Blog

Parenting when teenage spreads the wings



കൗമാരം ചിറകുവിടർത്തുമ്പോൾ

കൗമാരം പളുങ്കുപാത്രം പോലെയാണ്. വൈകാരിക വളർച്ചയ്ക്ക് ഏറ്റവും പ്രധാനമായ സമയമാണത്. വിശേഷിച്ചും, 10 വയസ്സുമുതൽ 12 വയസ്സുവരെയുള്ള ട്വീൻ (tween or preteen) എന്ന പ്രത്യേക കാലം. കൗമാര മനസ്സ് ഉടയാതെ നോക്കാൻ ഏറെ ശ്രദ്ധ വേണ്ട പ്രായമാണത്.
 
പത്തു വയസ്സിനു മുമ്പ് കുട്ടികൾക്കായി പേരെന്റ്സ് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അവരിൽ സ്വയം മതിപ്പും ആത്മവിശ്വാസവും ഉണർത്തുക എന്നതാണ്. ശരിയായ ശിക്ഷണത്തിലൂടെ അവരിൽ നല്ല ശീലങ്ങൾ രൂപപ്പെടുത്തേണ്ടതും ആ പ്രായത്തിലാണ്. കൗമാരത്തിൽ എത്തുന്നതോടെ ശിക്ഷിച്ചും നിയന്ത്രിച്ചും നന്നാക്കാവുന്ന കാലം വഴിമാറുന്നു. ബാല്യത്തിൽ ചെയ്യാൻ വിട്ടു പോയത് ഇനി കൗമാരത്തിൽ ചെയ്യാൻ ശ്രമിച്ചാൽ വിപരീതഫലമാണ് ഉണ്ടാവുക. നിയന്ത്രണങ്ങളും തിരുത്തലുകളും ഇനിയും ആവശ്യമുണ്ട്. പക്ഷേ, പരസ്പര ബഹുമാനത്തോടെയുള്ള തുറന്ന സംസാരവും ചർച്ചയും വഴിയാണ് അത് ചെയ്യേണ്ടത്. ബാല്യത്തിൽ, നിങ്ങൾ പറഞ്ഞതുകൊണ്ട് കുട്ടി അനുസരിക്കുമായിരുന്നു. പക്ഷേ, ടീനേജർക്ക് ചെയ്യുന്ന കാര്യം സ്വയം ബോധ്യപ്പെടേണ്ടതുണ്ട്. കാരണം, അവർക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ മുളച്ചു കഴിഞ്ഞു.
 
സ്വാതന്ത്ര്യം എന്ന വാക്കിന് പലർക്കും പല അർത്ഥമാണ്. ഹൈസ്കൂളിലെത്തിയ കുട്ടി തനിയെ സൈക്കിൾ ചവിട്ടി സഹപാഠിയുടെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ അവൾക്ക് തോന്നുന്നത് സ്വാതന്ത്ര്യം എന്ന വികാരമാണ്. സഹപാഠി കത്തിച്ചു കൊടുത്ത സിഗരറ്റ് വലിച്ച് ആദ്യമായി ഒരു 'പഫ് ' ഊതി വിടുമ്പോൾ മറ്റൊരു കുട്ടിക്ക് തോന്നുന്നതും സ്വാതന്ത്ര്യം ആയിരിക്കാം. ശ്രദ്ധാപൂർവ്വം പരിപോഷിപ്പിച്ചാൽ, ആദ്യത്തെയാളുടെ സ്വാതന്ത്ര്യം വ്യക്തിത്വവികാസത്തിന് സഹായിക്കുന്നു. രണ്ടാമത്തെയാളുടെ സ്വാതന്ത്ര്യം പതിവായാൽ സ്വയം അടിമപ്പെടുത്തുന്ന ദുശീലമായി മാറുന്നു. അപകടം വരുത്തുന്ന കൂട്ടുകെട്ടുകളും സാഹചര്യങ്ങളും ഒഴിവാക്കണം. അതേസമയം, നല്ല സൗഹൃദങ്ങളും കൂടിച്ചേരലുകളും വളർത്താനും സാധിക്കണം. വിളയുടെയും കളയുടെയും ഉപമ പോലെയാണത്. കളയെ പിഴുതുകളയാൻ ശ്രമിക്കുമ്പോൾ വിളയും ഇല്ലാതായേക്കാം. അതിനാൽ, കുട്ടികളെ വിശ്വസിക്കുകയും അതോടൊപ്പം ശ്രദ്ധിക്കുകയും വേണം. തെറ്റ് പറ്റുന്നത് സാരമില്ല, മറിച്ച് അത് തുറന്നു പറയാത്തതാണ് ശരിക്കും തെറ്റ് എന്ന് ബാല്യത്തിലേ  മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, കൗമാരത്തിലും അവർ കുറെയൊക്കെ പേരെന്റ്സിനോട് മനസ്സ് തുറക്കും.
 
നമ്മുടെ കുട്ടികൾ വളർന്നു വലുതാവുമ്പോൾ അവർക്കൊപ്പം മാതാപിതാക്കളും വളരണം. അവർക്ക് നല്ല സുഹൃത്ത് ആകണം.  "എന്റെ മനസ്സിൽ അവൻ ഇന്നും ആ പഴയ കൊച്ചു കുട്ടിയാണ്" എന്നുപറയുന്ന പേരൻറ് വലിയ അബദ്ധത്തിന് ഒരുങ്ങുകയാണ്. എട്ടുപത്തു വയസ്സുവരെ സ്കൂൾവിട്ട് വീട്ടിലെത്തിയാൽ വാതോരാതെ അമ്മയോട് സ്കൂളിലെ വിശേഷങ്ങളൊക്കെ ശ്വാസം പോലും വിടാതെ പറഞ്ഞു തീർത്തിരുന്ന കുട്ടി, വലിയ ക്ലാസിൽ എത്തിയതോടെ ആകെ മാറിയിരിക്കുന്നു. സ്കൂൾ വിട്ടു വന്നാൽ ഒന്നും മിണ്ടാതെ നേരെ മുറിയിലേക്ക് പോകുന്നു. അമ്മ ചായയുമായി വന്ന് "സ്കൂളിൽ എന്തൊക്കെയാണ് വിശേഷങ്ങൾ" എന്ന് ചോദിച്ചാൽ "പ്രത്യേകിച്ചൊന്നുമില്ല" എന്നൊരു മറുപടിയിൽ എല്ലാം തീർത്ത് അവൾ തന്റെ ലോകത്തേക്ക് ചായുന്നു. പേരെന്റ്സും മക്കളും തമ്മിലുള്ള സംസാരം ചുരുങ്ങുന്നതോടെ മെല്ലെ മനസ്സുകൾ അകലുന്നു. ‘മകന് ഞാൻ ഒരു ഫ്രണ്ട് ആണ്’ എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും വഴിയിലെവിടെയോ സംസാരത്തിന്റെ സ്വാതന്ത്ര്യവും വിശ്വാസവും കളഞ്ഞുപോയി. മാതാപിതാക്കളുടെ മനസ്സിൽ കുട്ടിയെക്കുറിച്ച് സംശയങ്ങളും സന്ദേഹങ്ങളും വളരുന്നു. അത് വാക്കുകളിൽ മറ നീങ്ങുന്നത് പെട്ടെന്ന് മണക്കുന്ന കുട്ടി എടുത്തുചാട്ടവും പൊട്ടിത്തെറിയുമായി പ്രതികരിക്കുന്നു. വീട്ടിലെ മൗനം വളരുന്നിടത്തോളം കൂട്ടുകാരുടെ ലോകത്തേക്ക് കുട്ടി ചേക്കേറുന്നു. ‘ഇൻസ്റ്റ’യിലെ മുഖങ്ങളും വാക്കുകളും മാതാപിതാക്കളെക്കാൾ വിശ്വസിക്കുന്ന കുട്ടി ഭാഗ്യംകൊണ്ട് മാത്രമാണ് ഏതെങ്കിലും വലയിൽ  പെട്ടുപോകാത്തത്. 
 
മക്കൾ ശരിയല്ലാത്ത വഴിയിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മാതാപിതാക്കൾ മനസ്സിലാക്കേണ്ടത് തങ്ങൾ നൽകിയ ശിക്ഷണത്തിന്റെ പോരായ്മകളുടെ പ്രതിഫലനം കണ്ടുതുടങ്ങി എന്നാണ്. ഇത്തരം പ്രവണതകൾ കാണുമ്പോൾ അവരിലേക്ക് സ്നേഹപൂർവ്വം ഇറങ്ങിച്ചെല്ലാൻ ശ്രമിക്കുക. അവരുടെ തെറ്റായ പ്രവണത എവിടെ നിന്ന് ലഭിച്ചു എന്ന് അവരിൽ നിന്നു തന്നെ മനസ്സിലാക്കാനാകും. ചിലപ്പോൾ ഉറവിടം നമ്മൾ തന്നെയായിരിക്കാം. "അപ്പനെ ഒരാൾ നിരന്തരം ശല്യപ്പെടുത്തിയാൽ അപ്പൻ മിണ്ടാതിരിക്കുമോ" എന്ന് മകൻ ചോദിച്ചപ്പോൾ "ഇല്ല, ഞാൻ അവന്റെ വായടപ്പിക്കും" എന്ന് ഒരൊഴുക്കിലങ്ങു പറഞ്ഞുപോയി. അടുത്തദിവസം, മകൻ കളിസ്ഥലത്ത് അപ്പൻ പറഞ്ഞത് നടപ്പിലാക്കി വലിയ പ്രശ്നമായപ്പോഴാണ് അദ്ദേഹം അബദ്ധം തിരിച്ചറിയുന്നത്. 
 
കുടുംബത്തിൽ മാതാപിതാക്കളും കുട്ടികളും ഒരുമിച്ചിരിക്കുന്ന അവസരങ്ങളിൽ പിതാവോ മാതാവോ തനിക്ക് ഇഷ്ടമുള്ള ചാനലുകൾ മാത്രം വെച്ച് കാണുന്നുവെങ്കിൽ, കൂടുതൽ സമയം ഒറ്റയ്ക്ക് മൊബൈൽ ഉപയോഗിക്കുന്നുവെങ്കിൽ, അതൊക്കെ കാണുന്ന കുട്ടികൾ സ്വന്തം കാര്യം മാത്രം നോക്കുകയും തമ്മിൽ മത്സരിക്കുകയും ചെയ്തേക്കാം. പേരെന്റ്സ് കൂട്ടുകാരോടൊത്തിരുന്നു ഗോസിപ്പ് ചെയ്യുകയും സ്ഥിരമായി ലഹരി ഉപയോഗിക്കുകയും ചെയ്യുമ്പോൾ, അത് കാണുന്ന മക്കൾ ഈ ശീലങ്ങൾ തന്നെ പിന്നീട് ആവർത്തിക്കുന്നു. ദുശ്ശീലങ്ങളെ മറച്ചുവെച്ച് നുണകൾ പറയാനും,  ചെയ്ത തെറ്റിനെ മറച്ചുവെച്ച് ദേഷ്യം പ്രകടിപ്പിക്കാനും മക്കൾ പഠിക്കുന്നത് ചിലപ്പോൾ മാതാപിതാക്കളിൽ നിന്നാണ്.
 
മക്കൾ കൗമാരപ്രായമെത്തിക്കഴിഞ്ഞാൽ മാതാപിതാക്കൾ അവരുമായി ഒരുമിച്ച് ചിന്തിക്കാനും ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും തുടങ്ങുന്നുവെങ്കിൽ കുട്ടികളിൽ കൂടുതൽ ഉത്തരവാദിത്വബോധവും ആത്മവിശ്വാസവും സംതൃപ്തിയും കുടുംബത്തോട് കൂടുതൽ അടുപ്പവും ആത്മാർത്ഥതയും സ്വാഭാവികമായി വളരും.
ഉദാഹരണത്തിന്  കുട്ടികൾ സമയത്ത് എഴുന്നേൽക്കുന്നില്ല, ഭക്ഷണം ശരിയായി കഴിക്കുന്നില്ല, യാതൊരുവിധ ജോലികളും ചെയ്യുന്നില്ല, കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല, അനുസരിക്കുന്നില്ല എന്നിങ്ങനെയുള്ള  പരാതികളും ആവലാതികളും സാധാരണമാണ്. എന്നാൽ സമയത്ത് എഴുന്നേൽക്കാൻ അവരെ ശീലിപ്പിച്ചുവോ?  നല്ല ഭക്ഷണശീലങ്ങൾ  പഠിപ്പിച്ചുവോ? വിശപ്പിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പറ്റാത്ത വിധം അമിതമായി ഭക്ഷണം കഴിപ്പി ച്ചുവോ? ഇഷ്ടമുള്ള സാധനങ്ങൾ മാത്രം നൽകികൊണ്ടു  അവരുടെ നല്ല വാസനകളെ വികലമാക്കിയോ? ചെറിയ കാര്യങ്ങൾ പോലും സ്വയം ചെയ്യാനുള്ള അവസരം നല്കാതിരുന്നോ? 
 
പ്രായമനുസരിച്ചു കുട്ടികൾക്ക് അവരുടേതായ സ്പേസ് കൊടുക്കണം. മാളവികയ്ക്ക് എന്നും അച്ഛന്റെ ചൂടേറ്റ് ഉറങ്ങുന്നതാണ് ഇഷ്ടം. പൊന്നുമോളെ അച്ഛന്റെ അരികിൽ കിടത്തി വിശ്രമിക്കാൻ അമ്മയ്ക്കും ഇഷ്ടമാണ്. എന്നാൽ, പിന്നീട് മോൾ അടുത്തില്ലാതെ അച്ഛന് ഉറക്കം വരാതെയായി. അമ്മയുടെ സാന്നിധ്യം ഇല്ലെങ്കിലും കുഴപ്പം ഇല്ലാതെയായി. അമ്മയുടെ മനസ്സിലെ ആകുലതയും അസ്വസ്ഥതയും ദേഷ്യപ്രകടനങ്ങളായി, മാളവികയോടുള്ള കുറ്റപ്പെടുത്തലുകളായി. കുട്ടികളെ മാറ്റിക്കിടത്തി ശീലിപ്പിക്കാൻ വൈകിയതാണ് പ്രശ്നമായത്. കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കാൻ മാതാപിതാക്കളുടെ ഒരു ടീം വർക്ക് വേണം. 
 
ടീനേജറോടൊപ്പം വളരുക എന്നും, സുഹൃത്താവുക എന്നും പറയുമ്പോൾ പുതിയൊരു ബന്ധം തുടങ്ങുക എന്നാണ് അർത്ഥം. നിങ്ങൾ പറയുന്നു, അവർ കേൾക്കുന്നു എന്നത് പഴയ രീതി. പറയുന്നതിനേക്കാൾ കേൾക്കാനാണ് നിങ്ങൾ താല്പര്യം കാണിക്കേണ്ടത്. അവർ പറയുന്നത് കേട്ട് മനസ്സിലാക്കണമെങ്കിൽ നിങ്ങളുടെ മനോഭാവങ്ങളിൽ മാറ്റം വരേണ്ടതുണ്ട്. അവരുടെ കാഴ്ചപ്പാടുകൾ നമ്മിൽനിന്നും വ്യത്യസ്തമായിരിക്കാം. മാതാപിതാക്കളിൽ നിന്നും മാറി ചിന്തിക്കുന്നത് അവർ വളരുന്നതിന്റെ അടയാളമാണ്. എല്ലാകാര്യങ്ങളിലും തിരുത്താൻ ശ്രമിക്കേണ്ട. നമുക്കാണ് കൂടുതൽ അറിയാവുന്നത് എന്ന് കാണിച്ചു കൊടുക്കാൻ ശ്രമിക്കേണ്ട. വെറുതെ കേൾക്കുക. അവർ പറയുന്നതിലെ യുക്തിയെ മാനിക്കുക. നിങ്ങൾക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ട് എന്ന് മാത്രം പറയുക. ട്വീനിന്റെ കാഴ്ചപ്പാടിനെ നിങ്ങൾ മാനിക്കുമ്പോൾ, നിങ്ങളുടെ കാഴ്ചപ്പാട് ട്വീൻ (tween) മാനിക്കും. അവരുടെ അഭിപ്രായത്തിന്റെ കാര്യകാരണങ്ങൾ ചോദിക്കുക. അപ്പോൾ തിരിച്ച് നിങ്ങളുടെ അഭിപ്രായത്തിന്റെ കാര്യകാരണങ്ങൾ അവരും ചോദിക്കും. അതാണ് ഡയലോഗ്. ഡയലോഗ് വഴിയല്ലാതെ ടീനേജറുടെ മനസ്സിൽ നിങ്ങൾക്ക് ഇടം കിട്ടില്ല. "പറഞ്ഞു അനുസരിപ്പിക്കുന്ന" പ്രായം കഴിഞ്ഞു. ബലവും അധികാരവും ഉപയോഗിച്ച് കുറച്ചുനാൾ കൂടി അനുസരിപ്പിക്കാൻ കഴിഞ്ഞാലും, നിങ്ങൾക്ക് അവരെ നേടാനാവില്ല. ടീനേജർ ആയ കുട്ടിക്ക് നിങ്ങൾ സുഹൃത്താണ് എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളം അവർ കൂടുതൽ സംസാരിക്കുകയും നിങ്ങൾ കൂടുതൽ കേൾക്കുകയും ചെയ്യുന്നു എന്നതാണ്. അവർ അധികം സംസാരിക്കുന്നില്ല എങ്കിൽ നിങ്ങളുടെ സമീപനത്തിൽ മാറ്റം വരാനുണ്ട് എന്നർത്ഥം.
 
ഫാമിലി ടൈം നല്ലൊരു ആശയമാണ്. അതായത്, അപ്പനും അമ്മയും മക്കളും ഒരുമിച്ചിരിക്കുന്ന സമയം. ടിവി, മൊബൈൽ, കമ്പ്യൂട്ടർ, കിച്ചൻ എന്നിവയെല്ലാം ആ സമയം പൂർണ്ണമായും ഒഴിവാക്കുക. പഠനം, സാമ്പത്തികം, ആത്മീയത തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങൾ മാറ്റിവെയ്ക്കുക. ഫലിതങ്ങളും കളികളും കുട്ടികളുടെ താൽപര്യങ്ങളുമായി ഉല്ലാസ പൂർണമായ ഒരു സമയമാക്കി അതിനെ മാറ്റുക. പഠനത്തിന് പ്രാധാന്യം കൊടുക്കണം. എന്നാൽ ‘പഠിക്ക് പഠിക്ക്’ എന്ന് കൂടെക്കൂടെ പറയുന്നത് അവരുടെ താല്പര്യം കെടുത്തും എന്ന് ഓർക്കുക. അവർ പഠിക്കുന്നതും പഠിക്കാത്തതും നമുക്ക് അവരോടുള്ള സ്നേഹത്തിന്റെ മാനദണ്ഡമാണെന്ന് കുട്ടികൾക്ക്  തോന്നാൻ ഇടവരാതെ നോക്കണം. പഠിക്കുന്നത് മാതാപിതാക്കളുടെ ആവശ്യമാണെന്ന് കുട്ടികൾക്ക് തോന്നാതിരിക്കട്ടെ. പഠനവും കായിക ഉല്ലാസവും വീടിനോട് ഉത്തരവാദിത്വവുമെല്ലാം ഉൾപ്പെടുത്തിയുള്ള ഒരു ടൈംടേബിൾ തയ്യാറാക്കാൻ അവരെ സഹായിക്കുക. അത് പാലിക്കുന്നതിന്റെ ഉത്തരവാദിത്വം അവർക്ക് തന്നെയാവണം. പ്രോത്സാഹനമായി വല്ലപ്പോഴും സമ്മാനങ്ങൾ കൊടുക്കാമെങ്കിലും അത് പ്രധാന പ്രേരണയാകരുത്. ആഴ്ചയിലൊരിക്കൽ കുട്ടിയോടൊപ്പം ഇരുന്ന് എല്ലാം വിലയിരുത്തുക. നിർദ്ദേശങ്ങൾ നൽകുക. മറ്റു ദിവസങ്ങളിൽ ഉപദേശങ്ങൾ ഒഴിവാക്കുക. കുറ്റപ്പെടുത്തലും ശകാരവും ഉപദേശവും വിപരീതഫലമാണ് ഉണ്ടാക്കുന്നതെന്ന് മനസിലാക്കി നിർബന്ധപൂർവ്വം ഒഴിവാക്കുക. നിയന്ത്രണം ആവശ്യമുള്ള കാര്യങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് അവരിൽ നിന്നുതന്നെ തീരുമാനങ്ങൾ ഉണ്ടാകാൻ സാഹചര്യമൊരുക്കുക.
 
ഒരു കുട്ടി പരീക്ഷയില്‍ A+ കിട്ടിയ സന്തോഷത്തോടെ അപ്പന്‍റെയടുത്തു ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു: A+ നല്ലതുതന്നെ. എന്നാല്‍ നിന്‍റെ ഭാഗത്തുനിന്ന് ഏറ്റവും നല്ല പരിശ്രമം നടത്തിയെന്നതാണ് കൂടുതല്‍ പ്രധാനം. പിന്നീടൊരിക്കല്‍ മറ്റൊരു വിഷയത്തിന് ‘D’ മാത്രം കിട്ടിയപ്പോഴും അയാള്‍ കുട്ടിയോട് അങ്ങനെതന്നെ പറഞ്ഞു: ‘D’ നല്ലതുതന്നെ. എന്നാല്‍ നിന്‍റെ ഭാഗത്തുനിന്ന് ഏറ്റവും നല്ല ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍ അതാണ് കൂടുതല്‍ പ്രധാനം. ആയിരിക്കുന്നതിനേക്കാള്‍ ആയിത്തീരേണ്ടതിന് അമിതമായ പ്രാധാന്യം കൊടുക്കുന്ന നമ്മുടെ പാഠ്യരീതിയില്‍ "ഫല"ത്തിനാണ് മാര്‍ക്കു കിട്ടുന്നത്, കര്‍മ്മത്തിനല്ല. മറിച്ച്, പഠനവും ക്ലാസ്സുമുറിയും അറിവുനേടുന്ന സമയങ്ങളും മാര്‍ഗ്ഗങ്ങളും അതില്‍ത്തന്നെ ആസ്വാദ്യവും അര്‍ത്ഥപൂര്‍ണ്ണവുമായി കുട്ടികള്‍ക്ക് അനുഭവപ്പെടണം. കിട്ടിയ മാര്‍ക്കല്ല, ചെയ്ത പരിശ്രമമാണ് കൂടുതല്‍ പ്രധാനമെന്ന അപ്പന്‍റെ പാഠം ജീവിതത്തിലും ഫലത്തെക്കാള്‍ കര്‍മ്മത്തിന് പ്രാമുഖ്യം നല്‍കാന്‍ കുട്ടിയെ പഠിപ്പിക്കും.
 
കുട്ടിയുടെ ദേഷ്യം കൗമാരത്തിന്റെ പ്രത്യേകതയാണ്. പിന്നീട് അത് താനേ  മാറിക്കൊള്ളും. മറിച്ച്, നിങ്ങൾക്ക്  ക്ഷോഭം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ആവശ്യമായ സഹായം തേടുക. ഇക്കാര്യത്തിൽ കുട്ടിക്കല്ല നിങ്ങൾക്കാണ് സഹായം വേണ്ടത് എന്ന് അംഗീകരിക്കുക. ക്ഷോഭിക്കുന്ന കുട്ടിയോട് ശാന്തമായി സംസാരിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, സ്വന്തം കോപം ഒരു പ്രശ്നമാണെന്ന് അവർ തിരിച്ചറിഞ്ഞുകൊള്ളും.
 
മാതാപിതാക്കളുടെ സ്നേഹം ചിലപ്പോഴെങ്കിലും മക്കളുടെമേല്‍ ഒരു ഭാരമാകുന്നു. "ഞാന്‍ നിനക്കുവേണ്ടി ഇത്രയൊക്കെ ചെയ്തില്ലേ? എന്നിട്ടും നീ..." എന്ന് ചിലര്‍ പരിതപിക്കാറുണ്ട്. നമ്മള്‍ ചെയ്തുകൊടുത്തതിന്‍റെയൊക്കെ നുകം പേറി അതിന്‍റെ കടം വീട്ടാന്‍ വിധേയത്വം കാണിക്കുകയാണോ 'മാതാപിതാക്കളെ ബഹുമാനിക്കുക' എന്നതിന്‍റെ സാരം? "ബഹുമാനിക്കുക" എന്നതിനെ സൗകര്യപൂര്‍വ്വം "അനുസരിക്കുക" എന്ന് തിരുത്തിയത് ആരാണ്? ചില മാതാപിതാക്കളുടെ ധാരണ മക്കളെന്നാല്‍ തങ്ങള്‍ പറയുന്നതെല്ലാം അതേപടി അനുസരിക്കുന്ന 'പാവക്കുട്ടി'കളായിരിക്കണമെന്നാണ്. ഇത്തരം "പാവക്കുട്ടികള്‍" കൗമാരത്തിന്‍റെ ഏതോ ഘട്ടത്തില്‍ സ്വന്തം തനിമ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോള്‍ "റെബലു"കളായി മാറുന്നു, അഥവാ "ധിക്കാരി"കളെന്ന് മുദ്രകുത്തപ്പെടുന്നു. ആദ്യം മുതല്‍ക്കേ സ്വന്തം സ്വരം തിരിച്ചറിഞ്ഞ് അത് ധൈര്യപൂര്‍വ്വം പ്രകടിപ്പിക്കാന്‍ കുട്ടികളെ സഹായിക്കാതിരിക്കുമ്പോള്‍ മാതാപിതാക്കള്‍ സ്വയമറിയാതെ അവരില്‍ ധിക്കാരത്തിന്‍റെ വിത്ത് പാകുകയാണ്. എട്ടുപത്തു വയസ്സുവരെ നല്ല കുട്ടികളായിരുന്നവര്‍ കൗമാരപ്രായത്തോടെ 'ധിക്കാരി'കളാവുന്നത് അങ്ങനെയാണ്.
 
കുട്ടികളുടെ സ്വഭാവ പ്രശ്നങ്ങൾ  കുടുംബത്തിലെ ചില താളഭംഗങ്ങളുടെ ബാഹ്യലക്ഷണം ആകാറുണ്ട്. കുടുംബത്തിൽ ചില ഘടനാപരമായ മാറ്റങ്ങൾ വരുത്തി ഫാമിലി സൈക്കോളജിസ്റ്റുകൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാറുണ്ട്. “ഇവിടെ ഒരു ശബ്ദം മാത്രമേ മുഴങ്ങാവൂ”  എന്ന രീതിയിൽ അച്ഛൻ വാഴുന്ന വീട്ടിലെ മകൻ കൗമാരമെത്തിയപ്പോൾ എതിർപ്പും ധിക്കാരവും (oppositional defiant behavior) എന്ന സ്വഭാവ പ്രശ്നം കാണിച്ചു തുടങ്ങുന്നു. മാതാപിതാക്കളുടെ റോളിൽ ഘടനാപരമായ മാറ്റം വരുത്തിയപ്പോഴാണ് പരിഹാരമായത്. തിരുത്തലും നിയന്ത്രണവും എന്ന റോൾ അമ്മയും, കരുതലും സൗഹാർദ്ദവും എന്ന റോൾ അച്ഛനും ഏറ്റെടുത്തപ്പോൾ കുട്ടിയുടെ സ്വഭാവം മയപ്പെട്ടു. നിരന്തരം തമ്മിലടിക്കുകയും മത്സരിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ഒരുമിച്ചുനിന്ന് പരസ്പരം സഹകരിക്കാൻ കുട്ടികളുടെ സ്വഭാവ പ്രശ്നങ്ങൾ ചിലപ്പോൾ കാരണമാകാറുണ്ട്.
 
മാതാപിതാക്കൾ ഒരുമിച്ചു നിൽക്കുക, ഒരുമിച്ചു തീരുമാനമെടുക്കുക എന്നതാണ് ടീനേജ് സ്വഭാവ പ്രശ്നങ്ങൾക്ക്‌  പൊതുവേയുള്ള പ്രധാന പരിഹാരം. പേരെന്റ്സ് ഒരേ ഭാഷ സംസാരിക്കുന്നതും  പരസ്പരം അഭിപ്രായങ്ങൾ മാനിക്കുന്നതും പ്രധാനമാണ്. ഒരേ അഭിപ്രായം എന്നതിന് ഒരാളുടെ അഭിപ്രായം എന്നല്ല അർഥം. അപ്പനും അമ്മയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. തുറന്ന ചർച്ച ആവശ്യമാണ്. എന്നാൽ, കുട്ടിയുടെ മുൻപിൽ വ്യത്യാസങ്ങൾ പ്രകടമാക്കാതിരിക്കുക കൂടുതൽ പ്രധാനമാണ്. പേരെന്റ്സിന്റെ  ഭിന്നതകൾ  കുട്ടികൾ മുതലെടുക്കാൻ അവസരം കൊടുക്കരുത്. അമ്മയുടെ മിസ്റ്റേക്ക് മകൾ വാട്സാപ്പിലൂടെ അച്ഛനെ അറിയിക്കുമ്പോൾ, വൈകിട്ട് വീട്ടിലെത്തുന്ന അച്ഛൻ, മകളെ സ്നേഹപൂർവ്വം തിരുത്തണം. മറിച്ച്, അതിന്റെ പേരിൽ അച്ഛൻ അമ്മയോട് വഴക്ക് കൂടുകയാണെങ്കിൽ, പേരെന്റ്സിനെ തമ്മിലടിപ്പിച്ചു മക്കൾ സ്വഭാവ പ്രശ്നങ്ങളിലേക്ക് വഴുതിപ്പോയേക്കാം.
 
ഒരുപക്ഷെ, മക്കൾ ഏറ്റവും അധികം സ്നേഹിക്കപ്പെടേണ്ട പ്രായം 'ട്വീൻ' എന്ന കൗമാരത്തിന്റെ തുടക്കത്തിലാണ്. സ്നേഹിക്കുന്നു എന്ന് തോന്നിപ്പിക്കുകയും വേണം. എന്നാൽ, പേരെന്റ്സ് ഏറ്റവും അധികം സ്നേഹിക്കേണ്ടത്‌ ജീവിതപങ്കാളിയെയാണ്. അമ്മ അച്ഛനെ മക്കളെക്കാളധികം സ്നേഹിക്കുന്നു എന്നതാണ് മക്കൾക്കുവേണ്ടി അമ്മ നൽകേണ്ട ഏറ്റവും വലിയ സമ്മാനം. അച്ഛൻ തിരികെ അമ്മയോടും അങ്ങനെതന്നെ വേണം. അപ്പൻ അമ്മയെ ഏറ്റവും അധികം സ്നേഹിക്കുന്ന വീട്ടിൽ മക്കൾ സൽസ്വഭാവികളാകും. അമ്മ തിരിച്ചും അങ്ങനെതന്നെ വേണം. നിങ്ങളുടെ tween കുട്ടികളെ നിങ്ങൾ ഒരുപാടു ചേർത്തുപിടിക്കേണ്ട. അവർക്കു ചിറകു മുളച്ചുകഴിഞ്ഞു. അവരെ പറക്കാൻ വിടാം.
 
കൊറോണ ലോക്ഡൌൺ കാലത്ത് ഫോൺ/ഇന്റർനെറ്റ് ഉപയോഗം എല്ലാവരിലും ചില മാറ്റങ്ങൾ വരുത്തിയല്ലോ. കുട്ടികൾ ഓൺലൈനിൽ ആയിരിക്കുന്നതിനെക്കുറിച്ചുള്ള ആകുലതകൾ പേരെന്റ്സ് പങ്കുവെക്കാറുണ്ട്. കൗമാരത്തിന്റെ രണ്ടാം പാതിയിൽ  മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് അടുത്ത ലക്കത്തിൽ ചർച്ച ചെയ്യാം.
 
Dr Fr Rajeev Michael OCD
St Joseph’s Hospital, Manjummel
 
Dr Sr Roshin Kunnel SVC
St Sebastian’s Hospital, Arthungal

careofminds.com