Blog

Parenting tips for teen drug prevention



ലഹരിയും സ്‌കൂൾക്കുട്ടികളും പ്രതിരോധ മാർഗങ്ങളും

പത്തു വർഷം മുൻപ് നമ്മുടെ സ്‌കൂൾക്കുട്ടികളുടെ കയ്യിൽ ലഹരി എത്തുന്നുണ്ടെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ലഹരിക്കച്ചവടം ഇപ്പോൾ കുട്ടികൾക്കിടയിൽ വ്യാപകമായതിനാൽ, വലിയ ഭയത്തോടെയാണ് പേരന്റ്സ് കുട്ടികളെ സ്‌കൂളിലും ട്യൂഷനും കളിക്കാനും വിടുന്നത്. ഇളം പ്രായത്തിൽ ലഹരി ഉപയോഗിച്ച് തുടങ്ങുന്നതാണ് പിന്നീട് അതിനു അടിപ്പെടാൻ പ്രധാന കാരണം. അതിനാൽ, സ്‌കൂൾക്കുട്ടികൾ ലഹരി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് പിന്നീടതിന് അടിപ്പെടാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം. ലഹരിയെന്ന വിപത്തിനെ പ്രതിരോധിക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പ്രധാന വിവരങ്ങൾ മാത്രം ഇവിടെ ഹൈലൈറ് ചെയ്യാം.

പേരന്റ്സ് അറിഞ്ഞിരിക്കേണ്ടത്

ഇരയാണ്, കുറ്റവാളിയല്ല

കഞ്ചാവോ LSD സ്റ്റാമ്പൊ ഉപയോഗിക്കുന്ന സ്‌കൂൾക്കുട്ടി ലഹരിവ്യാപനം എന്ന സാമൂഹ്യതിന്മയുടെ ഇരയാണ്. സ്‌കൂളും നാടും സുരക്ഷിതമാക്കാൻ കഴിയാത്ത നമ്മളാണ് കുറ്റക്കാർ. ശകാരവും ശിക്ഷയുമല്ല, തുറന്നു സംസാരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്.

ലഹരിയെക്കുറിച്ച് അറിവു നേടണം

നമ്മുടെ നാട്ടിൽ കുട്ടികൾക്കിടയിൽ പ്രചരിക്കുന്ന ലഹരിവസ്തുക്കളുടെ പേരും തരവും വിളിപ്പേരുകളും അവ വരുന്ന വഴികളും ഉപയോഗിക്കുന്ന രീതികളും നന്നായറിയണം. മൃദുലഹരിയിൽ തുടങ്ങി തീവ്രലഹരിയിലേക്ക് പോകാൻ ഇടയുള്ളതിനാലാണ് കഞ്ചാവും LSD-സ്റ്റാമ്പും ‘gateway drug’ എന്നറിയപ്പെടുന്നത്. മുളയിലേ നുള്ളണം.

പ്രായമാണ്‌ മുഖ്യ കാരണം

ഇളം പ്രായത്തിൽ ഉപയോഗിച്ച് തുടങ്ങുന്നതാണ് പിന്നീട് ഡിപെൻഡൻസി രോഗം ഉണ്ടാകാനുള്ള പ്രധാന കാരണം. സ്ഥിരം കസ്റ്റമേഴ്സിനെ കിട്ടാൻ ലഹരി മാഫിയ കുട്ടികൾക്ക് കെണിയൊരുക്കുന്നതിനെക്കുറിച്ച് കുട്ടികളുമായി ചർച്ച ചെയ്യണം. സ്വയം നിയന്ത്രിക്കാനുള്ള കഴിവാണ് ലഹരി ക്രമേണ ഇല്ലാതാക്കുന്നത്.

ലഹരി ഉപയോഗിക്കുന്ന കുട്ടികളിൽ വരുന്ന മാറ്റങ്ങളും ലക്ഷണങ്ങളും

  • കണ്ണുകളിൽ പതിവില്ലാത്ത ചുവപ്പ് നിറം
  • ഉറക്കമില്ലായ്മ
  • പതിവിലധികം തുടിപ്പുള്ള പേശികൾ
  • ഭാരക്കുറവും ഭാരക്കൂടുതലും
  • ഞരമ്പുകളിലെ പതിവില്ലാത്ത വിങ്ങലുകൾ
  • ശബ്ദത്തിലും സംസാരത്തിലും മാറ്റങ്ങൾ
  • ശ്വാസത്തിലും വസ്ത്രത്തിലും മണവ്യത്യാസം
  • വൃത്തിയില്ലായ്മ 
  • ഏകാഗ്രതയില്ലായ്മ
  • അസ്വസ്ഥഭാവവും, പെട്ടെന്ന് കോപിക്കുന്നതും
  • കളവു പറയുന്നതും കളവു ചെയ്യുന്നതും
  • ഒന്നിനും താൽപല്യമില്ലായ്മ, മടുപ്പ് 
  • കൂസലില്ലായ്മ, നിസ്സംഗ മനോഭാവം
  • പെട്ടെന്നുള്ള വികാരമാറ്റവും അസ്ഥിരതയും
  • അനാവശ്യ/അമിത ഭയവും, കുറ്റബോധവും

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ലഹരി ഉപയോഗിക്കാത്തവരിലും കാണാം. എന്നാൽ, ഇവ ഒരു ഡോക്ടറിന്റെ (clinical psychologist or psychiatrist)  സഹായം തേടാനുള്ള സൂചനയാണ്.

ലഹരി ദുരുപയോഗം രോഗമാകുന്നതിന്റെ ലക്ഷണങ്ങൾ

ഡിപെൻഡൻസി രോഗവും ലക്ഷണങ്ങളും

ലഹരി വസ്തു brain-ൽ വരുത്തുന്ന മാറ്റമാണ് dependence syndrome. ലഹരി വസ്തു കിട്ടാനുള്ള അമിതമായ ആഗ്രഹം/ആസക്തി, അളവ് നിയന്ത്രിക്കാൻ കഴിയാത്തത്, ടെൻഷൻ/ബോറടി മാറ്റാൻ, അഥവാ, വൈകാരിക ആശ്വാസത്തിനായി ഉപയോഗിക്കുന്നത്, ഉപയോഗിക്കുമ്പോൾ മനോഭാവവും പെരുമാറ്റവും മാറുന്നത്, ഉത്തരവാദിത്തങ്ങൾ അവഗണിക്കുന്നത്, കിട്ടാത്തപ്പോൾ ശാരീരിക/മാനസിക അസ്വസ്ഥതകൾ ഉണ്ടാകുന്നത്, കാലക്രമേണ ലഹരി ഉപയോഗിക്കുന്നതിന്റെ അളവും, തരവും, വീര്യവും കൂടുന്നത് - മേല്പറഞ്ഞവയിൽ മൂന്നോ അതിലധികമോ ഉണ്ടെങ്കിൽ രോഗസൂചനയാണ്. ഡോക്ടറെ കാണാൻ മടിക്കരുത്.

സൈക്കോസിസ് ഉണ്ടാക്കും എന്നത് പ്രധാന പ്രശ്നം

ലഹരി ദുരുപയോഗം മസ്തിഷ്കത്തെയാണ് രോഗാതുരമാക്കുന്നത്. ചെറു പ്രായത്തിൽ ലഹരി ഉപയോഗിക്കുന്നതിന്റെ പ്രധാന ദോഷഫലം സൈക്കോസിസ് അഥവാ ഉന്മാദരോഗം വരുത്തും എന്നതാണ്. മറ്റുള്ളവർ തന്നെ നിരീക്ഷിക്കുന്നു, തന്നെക്കുറിച്ചാണ് സംസാരിക്കുന്നത്, തന്നെ അപായപ്പെടുത്തും എന്നെല്ലാം യാതൊരു കാരണവുമില്ലാതെ അവർക്ക് തോന്നുന്നു. ഇത്തരം ഭയചിന്തകൾ നിരന്തരം വന്ന് ഉറക്കവും സ്വസ്ഥതയും കെടുത്തുന്നു. കൂടാതെ, പഠിക്കുന്നതിനും ജോലിചെയ്യുന്നതിനുമുള്ള താല്പര്യം നഷ്ടപ്പെടാനും, ലൈംഗിക ശേഷി ഇല്ലാതാകാനും ലഹരി ദുരുപയോഗം കാരണമാകുന്നു.

ലഹരി ദുരുപയോഗത്തെ എങ്ങനെ പ്രതിരോധിക്കാം?

വീട് കുട്ടികൾ ഇഷ്ടപ്പെടുന്ന ഇടമാകണം

നല്ല കുടുംബ പരിസരം വളരെ പ്രധാനമാണ്. പേരെന്റ്സിനു കുട്ടിയുമായുള്ള നല്ല ബന്ധമാണ് അവൻ/അവൾ ലഹരിക്ക് അടിപ്പെടാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം. 12 വയസ്സിനു താഴെയുള്ള കുട്ടിയോട് നല്ല ബന്ധം പുലർത്താൻ എളുപ്പമാണ്. കൗമാരത്തിലുള്ള മകനോടും മകളോടും സ്നേഹവും സൗഹൃദവും നിലനിർത്താൻ, മാതാപിതാക്കളുടെ സമീപനമാണ് പ്രധാനമായും മാറേണ്ടത്. തുറന്ന മനസോടെ അവരെ കേൾക്കാൻ ശീലിക്കണം.

പഠനത്തോടൊപ്പം കളിയും വിനോദങ്ങളും പ്രോത്സാഹിപ്പിക്കണം

വീട്ടിൽ കളിയും വിനോദങ്ങളും വേണം. കുട്ടികൾക്ക് കളിക്കാൻ പ്രോത്സാഹനവും സുരക്ഷിതമായ കളിസ്ഥലങ്ങളും വേണം. പഠനവും ട്യൂഷനും കളിസമയത്തിനു തടസ്സമാകാതെ പ്ലാൻ ചെയ്യണം. മക്കളുടെ കൂട്ടുകാരെ അറിയണം. പേരന്റ്സ് അറിയാത്ത കൂട്ടും അടുപ്പങ്ങളുമാണ് പ്രശ്നമാകാറുള്ളത്. കൂട്ടുകാരെ തുറന്ന മനസ്സോടെ വീട്ടിൽ സ്വീകരിക്കുകയും അവരോട് നല്ല ബന്ധം പുലർത്തുകയും വേണം. കൂട്ടുകാരുടെ പേരെന്റ്‌സുമായും നല്ല ബന്ധം വേണം. ഉചിതമായ കളിസ്ഥലം കണ്ടെത്താൻ കൂട്ടുകാരുടെ പേരെന്റ്സിനോടൊപ്പം പ്ലാൻ ചെയ്യണം.

തുറന്ന സംസാരം വേണം

കഞ്ചാവ് നല്ലതാണ് എന്ന രീതിയിലുള്ള കുട്ടികളുടെ അഭിപ്രായങ്ങളെ ആദ്യമേ തിരുത്താൻ നോക്കാതെ, അതിന്റെ കാരണമറിയാൻ ചോദ്യങ്ങൾ ചോദിക്കുകയും തുറന്ന മനസ്സോടെ കേൾക്കുകയും വേണം. മസ്തിഷ്ക വളർച്ച പുരോഗമിക്കുന്ന കൗമാരപ്രായത്തിൽ മദ്യവും പുകയിലയും മറ്റു ലഹരി വസ്തുക്കളും ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, പിന്നീട് പ്രായപൂർത്തിയായ ശേഷം അവ ഉപയോഗിക്കണമോ എന്നതിനെക്കുറിച്ച് ഉത്തരവാദിത്വത്തോടെ തീരുമാനമെടുക്കാമെന്നും നിർദ്ദേശിക്കണം.

മുളയിലേ നുള്ളണം

എട്ടാം ക്‌ളാസ്സിനു മുൻപ് ലഹരി ഉപയോഗത്തെക്കുറിച്ച് കുട്ടികളുമായി സംസാരം തുടങ്ങണം. പ്ലസ് ടു കഴിയും വരെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ചെറിയ പാളിച്ചകൾ ശ്രദ്ധയിൽ പെട്ടാൽ കൗൺസിലിംഗ് നിർബന്ധമായും നൽകണം. കുട്ടികളുടെ സ്വാതന്ത്ര്യവും അവരുടെ മേലുള്ള നിരീക്ഷണവും ഒരുമിച്ചു പോകണം. എന്നാൽ, കാര്യങ്ങൾ വഷളായെങ്കിൽ, ചികിത്സയും, ആവശ്യമെങ്കിൽ പോലീസിന്റെ സഹായവും തേടാൻ മടിക്കരുത്. ശ്രദ്ധക്കുറവും (attentional deficit) പെരുപെരുപ്പും (hyperactive) ഉള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

മൊബൈൽ പ്രിവസി (privacy) പ്രായത്തിനനുസരിച്ച് മതി

പ്രായപൂർത്തി ആകുംവരെ കുട്ടികൾക്ക് പ്രിവസി ആവശ്യമില്ല. അവർ ഉപയോഗിക്കുന്ന സൈറ്റുകളും പാസ് വേർഡുകളും പേരന്റ്സ് അറിഞ്ഞിരിക്കണം. ഇടയ്ക്ക് നോക്കുകയും വേണം. ഉദാഹരണത്തിന്, പേരെന്റ്സ് അറിയാതെ പാഴ്സലുകൾ ഒന്നും കുട്ടികളെ തേടിയെത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. നിരീക്ഷിക്കുന്നുണ്ടെന്ന് അവരോട് മുൻകൂട്ടി പറയണം. നിരീക്ഷിക്കുന്നത് സംശയമല്ല, കടമയാണെന്ന് ബോധ്യപ്പെടുത്തണം. കുട്ടികളോട്  സംശയത്തോടെയുള്ള സമീപനം നല്ലതല്ല. എന്നാൽ, "എന്റെ കുട്ടിയെ എനിക്കറിയാം" എന്ന അമിതവിശ്വാസവും വേണ്ട. പ്ലസ് ടു കഴിയുമ്പോൾ, ക്രമാനുസൃതം കൂടുതൽ സ്വാതന്ത്ര്യം നൽകി, സ്വയം ഉത്തരവാദിത്തമെടുക്കാനുള്ള പക്വത നേടാൻ സഹായിക്കുക.

Dr Fr Rajeev Michael OCD

St Joseph’s Hospital, Manjummel