കൗമാര പ്രണയവും പേരന്റിങ് ധർമ്മവും
സ്നേഹിച്ചു വളർത്തിയ കുട്ടി പെട്ടെന്നൊരുദിവസം മറ്റൊരാളെ ഇഷ്ടമാണെന്ന് പറയുകയും അയാളോടൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും മാതാപിതാക്കൾ പറയുന്നത് പൂർണമായി അവഗണിക്കുകയും ചെയ്യുന്നത് എത്ര വേദനാജനകമാണ്! പ്രേമം തിന്മയാണെന്നും യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടുകൾ മേൽപ്പറഞ്ഞ തിരക്കഥയെ ആസ്പദമാക്കിയാണ് രൂപംകൊള്ളുന്നത്. നമ്മുടെ അപ്പൂപ്പനമ്മൂമ്മമാരുടെ കാലത്ത് കൗമാരത്തിൽ പ്രണയവും വിവാഹവും നടന്നിരുന്നു. എന്നാൽ, കൗമാരത്തിലെ പ്രണയത്തെക്കുറിച്ച് ഇന്നും പക്വമായ കാഴ്ചപ്പാട് പലർക്കുമില്ല. 'ഒരു അടാർ ലവ്' പോലുള്ള സിനിമകൾക്ക് മുമ്പ് കൗമാരപ്രേമത്തെക്കുറിച്ച് കാര്യമായ ചർച്ച നടന്നിട്ടില്ല. ഇന്ന്, നമ്മുടെ കുട്ടികളിൽ വലിയ ശതമാനവും കൗമാരത്തിന്റെ ആദ്യപാദത്തിൽ (12-15 years) ത്തന്നെ പ്രണയത്തെ ആദ്യമായറിയുന്നു. കൗമാരത്തിന്റെ രണ്ടാംപാദത്തിൽ (16-19 years) അത് കുറേക്കൂടി സാധാരണമാകുന്നു. എങ്കിലും, 17 വയസ്സിനു മുൻപുള്ള പ്രണയത്തെക്കുറിച്ച് എന്താണ് കുട്ടികളോട് പറയേണ്ടതെന്നും എങ്ങനെയാണ് ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും മാതാപിതാക്കളിൽ പലർക്കും വ്യക്തതയില്ല. ഏറെ പ്രധാനമായ ഈ വിഷയത്തെ തുറന്ന മനസോടെ സമീപിക്കാൻ ഈ കുറിപ്പ് സഹായിക്കും എന്ന് കരുതട്ടെ.
ഷേക്സ്പിയറും ചങ്ങമ്പുഴയും മഹദ്വത്കരിച്ച പോലെ, പ്രേമം അനന്തമാണെന്നും, എല്ലാ പ്രണയവും വിവാഹത്തിൽ എത്തണമെന്നും നമ്മുടെ സിനിമാ സങ്കൽപ്പത്തിലുണ്ട്. വെള്ളിത്തിരയിലും പാഠപുസ്തകത്തിലും പ്രണയത്തെ സാർവ്വലൗകികം എന്ന് വാഴ്ത്തുമ്പോഴും, കുടുംബങ്ങളും വിദ്യാകേന്ദ്രങ്ങളും പ്രണയത്തിനെതിരെ ഹൃദയം കഠിനമാക്കാറുണ്ട്. ക്യാമ്പസിൽ പരസ്യമായി ആലിംഗനം ചെയ്‌ത വിദ്യാർത്ഥികളെ ലാഹോർ യൂണിവേഴ്സിറ്റി അധികൃതർ പുറത്താക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ ലോകവാർത്തയായി. ക്യാമ്പസ് അച്ചടക്കത്തെക്കാൾ പ്രണയത്തോടുള്ള അസഹിഷ്ണുതയല്ലേ സൂചന? കുട്ടികളുടെ പ്രവൃത്തി അനുചിതമായിരിക്കാം. പക്ഷേ, ശത്രുക്കളോട് എന്നപോലെ അവരോട് പെരുമാറുന്നതല്ലേ കൂടുതൽ വലിയ പ്രശ്നം? ഏതായാലും, പ്രണയിക്കുന്നവരോട് ഇത്തരം അസഹിഷ്ണുതയും ശത്രുതയും കാട്ടുന്നത് നമ്മുടെ നാട്ടിലും വിരളമല്ലല്ലോ.
സാമൂഹ്യക്ഷമത (social competence) എല്ലാ കുട്ടികൾക്കും ഒരേ പോലെയല്ല. സൗഹൃദങ്ങൾ ഉണ്ടാക്കാനും അതിൽ നിലനിൽക്കാനും സ്വന്തം തനിമ നിലനിർത്തിക്കൊണ്ട് കൂട്ടുകാരോട് സഹകരിക്കാനും ആത്മവിശ്വാസത്തോടെ സംവദിക്കാനും കഴിവു നേടേണ്ട പ്രായമാണ് കൗമാരം. അതുപോലെതന്നെ, പ്രണയത്തെ പ്രായോചിതമായി സമീപിക്കാനും ആരോഗ്യകരമായി നിലനിർത്താനും പഠിക്കുന്ന പ്രായവുമാണത്. തണുപ്പുള്ള സായാഹ്നത്തിൽ പുൽമേട്ടിലൂടെ നീങ്ങുന്ന മുള്ളൻപന്നിക്കൂട്ടത്തെ കണ്ടിട്ടുണ്ടോ? തണുപ്പകറ്റാൻ അവർ ചേർന്നു നടക്കാൻ ശ്രമിക്കും. മുള്ളുകൊണ്ട് പരസ്പരം വേദനിക്കുമ്പോൾ അവർ അകന്നു നടക്കാൻ തുടങ്ങും. പക്ഷേ തണുപ്പ് കാരണം വീണ്ടും അടുത്തുവരും. വേദനിക്കുമ്പോൾ പിന്നെയും അകലും. മെല്ലെ മെല്ലെ, മുള്ളു കൊള്ളാതെയും ചൂടുപറ്റിയും നടക്കാവുന്ന നിശ്ചിത അകലം അവർ കണ്ടെത്തും. പ്രണയം അങ്ങനെയാണ്. ശെരിയായ പ്രണയം ഓരോ പ്രായത്തിനും ചേരുന്ന വിധം ആരോഗ്യകരമായ അകലം കണ്ടെത്തുന്നു.
കൗമാരത്തിലെ ആദ്യപാദത്തിൽ പ്രണയം സൗഹൃദം തന്നെയാണ്. ബോയ്ഫ്രണ്ട്, ഗേൾഫ്രണ്ട് എന്ന വാക്കുകൾ സൂചിപ്പിക്കുന്നതും അതാണല്ലോ. കൗമാരകാലത്ത് പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. മാത്രമല്ല, കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കുള്ള വ്യക്തിവികാസത്തിന് അത് വളരെ സഹായകവുമാണ്. കുട്ടികളിൽ സ്വയം മതിപ്പും ആത്മവിശ്വാസവും സാമൂഹ്യക്ഷമതയും വളർത്തുന്നതിന് കൗമാര പ്രണയം സഹായിക്കുന്നു. പരസ്പര ബഹുമാനം, വിശ്വാസം, തുറന്ന സംസാരം, ആത്മാർത്ഥത തുടങ്ങിയ ഗുണങ്ങളോടെ പരസ്പരം സ്നേഹിക്കാൻ കുട്ടി പഠിക്കുന്നു. എന്നാൽ പ്രായോചിതമായ പക്വതയില്ലാത്ത കൗമാര പ്രണയങ്ങൾ വിപരീതഫലങ്ങൾ ഉണ്ടാക്കിയെന്നും വരാം. ഉദാഹരണത്തിന് ട്വീൻ (10-13 വയസ്സിലെ) റൊമാൻസും, രഹസ്യപ്രണയവും, നിയമങ്ങളും പരിധികളും തെറ്റിച്ചുള്ള പ്രേമവും പ്രശ്നകരമാകാം. വൈകാരിക യുഗ്മം (emotional fusion) അതായത്, പരസ്പരം അമിതമായി നിയന്ത്രിക്കുന്നതും ആശ്രയിക്കുന്നതും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ, ശാരീരികമായ സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുകയോ മിതമായി മാത്രം നിലനിർത്തുകയോ ചെയ്യാൻ കഴിയണം. കൗമാര പ്രണയങ്ങളിൽ മിക്കതും ആദ്യ ചുംബനത്തിന് ശേഷം ഒരു ഒരുമാസം പോലും നിൽക്കാറില്ല. പക്വമായ സ്നേഹബന്ധം വളർത്തിയെടുക്കാൻ ഏറെ സമയം ആവശ്യമുണ്ട്. അത് ക്ഷമയോടെ വളർത്തിയെടുക്കാനാകാതെ ശാരീരിക സ്നേഹപ്രകടനങ്ങളിലേക്ക് നീങ്ങുന്നത് പ്രണയത്തെ ഇല്ലാതാക്കും. തന്നെ ഉപയോഗിച്ചു എന്നും വഞ്ചിച്ചുവെന്നുമുള്ള തോന്നൽ കാര്യമായ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും വരാം.
ആരോഗ്യകരമായ പ്രണയത്തെ വളർത്തിയെടുക്കാൻ പഠിക്കുന്നത് പോലെതന്നെ, പ്രണയം തുടരേണ്ടതില്ല എന്ന് പരസ്പരം തിരിച്ചറിയുമ്പോൾ, അതിനെ ആരോഗ്യകരമായ രീതിയിൽ അവസാനിപ്പിക്കാനും കുട്ടികളെ ഒരുക്കേണ്ടതാണ്. കൗമാര പ്രണയം താൽക്കാലികമാണ് എന്ന യാഥാർത്ഥ്യം മുൻകൂട്ടി മനസ്സിലാക്കുന്നത്, അത് ഒരിക്കൽ അവസാനിക്കുമ്പോൾ, സമചിത്തതയോടെ ഉൾക്കൊള്ളാൻ സഹായിക്കും. കൗമാരപ്രേമത്തെ സമൂഹം യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാത്തതിന്റെ സൂചനയാണ് നമ്മൾ പൊതുവേ ഉപയോഗിക്കുന്ന "പ്രേമനൈരാശ്യം" എന്ന പദം നൽകുന്നത്. നൈരാശ്യം എന്നാൽ ‘മുന്നിലേക്ക് നോക്കാൻ ഒന്നും ഇല്ലാതാവുക’ എന്നാണർത്ഥം. ഇംഗ്ലീഷിലെ love failure എന്ന പദവും കഠിനമാണ്. പരാജയബോധവും പ്രത്യാശാനഷ്ടവും ആത്മഹത്യാ വിചാരത്തിലേക്ക് നയിക്കാം. പ്രണയബന്ധം നിർത്തുന്നതിനെ "പ്രേമാന്തം" എന്നു വിളിച്ചാൽ മതി.
സത്യത്തിൽ, "തേച്ചിട്ട് പോകുന്നത്" കൗമാരത്തിൽ വലിയ അപരാധമൊന്നുമല്ല. മറിച്ച്, കൗമാരപ്രണയത്തിൽ പ്രായോചിതമല്ലാത്ത long-term commitment നൽകുന്നതും പ്രതീക്ഷിക്കുന്നതുമാണ് തെറ്റ്. അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. 13 വയസ്സിൽ നിന്നും 18 വയസ്സിലേക്ക് എത്തുമ്പോൾ ചിന്തയിലും താൽപര്യങ്ങളിലും കാഴ്ചപ്പാടുകളിലും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. 18 വയസ്സിൽ നിന്നും 23 വയസ്സിലേക്ക് എത്തുമ്പോൾ ഇനിയും കുറേയധികം മാറ്റങ്ങളുണ്ടാകുന്നു. 23 വയസ്സിൽ തീരുമാനിക്കേണ്ടത് 13 വയസ്സിലോ 18 വയസ്സിലോ തീരുമാനിക്കുന്നതാണ് പ്രശ്നം. ജീവിത നദിയുടെ സ്വതന്ത്രമായ ഒഴുക്കിനെ തടയാൻ നോക്കുന്നത് വലിയ അബദ്ധമായേക്കാം. കൗമാരം ശക്തമായ വികാരങ്ങളുടെ കാലമാണ്. യൗവനത്തിലെ സ്നേഹമല്ല കൗമാരത്തിലെ സ്നേഹം. യൗവനത്തിലെ സ്നേഹത്തിന്റെ താളം കൗമാരത്തിൽ താളഭംഗമാകും.
17 വയസ്സിന് മുമ്പുള്ള കൗമാര പ്രേമം അഥവാ "പപ്പി ലവ്" തീവ്രസ്നേഹത്തിലേക്കും ശാരീരിക ഇഷ്ടത്തിലേക്കും വീണു പോകാതിരിക്കുന്നതാണ് നല്ലത്. ജീവിതത്തോളം നീണ്ടുനിൽക്കുന്ന സമർപ്പണം നടത്താൻ സമയം പാകമാകാത്തതിനാൽ, സ്നേഹത്തിന് പരസ്പര ബഹുമാനത്തോടെ പരിധി കണ്ടെത്തണം. പ്രണയത്തിന് മുന്നോട്ടല്ലാതെ പിന്നോട്ടു സഞ്ചരിക്കാൻ പ്രയാസമാണ്. കൗമാരത്തിന് ചേരാത്ത തീവ്രതയിലേക്ക് പ്രേമം വളരാതെ നോക്കുകയാണ് വേണ്ടത്. അതിതീവ്രപ്രേമം കുടുംബത്തിനും പഠനത്തിലും കൊടുക്കേണ്ട പ്രാധാന്യം ഇല്ലാതാക്കും, തീവ്രമായ വഴക്കുകളിലേക്ക് നയിക്കും, വൈകാരിക പിരിമുറുക്കത്തിലേക്ക് നയിക്കും.
കൗമാരപ്രേമം ഒഴിവാക്കുകയല്ല, ശരിയായ ദിശയിൽ നയിക്കുകയാണ് വേണ്ടത്. ശരിയായി പ്രണയിക്കുന്നതിന് കുട്ടിയെ എങ്ങനെ ഗൈഡ് ചെയ്യാം എന്നാണ് മാതാപിതാക്കൾ ചിന്തിക്കേണ്ടത്. കുട്ടികൾ കൗമാരത്തിലെത്തുമ്പോൾ മുതൽ മാതാപിതാക്കൾ പ്രണയത്തെക്കുറിച്ച് തുറന്ന സംസാരം തുടങ്ങണം. കുട്ടികൾ പ്രണയത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നതിന്, മാതാപിതാക്കൾ ഒരുമിച്ചിരുന്ന് കുട്ടികളുമായി ഇത്തരം ആശയങ്ങൾ ഉൾക്കൊള്ളുന്ന കഥകൾ, സിനിമകൾ, നോവലുകൾ, ഡോക്യുമെന്ററികൾ തെരഞ്ഞെടുത്ത് കുടുംബത്തിന്റെ തീയേറ്ററിൽ കുട്ടികൾക്കൊപ്പം ഇരുന്ന് കാണുകയും ചർച്ച ചെയ്യുകയും വേണം. അപ്പനും അമ്മയും കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ എല്ലാ ചോദ്യങ്ങളോടും പ്രതികരിക്കുകയും ചെയ്യണം. അവരുടെ കൗമാരപ്രണയത്തെക്കുറിച്ച് ഒരിക്കലും പരിഹസിച്ചു സംസാരിക്കരുത്. കുട്ടികൾ എല്ലാം തുറന്നു പറയാൻ അത് തടസ്സമാകും. ലൈംഗിക വിഷയങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യാൻ മാതാപിതാക്കൾ നാണിക്കരുത്. പ്രേമത്തെയും ലൈംഗിക വികാരങ്ങളെയും കുറിച്ചുള്ള തുറന്ന സംഭാഷണം കുട്ടികളെ കൗതുകമുള്ളവരും എന്നാൽ തെറ്റായ രീതിയിൽ അതിനെ കാണാതെ തുറവിയോടെ സംസാരിക്കുന്നവരുമാക്കും.
എന്തൊക്കെയാണ് അവരുമായി ചർച്ച ചെയ്യേണ്ടത്? കൗമാര പ്രണയം പെട്ടെന്ന് പൊട്ടുന്ന ഒരു നീർക്കുമിള പോലെയാണെന്നും യൗവന പ്രണയത്തിൽ നിന്ന് വ്യത്യസ്തമാണെന്നും ചർച്ച ചെയ്യുക. രഹസ്യ പ്രേമം ആവശ്യമില്ലെന്നും പ്രായത്തിനൊത്ത ശരിയായ പ്രണയത്തെക്കുറിച്ച് മാതാപിതാക്കൾ okay ആണെന്നും ബോധ്യപ്പെടുത്തുക. ആരോഗ്യകരമായ കൗമാരപ്രണയത്തിന്റെ പ്രത്യേകതൾ ചർച്ചചെയ്യുക. ഒരുപാട് സെൻസിറ്റീവ് ആകുന്നതും clingy ആകുന്നതും, നിരന്തരം കലഹിക്കുന്നതും വൈകാരിക സ്ഥിരതയും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നതും unhealthy റൊമാൻസിനെ സൂചിപ്പിക്കുന്നു. സൈബർ ലോകത്തെ ഇര പിടുത്തക്കാരെക്കുറിച്ചും റിസ്ക്കുകളെക്കുറിച്ചും കുട്ടി മനസ്സിലാക്കുന്നുണ്ടോ എന്ന് ചോദിച്ചറിയുക. പരിധികൾ കൃത്യമായി നിശ്ചയിച്ച്, നിർദ്ദേശങ്ങൾ വ്യക്തമായി നൽകുക. ഉദാഹരണത്തിന്, മുതിർന്നവരുടെ സാന്നിധ്യത്തിലോ കൂട്ടുകാരോടൊപ്പമോ കണ്ടുമുട്ടാനും സമയം ചെലവിടാനും അവസരം നൽകാം. ഫാമിലിക്കൊപ്പം സിനിമയ്ക്ക് പോകുമ്പോൾ ഫ്രണ്ടിനെയും കൂടെ കൊണ്ടുപോകാം. പരിമിതമായ രീതിയിൽ പ്രൈവറ്റ് സമയങ്ങൾ അനുവദിക്കാം. രണ്ടു കുടുംബങ്ങളും പ്രേമത്തെ ഉൾക്കൊള്ളുന്നു എന്ന് ഉറപ്പുവരുത്തണം. കുട്ടിയുടെ മറ്റു സുഹൃത്തുക്കളോട് മാതാപിതാക്കൾ അടുപ്പം പുലർത്തുന്നതും നല്ലതാണ്. കുടുംബത്തോടുള്ള നല്ല ബന്ധവും സുഹൃദ്ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും പഠനത്തിലെ മികവും നിലനിർത്തുന്നതിനു പ്രണയം തടസ്സമാകരുത്. കൗമാര പ്രേമത്തിന് പ്രൈവസി ആവശ്യമില്ല. ഒളിച്ചു സംസാരിക്കുകയോ ചാറ്റുകൾ ഡിലീറ്റ് ചെയ്യുകയോ വേണ്ടതില്ല. മാതാപിതാക്കളിൽ നിന്ന് മനപ്പൂർവ്വം മറച്ചു വെച്ചുള്ള ഇടപെടലുകൾ കൗമാരപ്രണയം ദിശ മാറുന്നതിന്റെ അടയാളമാണ്.
പ്രായപൂർത്തിയാകാത്തവർ എന്ന പ്രയോഗം പലപ്പോഴും കൗമാരപ്രായക്കാർ ഇഷ്ടപ്പെടാറില്ല. കാരണം അവർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം ശരിയെന്ന് അവർ കരുതുന്നു. ഇങ്ങനെ ചിന്തിക്കുന്ന കൗമാരപ്രായക്കാരെ നിയമത്തിന്റെ പരിധികൾ മനസ്സിലാക്കിക്കൊടുക്കണം. തങ്ങൾ എടുക്കുന്ന തീരുമാനങ്ങളിലെ ശരിയും തെറ്റും അവർ അറിയണം. ഉദാഹരണത്തിന്, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി പ്രായപൂർത്തിയായ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് പോക്സോ ആക്ട് പ്രകാരം ശിക്ഷാർഹമായ ഗൗരവമേറിയ കുറ്റമാണെന്നു ബോധ്യപ്പെടുത്തണം.
നീലുവിന് 15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അവളുടെ ജീവിതം മാറിമറിഞ്ഞത്. അവളുടെ വേനൽക്കാല അവധിയിൽ ഒരു വേനൽ മഴയിൽ അവൾ തിരിച്ചറിഞ്ഞു അവൾ ഗർഭിണി ആയിട്ട് 13 ആഴ്ച കഴിഞ്ഞുവെന്ന്. ആരാണ് ഇതിനുത്തരവാദി എന്ന് ചോദിച്ചപ്പോൾ നിറകണ്ണുകളോടെ തൊട്ടടുത്ത വീട്ടിലെ 17 വയസ്സുകാരൻ റഹിം എന്ന് അവൾ പറഞ്ഞു. റഹീം ഒരു സഹോദരനെപ്പോലെ ആയിരിക്കും എന്നാണ് മാതാപിതാക്കൾ കരുതിയത്. ആരെയും അറിയിക്കാതെ കാര്യങ്ങൾ ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതർ നിയമപരമായി നീങ്ങി. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമപ്രകാരം ഇത് ഒരു ബലാത്സംഗ കേസായി. കുട്ടിയുടെ സുരക്ഷയ്ക്ക് കുടുംബ പരിസരം സഹായകമല്ല എന്ന് കണ്ട്, അവളെ ഗവണ്മെന്റ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കൗമാര പ്രേമത്തേക്കുറിച്ച് ഏറ്റവും കണിശമായി പാലിക്കേണ്ട നിബന്ധന സമപ്രായക്കാരെ മാത്രമേ പ്രേമിക്കാവൂ എന്നതാണ്. ടീനേജ് പെൺകുട്ടികൾക്ക് എല്ലാം തികഞ്ഞ പുരുഷനോട് ആരാധനയും പ്രണയവും ഉണ്ടാകാം. അതുകൊണ്ടുതന്നെ കെണി ഒരുക്കി കാത്തിരിക്കുന്ന ചേട്ടന്മാരെക്കുറിച്ച് മുൻകൂട്ടി അവളോട് പറയണം. അത്തരം പ്രണയം മുളയിലേ നുള്ളണം. ഇതേ നിയമം ആൺകുട്ടികൾക്കും ബാധകമാണ്. മൂന്നോ നാലോ വയസ്സിന് പ്രായം കുറവുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാമെങ്കിലും, കൗമാരത്തിൽ സമപ്രായക്കാരിയെ മാത്രമേ പ്രണയിക്കാൻ സമ്മതിക്കൂ എന്ന് വ്യക്തമാക്കണം. അതായത്, 17 വയസ്സുകാരൻ 14 വയസ്സുകാരിയെ പ്രണയിക്കുന്നത് നിർബന്ധമായും തടയണം. അത്തരം പ്രേമത്തിന്റെ പക്വതയില്ലായ്മയും നിയമ പ്രശ്നങ്ങളും അവനുമായി ചർച്ച ചെയ്യണം.
ലൗ ജിഹാദ് എന്ന വാക്ക് ഒരുപാട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. യഥാർഥത്തിൽ ലൗജിഹാദ് നടക്കുന്നുണ്ടോ എന്നത് ഇന്ന് സാമൂഹികവും മതപരവും എന്നതിനേക്കാൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി അമിത പ്രചാരം കിട്ടുന്ന വിഷയമായിക്കഴിഞ്ഞു. കൗമാര പ്രേമത്തിന്റെ വൈകാരികവും കുടുംബപരവുമായ മാനങ്ങളെ ശരിയായി പരിഗണിക്കുന്നതിന് ഇത്തരം ഗംഭീര വിഷയങ്ങളും വ്യാഖ്യാനങ്ങളും വിലങ്ങുതടിയാണ്. യഥാർത്ഥത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്ക് ശ്രദ്ധ കിട്ടാതെ പോകുന്നു എന്നർത്ഥം. വേട്ടക്കാരില്ല എന്നല്ല, ഇരപിടിക്കാൻ നോക്കുന്നവർ ധാരാളമുണ്ട്. അവർക്ക് പല മുഖങ്ങളാണ്. അത് ലഹരിയാകാം, സെക്സ് റാക്കറ്റ് ആകാം, പണക്കെണികളാകാം, തീവ്രവാദമാകാം. ഇരപിടുത്തക്കാരുടെ എല്ലാ ഇടപെടലുകളെയും തിരിച്ചറിഞ്ഞു തോൽപ്പിക്കാൻ കൗമാരക്കാരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. പ്രതിരോധിക്കാൻ കുട്ടികളെ ഒരുക്കി ശക്തിപ്പെടുത്തുക (empower) യാണ് പ്രധാനം. സൈബർ സർപ്പങ്ങളുടെ ദംശനമേറ്റവർക്കും സർപ്പക്കുഴിയിൽ വീണവർക്കും സാന്ത്വനമാണ് വേണ്ടത്. നിങ്ങൾ കൂടെയുണ്ടെന്ന ഉറപ്പും. സൈബർ യുഗത്തിലെ സർപ്പങ്ങളാകാൻ മക്കളെ വിട്ടുകളയാതിരിക്കാനും ജാഗ്രത വേണം. അവരുടെ ലോകത്ത് അവർക്കൊപ്പം നടക്കുകതന്നെ പോംവഴി.
ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ടീനേജറായ മക്കൾക്ക് സ്വാതന്ത്ര്യം കൊടുക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യണം. അത് അവരിൽ മാറ്റം വരുത്തും. ഒരു തുറന്ന പുസ്തകം പോലെ പ്രായപൂർത്തിയായ മക്കൾക്കൊപ്പം എല്ലാം ചർച്ച ചെയ്യുന്നത് ശീലമാക്കുക. പ്രത്യേകിച്ചും ലൈംഗിക കാര്യങ്ങളിൽ മാതാപിതാക്കൾ ആയിരിക്കണം അവരുടെ ആദ്യത്തെ ഗുരു. സത്യസന്ധതയുടെ കാര്യത്തിൽ ഒരു കൊടുക്കൽ വാങ്ങൽ ശീലമാക്കുക. തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ടീനേജറിന് വേണ്ടത്രസമയം കൊടുക്കുന്നത് അവരെ കൂടുതൽ ഉത്തരവാദിത്വമുള്ള തീരുമാനമെടുക്കാൻ സഹായിക്കും. അവരുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്വം സ്വന്തമാക്കാൻ അവരെ അനുവദിച്ചുകൊണ്ട്, എടുക്കുന്ന ഏത് തീരുമാനവും അവരുടെ ജീവിതനിലവാരം നിർണ്ണയിക്കും എന്ന സന്ദേശം നൽകണം.
പ്രേമം പെട്ടെന്ന് ഉണ്ടാവുന്നതല്ല, തീരുമാനിക്കുന്നതാണ്. വിവാഹം പോലെ തന്നെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ട ഒന്നാണ് ടീനേജ് പ്രണയം. കൗമാരത്തിൽ ആരോടെങ്കിലും ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞപ്പോൾ ഒരു കുട്ടി തന്ന മറുപടി ഇതാണ്: "ഞാൻ ഒരിക്കലും അതിലേക്ക് പോകില്ല. പ്രേമിച്ച സഹോദരങ്ങളുടെ അവസ്ഥ ഞാൻ കണ്ടതാണ്". ചില മാതാപിതാക്കൾ കുട്ടികളോടും ഇതുപോലെ പറയും: "ഒരിക്കലും പ്രേമത്തിൽ പെട്ടുപോകരുത്, പ്രേമം പാപമാണ്" എന്നൊക്കെ. ഇത്തരം നിലപാടുകൾ അപകടകരമാണ്. കാരണം, പിന്നീട് പ്രേമം ഉണ്ടായാൽ, അവർക്ക് തുറന്നുപറയാൻ ഭയം തോന്നിയെന്നു വരാം. കുട്ടികളെ വിശ്വസിക്കുന്നത് നല്ലതുതന്നെ. എന്നാൽ കാലത്തിന്റെ സ്വാഭാവികമായ പ്രത്യേകതകളെ നേരിടാൻ അവരെ ഒരുക്കുന്നതാണ് കൂടുതൽ പ്രധാനം.
പ്രേമിക്കരുത് എന്ന് പറയുന്നതിൽ വലിയ ആത്മീയത ഇല്ല, വിവേകവും ഇല്ല. പ്രേമത്തെ നിയന്ത്രിക്കാൻ ശ്രമിക്കുക്കുന്നത് രഹസ്യ പ്രേമം എന്ന പ്രശ്നമുണ്ടാക്കുന്നു. രഹസ്യ പ്രേമം വഴിതെറ്റുന്നു. ഉദാഹരണത്തിന്, ടീനേജ് രതി പലപ്പോഴും ആകസ്മികമായി സംഭവിക്കുന്നതാണ്. കണ്ടുമുട്ടാൻ രഹസ്യ ഇടങ്ങൾ തേടുന്ന സാഹചര്യമാണ് ഒഴിവാക്കേണ്ടത്. കൗമാര പ്രണയത്തെ അമിതമായി ഫോക്കസ് ചെയ്ത് മക്കളോട് ശണ്ട കൂടുന്ന മാതാപിതാക്കൾ തങ്ങളുടെ മാനസിക അസ്വസ്ഥത തന്നെയാണ് ഈ വിഷയത്തിൽ പ്രകടിപ്പിക്കുന്നത്. താത്കാലികമായ, കടന്നുപോകുന്ന ഇഷ്ടത്തിന് മാതാപിതാക്കൾ അമിത പ്രാധാന്യം നൽകുമ്പോൾ, കുട്ടികളുടെ മനസിലും അത് സീരിയസ് ആയേക്കാം. തങ്ങളുടെ മാനസിക സംഘർഷം കുട്ടികളോട് കാട്ടാതെ സമചിത്തത പ്രാക്ടീസ് ചെയ്യണം. കുട്ടികളിലെ റീയാക്ട് ചെയ്യാനുള്ള പ്രവണതയെ ഉണർത്തിവിടാതെ നോക്കണം.
പ്രേമത്തിന്റെ പേരിൽ മാതാപിതാക്കളെ വേദനിപ്പിക്കണം എന്ന് കുട്ടികൾ പൊതുവേ ആഗ്രഹിക്കാറില്ല. പ്രേമിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ചില നിബന്ധനകൾ പാലിച്ചാൽ മതിയെന്നും അറിയുമ്പോൾ, അവർ ആരോഗ്യകരമായി പ്രണയിക്കാൻ തയ്യാറാകും. എങ്കിലും അവരുടെമേൽ മതിയായ ശ്രദ്ധ വേണം. അവർ അമിതമായി അടുക്കുന്നതായി ശ്രദ്ധിച്ചാൽ, അവരുടെ ലൈംഗിക ജിജ്ഞാസ പരീക്ഷണളിലേക്ക് നീങ്ങുന്നു എന്ന് സംശയം തോന്നിയാൽ, അവരുമായി തുറന്നു സംസാരിക്കുക. ലൈംഗിക കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി ചർച്ചചെയ്ത് അഭിപ്രായങ്ങൾ രുപപ്പെടുത്തേണ്ടതാണ്. സ്നേഹപ്രകടനങ്ങൾ എങ്ങനെയൊക്കെ ആവാം എന്നതിനെക്കുറിച്ച് ധാരണയിൽ എത്തണം. ശാരീരികവും വൈകാരികവും നിയമപരവുമായ പരിണിത ഫലങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കണം. ഉദാഹരണത്തിന് POCSO Act - നെക്കുറിച്ച് അവർ നന്നായി മനസിലാക്കിയിരിക്കണം.
മാതാപിതാക്കളുടെ നിർദ്ദേശങ്ങളും പ്രായത്തിന്റെ പരിധികളും അവഗണിക്കുകയും തിരുത്താനുള്ള ശ്രമങ്ങൾ ഫലം കാണാതിരിക്കുകയും ചെയ്താൽ, ശക്തമായ നിലപാടെടുക്കാൻ മാതാപിതാക്കൾ തയ്യാറാകണം. അതായത് ആരോഗ്യകരമല്ലാത്ത പ്രേമത്തിൽ നിന്ന് യഥാസമയം കുട്ടിയെ പിന്തിരിപ്പിക്കാൻ മാതാപിതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. പ്രേമം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നെങ്കിൽ ശക്തമായിത്തന്നെ നിലകൊള്ളണം. ലഹരി എന്നപോലെ പ്രേമത്തിലും quit പൂർണ്ണമായാലേ ഫലമുണ്ടാകൂ. പ്രേമത്തിൽ നിന്നും പിന്മാറുന്നത് വൈകാരികമായി ഏറെ കഠിനമായതിനാൽ, നിർബന്ധമായും പ്രൊഫഷണൽ സഹായം തേടണം. ഒപ്പം ധാരാളം കരുതലും സ്നേഹവും നൽകണം. ഇതും കടന്നു പോകും. കുറച്ചു മാസങ്ങൾക്ക് അപ്പുറം എല്ലാം സാധാരണഗതിയിലാകും.
മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണെങ്കിലും ചിലപ്പോൾ കുട്ടികൾ വഴിതെറ്റി പോകാറുണ്ട്. പ്രണയം വഴിതെറ്റി പോകാനുള്ള സാധ്യത മുൻകൂട്ടി അറിയാനാകുമോ? വഴിതെറ്റിയ കുട്ടികൾ പറയുന്ന ഒരു പൊതു പല്ലവിയാണ് മാതാപിതാക്കൾ തങ്ങളെ സ്നേഹിച്ചിട്ടില്ല എന്നത്. എന്നാൽ, മിക്കപ്പോഴും മാതാപിതാക്കൾ ആവശ്യത്തിനും അമിതമായും സ്നേഹിച്ചിട്ടുണ്ടാവും. സ്നേഹിക്കപ്പെടുന്നു എന്ന് കുട്ടികൾക്ക് തോന്നിയിരുന്നോ എന്നതാണ് പ്രധാനം. പേരെന്റ്സ് സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ കുട്ടികൾ എന്തു പറയും എന്ന് കണ്ടുപിടിക്കുക. ചെറുപ്രായത്തിൽ സ്നേഹിക്കപ്പെടുന്നില്ല എന്ന തോന്നൽ കുട്ടിയുടെ മനസ്സിൽ വീഴാതെ നോക്കുക പ്രധാനമാണ്. മക്കൾക്കിടയിൽ മനപ്പൂർവമല്ലാതെ രൂപപ്പെടുന്ന താരതമ്യങ്ങളിൽ നിന്നും ഈ തോന്നലുണ്ടാകാം. അങ്ങനെയൊരു തോന്നൽ മാറ്റിയെടുക്കാൻ അവരുമായി സൗഹൃദം വളർത്തുക.
നിനക്ക് റൊമാൻസ് ഉണ്ടായാൽ അമ്മയോട് പറയുമോ എന്ന് 13കാരി യോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: "ഇല്ല ഞാൻ പറയില്ല". കാരണം ആരാഞ്ഞപ്പോൾ അവൾ പറഞ്ഞു: "അമ്മ അത്ര ന്യൂജെൻ അല്ല, വെറുതെ വഴക്കുണ്ടാക്കും". കുട്ടികൾക്ക് തുറന്നു സംസാരിക്കാൻ സ്വാതന്ത്ര്യം തോന്നുന്ന സമീപനം വേണം. ഒരു 15കാരി പറഞ്ഞു: "അമ്മ ന്യൂജെൻ അല്ല പക്ഷേ എനിക്ക് അമ്മ ഓക്കെയാണ്. കാര്യം പറഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാകും". എന്തും വന്നു പറയാം എന്ന ധൈര്യം മക്കൾക്ക് തോന്നുന്നതാണ് പ്രധാനം.
മാതാപിതാക്കൾ കുട്ടികൾക്കൊപ്പം വളരണം. കുട്ടിയുടെ കാൽവളർന്നോ കൈവളർന്നോ എന്ന് നോക്കിയിരുന്ന ചില മാതാപിതാക്കൾ, അവർ വളർന്നപ്പോൾ അവരെപ്പോലെ കൈകളും കാലുകളും മൃദുവാകാൻ ബ്യൂട്ടി പാർലറിൽ പോകാറുണ്ടല്ലോ. അങ്ങനെയെങ്കിൽ, മാനസികമായി അവരോടൊപ്പമാകാനും അവരെ നന്നായി അറിയാനും ഒരു മനഃശാസ്ത്രഞ്ജന്റെ സഹായം തേടാൻ മടിക്കരുത്.
കുട്ടികളിൽ നല്ല പ്രണയം ഉണ്ടാകട്ടെ എന്നു ചിന്തിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. അപ്പനും മകളും, അമ്മയും മകനും തമ്മിലുള്ള നല്ല ബന്ധം, മാതാപിതാക്കൾക്ക് ഇടയിലുള്ള നല്ല ബന്ധം, കുട്ടികൾ സുഹൃത്തുക്കളോട് രൂപപ്പെടുത്തുന്ന നല്ല ബന്ധങ്ങൾ ഇവയെല്ലാം നല്ല കൗമാരപ്രണയം രൂപപ്പെടാൻ സഹായിക്കും. നല്ല കൗമാരപ്രണയം പിന്നീട് പക്വമായ ദാമ്പത്യപ്രണയത്തിന് കളമൊരുക്കും.
Dr Fr Rajeev Michael OCD
St Joseph’s Hospital, Manjummel
Dr Sr Roshin Kunnel SVC
St Sebastian’s Hospital, Arthungal