രേരിപ്പിക്കുക, അയാള്‍ തനിച്ചല്ലെന്നും നിങ്ങള്‍ സഹായത്തിനുണ്ടെന്നും ഉറപ്പുനല്കുക. ഏറ്റവും പ്രധാനമായി, അയാളോട് ഒരു promise ചോദിക്കുക: ജീവിതം അവസാനിപ്പിക്കണമെന്നു തോന്നിയാല്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കും മുമ്പേ നിങ്ങളെ contact ചെയ്യുമെന്നും തുടർന്ന്, തിരിച്ചു നിങ്ങള്‍ contact ചെയ്യുന്നതുവരെ കാത്തിരിക്കുമെന്നും നിർബന്ധപൂർവം വാഗ്ദാനം ചെയ്യിക്കുക.
ഓരോ ആത്മഹത്യയും ഒഴിവാക്കാനാകുമായിരുന്ന മരണമാണ്. ഒരുനിമിഷം മാറ്റിവയ്ക്കാന്‍ നമുക്കുണ്ടെങ്കില്‍ ഒരുപക്ഷേ നമ്മള്‍ നേടുന്നത് ഒരു ജീവിതമായിരിക്കും.
Dr Fr Rajeev Michael OCD
PhD in Clinical Psychology, NIMHANS, Bangalore
Dr Sr Roshin Kunnel SVC
PhD in Clinical Psychology, UNIBAS, Switzerland
അനുബന്ധം
തെറ്റ്
ആത്‌മഹത്യയെക്കുറിച്ച് പറയുന്നവര്‍ ചെയ്യില്ല
ശരി
ആത്‌മഹത്യ ചെയ്യുന്നവര്‍ ആരോടെങ്കിലും മുൻപേ പറയാറുണ്ട്.
തെറ്റ്
ആത്‌മഹത്യയെക്കുറിച്ച് സംസാരിച്ചാല്‍ ചെയ്യാനുള്ള പ്രേരണയാകും
ശരി
തുറന്നു സംസാരിക്കുന്നത് ആത്‍മഹത്യ തടയാൻ സഹായിക്കും.
തെറ്റ്
മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനാണ് ആത്മഹത്യാശ്രമം നടത്തുന്നത്.
ശരി
ആത്മഹത്യാശ്രമം മനോവ്യഥ മാറ്റാനുള്ള അവസാനശ്രമമായിരിക്കാം
തെറ്റ്
ചിലതരം ആളുകൾക്ക് മാത്രമാണ് ആത്‌മഹത്യവിചാരം ഉണ്ടാകാറുള്ളത്
ശരി
മിക്കയാളുകൾക്കും ചിലനേരം ആത്മഹത്യാവിചാരം ഉണ്ടായിട്ടുണ്ട്.
ഇത്തരം വാക്കുകള്‍ കാര്യമായിത്തന്നെയെടുക്കുക, എപ്പോഴും.
ഇനി എനിക്കു കഴിയില്ല; മതിയായി.
ഞാനില്ലാത്തതാണ് എല്ലാവര്ക്കും നല്ലത്.
എനിക്ക് ജീവിക്കാനുള്ള തോന്നാറില്ല.
ഞാന്‍ കാണിച്ചുതരാം; നിങ്ങള്‍ ദുഃഖിക്കും.
എന്നെക്കുറിച്ചോർത്ത് നിങ്ങള്ക്കു വിഷമിക്കേണ്ടി വരില്ല.
Dr Fr Rajeev Michael OCD
PhD in Clinical Psychology, NIMHANS, Bangalore
Dr Sr Roshin Kunnel SVC
PhD in Clinical Psychology, UNIBAS, Switzerland