Blog

Let's vaccinate our minds



മനസ്സിനും വേണം വാക്സിനേഷൻ

രോഗങ്ങൾ വന്നിട്ട് ചികിത്സിക്കണോ അതോ വരാതെ നോക്കണമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. സമൂഹത്തിൽ വലിയൊരു ശതമാനത്തിന് വ്യാപകമായി ഉണ്ടാകുന്ന രോഗങ്ങളെ സംബന്ധിച്ച്, രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങളാണ്  കൂടുതൽ ഫലപ്രദം. കൊറോണ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വരാതെ പ്രതിരോധിക്കാനാണല്ലോ ലോകരാഷ്ട്രങ്ങൾ ശ്രമിച്ചത്.  ശാരീരിക ആരോഗ്യത്തിന് എന്നപോലെ മനസ്സിന്റെ ആരോഗ്യത്തിനും പ്രതിരോധമാർഗങ്ങൾ ഏറെ പ്രധാനമാണ്. കൊറോണ രോഗം അമിതമായി വ്യാപിക്കുന്ന നാടുകളിൽ പോലും (ഇന്ത്യ ഉൾപ്പെടെ) കോവിഡ് രോഗം ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് സമൂഹത്തിൽ  ഒരു ശതമാനത്തിനു താഴെയാണ്. എന്നാൽ, മാനസിക രോഗങ്ങൾ ഉള്ളവർ ഏതൊരു സമൂഹത്തിലും 10 ശതമാനത്തിലധികം ആണ് (കേരളത്തിൽ 12-13%). അങ്ങനെയെങ്കിൽ, മാനസിക പ്രശ്നങ്ങൾക്ക് പ്രതിരോധ രീതികൾ എത്രയധികം അനിവാര്യമാണ്!  ദിവസവും രാത്രി എല്ലാവരും പല്ലു തേച്ചിട്ട് കിടക്കുക എന്നതിന് പകരം പല്ലിന് കേട് വന്നാൽ ചികിത്സിച്ചാൽ മതിയല്ലോ എന്നു കരുതാനാവുമോ? പല്ലു തേയ്ക്കുന്നതും ശുചിത്വം പാലിക്കുന്നതും രോഗം വരാതിരിക്കാനുള്ള "വാക്സിനേഷൻ" ആണെങ്കിൽ, അതുപോലെ മനസ്സിന്റെ കാര്യത്തിൽ നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഞങ്ങൾ ഇവിടെ ഒരു ചർച്ചയ്ക്ക് തുടക്കമിടുകയാണ്.

ഫാമിലി കൗൺസിലിങ്ങിന്  മുഖവുരയായി യുവദമ്പതികൾ പറഞ്ഞു: "വിവാഹം കഴിഞ്ഞ് ഒരു വർഷമായി. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. പ്രീ മാരിറ്റൽ കോഴ്സ് നടത്തിയില്ലായിരുന്നു. ഞങ്ങൾക്ക് കുറച്ച് ഗൈഡൻസ് വേണമെന്ന് തോന്നി." ഇത് കേരളത്തിൽ പതിവുള്ള കാര്യമല്ല. വിവാഹത്തിനുശേഷം ആദ്യത്തെ ആറു മാസത്തിനും രണ്ടുവർഷത്തിനും ഇടയിൽ ദാമ്പത്യപ്രശ്നങ്ങൾ രൂപപ്പെടുമെങ്കിലും, അതു വളർന്നു രൂക്ഷമായ ശേഷമാണ് പലരും കൗൺസിലിംഗ് പ്ലാൻ ചെയ്യുക. ദാമ്പത്യ ബന്ധം വഷളായ അവസ്ഥയിൽ തിരുത്തലുകൾ എളുപ്പമല്ലാതാവുന്നു. മനസ്സും ശരീരവും സ്വഭാവവും വ്യത്യസ്തമായ രണ്ടുപേർ ഒരുമിച്ച് ജീവിക്കുമ്പോൾ, ചെറിയ പ്രശ്നങ്ങൾ സ്വാഭാവികമാണ്. അവ വലുതാകും മുമ്പ് വിദഗ്ധ നിർദ്ദേശങ്ങൾ തേടുക എന്നതാണ് ശരിയായ പ്രതിരോധമാർഗം. വിവാഹബന്ധത്തിന്റെ പാരസ്പര്യ (സിസ്റ്റമിക്) സ്വഭാവം മനസ്സിലാക്കുമ്പോഴാണ് മാറ്റങ്ങൾ വരിക. അതിന് ഗൈഡൻസ് ആവശ്യമാണ്. മാരിറ്റൽ എൻറിച്ച്മെന്റ് ക്ലാസുകളോ ഗ്രൂപ്പ് തെറാപ്പിയോ ആവശ്യമെങ്കിൽ ഒരുമിച്ചുള്ള കപ്പിൾ കൗൺസിലിംഗോ ശരിയായ സമയത്ത് തേടാൻ മടിക്കരുത്.

മാനസിക പ്രശ്നങ്ങളും രോഗങ്ങളും ആർക്കും വരാം. രോഗം വരാനുള്ള ജനിതക സാധ്യത (vulnerability) നമ്മിൽ പലർക്കും ഉണ്ടെങ്കിലും ചിലരിൽ മാത്രമാണ് അത് ഉണർന്ന് പ്രകടമാകുന്നത്. നിദ്രാവസ്ഥയിലുള്ള അത്തരം സാധ്യതയെ തട്ടിയുണർത്തുന്നത് ജീവിത സമ്മർദ്ദങ്ങളാണ്. ഉദാഹരണത്തിന്, സാമ്പത്തിക നഷ്ടങ്ങളും പ്രിയമുള്ളവരുടെ തിരസ്കരണവും അന്തർലീനമായ രോഗസാധ്യതയ്ക്ക് പ്രകടമാകാനുള്ള സാഹചര്യമൊരുക്കുന്നു. അങ്ങനെയെങ്കിൽ, രോഗത്തെ എങ്ങനെ പ്രതിരോധിക്കാം? പ്രശ്നങ്ങളും പരാജയങ്ങളും ഒഴിവാക്കി സംരക്ഷിക്കപ്പെടാതെ, അവയെ നേരിട്ട് അതിജീവിക്കാൻ ശീലിച്ചു വളർന്നയാൾക്ക് കൂടുതൽ പ്രതിരോധശേഷി ഉണ്ടാകുമെന്ന് പൊതുവേ പറയാം. അതായത്, "ഞാൻ അവനെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് വളർത്തിയത്" എന്നുപറയുമ്പോൾ 'അപകടം വരുത്തിവെച്ചു' എന്നാണർത്ഥം. "ടെൻഷൻ" ഒഴിവാക്കുകയല്ല, അതിജീവിക്കുകയാണ് വേണ്ടതെന്ന് കുട്ടികൾ മനസ്സിലാക്കുന്നത് വലിയൊരു വാക്സിനേഷൻ ആണ്.

'ബാല്യത്തിൽ വിതച്ചത് കൗമാരത്തിൽ കൊയ്യും' എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടോ? പത്തു വയസ്സിനു മുമ്പ് കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ വന്ന പോരായ്മകളാണ് പിന്നീട് കൗമാരത്തിൽ സ്വഭാവ പ്രശ്നങ്ങളായി പ്രകടമാകുന്നത് എന്ന് മാതാപിതാക്കൾക്ക് പൊതുവേ അറിയാം. കുട്ടികൾ മോശമാകാൻ  മനപൂർവ്വം മാതാപിതാക്കൾ ഒന്നും ചെയ്യില്ലല്ലോ. മറിച്ച്, തങ്ങളുടെ അറിവും സാഹചര്യവും അനുസരിച്ച് നല്ലതെന്ന് കരുതുന്ന കാര്യങ്ങളാണ് കുട്ടികൾക്ക് വേണ്ടി ചെയ്യുന്നത്. എങ്കിലും, ചിലപ്പോൾ വിപരീത ഫലങ്ങൾ ഉണ്ടാവുന്നു. കൗമാരത്തിൽ എത്തി കാര്യങ്ങൾ കൂടുതൽ വഷളായ ശേഷമാണ് പലപ്പോഴും മാതാപിതാക്കൾ ഒരു വിദഗ്ദ്ധ ഉപദേശം തേടുന്നത്. പെരുമാറ്റ പ്രശ്നങ്ങൾ എളുപ്പം തിരുത്താവുന്ന ചെറുപ്രായത്തിൽ ബിഹേവിയറൽ തെറാപ്പി ചെയ്യാമായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ, സങ്കടവും നിസ്സഹായതയും തോന്നാം. പകരം, എല്ലാ മാതാപിതാക്കളും ശരിയായ സമയത്ത് പാരന്റിംഗ് സംബന്ധിച്ച് വിദഗ്ധോപദേശം നേടുക എന്നതാണ് ശരിയായ പ്രതിരോധമാർഗം. രസകരമായ പ്രോഗ്രാമുകളെക്കാൾ, ആധികാരികമായ ശാസ്ത്രീയ അറിവ് നൽകുന്ന ക്ലാസ്സുകളും മാതാപിതാക്കൾക്കുള്ള ഗ്രൂപ്പ് തെറാപ്പികളും ആവശ്യമെങ്കിൽ പ്രത്യേകമായ ഫാമിലി തെറപ്പിയുമാണ് തേടേണ്ടത്.

നമ്മുടെ യുവാക്കൾക്ക് ലഹരിയുടെ സ്വാധീനത്തിൽപെട്ട് ലക്ഷ്യവും ഉത്തരവാദിത്വവും ഇല്ലാതാകുന്നു എന്നതിനെക്കുറിച്ച് മാതാപിതാക്കളും സമൂഹവും അസ്വസ്ഥരാണ്. ലഹരിക്ക് അടിമപ്പെട്ടവരെയെല്ലാം ചികിത്സിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി നിർബന്ധമായും ചികിത്സിക്കുന്നതുകൊണ്ട് പരിഹാരമാകുമോ? മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് തുടങ്ങുന്ന പ്രായമാണ് പ്രധാനപ്രശ്നം. 20 വയസ്സിന് എത്ര വർഷം മുമ്പ് ലഹരി ഉപയോഗിച്ചു തുടങ്ങുന്നുവോ, അത്രത്തോളം ഡിപെന്റൻസ്  എന്ന രോഗസാധ്യത കൂടുന്നു. പതിമൂന്നും പതിനഞ്ചും പതിനേഴും വയസ്സുള്ള കുട്ടികൾക്ക് ലഹരി വസ്തുക്കൾ ലഭിക്കുന്നതും ഉപയോഗിക്കുന്നതും കണ്ടെത്താനും തടയാനുമുള്ള ജാഗ്രതയും കൂട്ടായ ശ്രമവുമാണ് ഫലപ്രദമായ പ്രതിരോധ മാർഗം.

നിരന്തരമായ മാനസിക സമ്മർദ്ദം വിഷാദത്തിനും ആത്മഹത്യാപ്രവണതയ്ക്കും സാഹചര്യമൊരുക്കുന്നു. പ്രശ്നങ്ങളിലേക്ക് അമിതശ്രദ്ധ നൽകുന്നതാണ് പ്രധാനമായും ഒഴിവാക്കേണ്ടത്. അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ കഴിവതും ശ്രമിക്കണം. വിഷാദവും നിസ്സഹായതയും തോന്നുന്നയാൾക്ക് ഇത് സ്വയം കഴിഞ്ഞെന്നുവരില്ല. അങ്ങനെയെങ്കിൽ കൂടെയുള്ളവർ നിർബന്ധപൂർവ്വം സഹായിക്കണം. വിഷാദത്തിന്റെ ലക്ഷണങ്ങൾ കൂടെയുള്ളവർ ശ്രദ്ധിക്കാതെ പോകരുത്. പെരുമാറ്റത്തിലെ മാറ്റത്തെ കാര്യമായി എടുക്കണം. എന്താണ് മനസ്സിൽ തോന്നുന്നത് എന്ന് നിർബന്ധമായും ചോദിച്ചറിയണം. ജീവിതത്തോട് മടുപ്പും നിരാശയും തോന്നുന്നുണ്ടോ എന്ന് ചോദിക്കണം.  വിഷാദിച്ചിരിക്കുന്ന മനസ്സിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടാകും. നമ്മൾ ചോദിക്കാൻ മടിക്കരുത്. ചോദിച്ചാലേ അയാൾക്ക് പറയാൻ സാധിക്കൂ. തുറന്നുപറയാൻ സഹായിക്കുകയാണ് ആത്മഹത്യയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. തുടർന്ന് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തണം.

ആരോഗ്യമുള്ള ശരീരത്തിന് വേണം ആരോഗ്യമുള്ള മനസ്സ്. കൊറോണയ്ക്ക് എന്നപോലെ, മാനസിക പ്രശ്നങ്ങൾക്കും ചികിത്സയും ഒപ്പം പ്രതിരോധവും ആവശ്യമാണ്. ചികിത്സ നൽകുന്നത് ശരിയായ പരിശീലനം ലഭിച്ച ഡോക്ടറും സൈക്കോളജിസ്റ്റുമാണ്. എന്നാൽ, പ്രതിരോധം സമൂഹത്തിൽ ഏവരുടെയും ഉത്തരവാദിത്വമാണ്. മാതാപിതാക്കൾക്കും അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആത്മീയ നേതാക്കൾക്കും കൂടുതൽ ഉത്തരവാദിത്വം ഉണ്ട്. ഒരു സമൂഹമെന്ന നിലയിൽ മാനസിക പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് പ്രധാന തടസ്സം ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും മാനസിക രോഗങ്ങളെ പരിഹാസത്തോടെ കാണുന്നതും ശരിയായ അറിവ് നേടാത്തതും വികല ധാരണകൾ പ്രചരിപ്പിക്കുന്നതുമാണ്. മനസ്സിന്റെ ആരോഗ്യം എന്നത് ഒരു സമൂഹം ഒരുമിച്ചുനിന്ന് നേടിയെടുക്കേണ്ടതാണ്. നമുക്ക് അതിനു കഴിയട്ടെ.

Dr Fr Rajeev Michael OCD,
PhD in Clinical Psychology, NIMHANS, Bangalore

Dr Sr Roshin Kunnel SVC,
PhD in Clinical Psychology, UNIBAS, Switzerland