Blog

The little wings in Love's little nest



സ്നേഹക്കൂടും കുട്ടിച്ചിറകുകളും

മാതാപിതാക്കൾ പൊതുവേ കുട്ടികൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. കുട്ടികൾക്കുവേണ്ടി വ്യക്തിപരമായ ആഗ്രഹങ്ങൾ മാറ്റിവയ്ക്കും. ഉല്ലാസങ്ങളും സൗകര്യങ്ങളും വേണ്ടെന്നു വയ്ക്കും. സ്വന്തം ഉറക്കവും ആരോഗ്യപ്രശ്നങ്ങളും ചിലപ്പോൾ അവഗണിക്കും. ദാമ്പത്യ സന്തോഷങ്ങളും സുഖങ്ങളും മാറ്റിവയ്ക്കും. ഇതൊക്കെ ചെയ്യുമ്പോഴും, കുട്ടികളെക്കുറിച്ചുള്ള ഉൽക്കണ്ഠ ചിലർക്കെങ്കിലും ഗുണത്തെക്കാൾ ദോഷകരം ആകാറുണ്ട്. പാരന്റിംഗ് നെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പേരുതന്നെ "റിലാക്സ്" എന്നാണ്. ചിലപ്പോൾ, കുഞ്ഞുണ്ടാകുന്നതിനു മുമ്പേ ഉൽക്കണ്ഠ ആരംഭിക്കുന്നു. ഒരുപാട് കരഞ്ഞാൽ കുഞ്ഞിന് ദോഷം ആകുമോ, എന്തെങ്കിലും കണ്ടു പേടിച്ചാൽ കുഞ്ഞിന് പ്രശ്നം ഉണ്ടാകുമോ, വീട്ടിലെ സംസാരം കുഞ്ഞ് കേട്ടു പഠിക്കുന്നുണ്ടാകുമോ എന്നിങ്ങനെ പോകുന്നു സന്ദേഹങ്ങൾ. ഇത്തരം കാര്യങ്ങൾ പറഞ്ഞു ആശങ്ക വളർത്തുന്ന പഴമക്കാരും ആത്മീയ പ്രവർത്തകരും ചിലപ്പോൾ കാര്യങ്ങൾ വഷളാക്കാറുണ്ട്. വളർച്ചയുടെ ചില ഘട്ടങ്ങളിൽ കുട്ടികളിലെ ചില പോരായ്മകൾ കാണുമ്പോൾ, ഗർഭസ്ഥ കാലത്തെ മാതാപിതാക്കളുടെ തെറ്റുകൾ ആണ് അതിന് കാരണം എന്നുപറഞ്ഞ് കുറ്റബോധം ജനിപ്പിക്കുന്നവരും ഉണ്ട്. ഉത്കണ്ഠയും കുറ്റബോധവും പേരെന്റ്റിംഗിൽ കൂടുതൽ പ്രശ്നമാകാം. മറുവശത്ത്, പേരെന്റ്റിംഗിന്  വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുന്നതും പ്രശ്നമാകാം.
 
"പേരെന്റ്റിംഗ്" എന്നതിന് പകരം ഉപയോഗിക്കാവുന്ന മലയാളപദം നമുക്കില്ല എന്നത് യാദൃശ്ചികമാണോ?  കുട്ടികളെ "വളർത്തുക" എന്ന പദം ഉണ്ടെങ്കിലും അമ്മ ചെയ്യുന്ന കാര്യം എന്നാണ് ധ്വനി.   പേരെന്റിങ്ങിനു പകരമായി "ശിക്ഷണം" എന്ന പദം ഉപയോഗിക്കാറുണ്ട്. ശിക്ഷണത്തിന്റെ ശരിയായ അർത്ഥം സ്വഭാവ രൂപീകരണം എന്നാണെങ്കിലും, ശിക്ഷിച്ചു വളർത്തുക എന്നതാണ് സൂചന.  അച്ഛനും അമ്മയും ഒന്നുപോലെ ഉത്തരവാദിത്വം പങ്കുവെച്ച് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതാണ് "പേരെന്റ്റിംഗ്". ശരിയായ പദം ഇല്ലാത്തത് അവശ്യമായ പ്രാധാന്യം കൊടുക്കാത്തതിന്റെ സൂചനയാകാം.
 
കുട്ടികളുടെ സ്വഭാവ രുപികരണത്തിന്റെ പ്രധാന ഘട്ടങ്ങൾ ഇപ്രകാരം തരംതിരിക്കാം: സ്കൂളിൽ പോകുന്നതിനു മുമ്പുള്ള ശൈശവകാലം, ഒൻപതു  വയസ്സുവരെയുള്ള ബാല്യകാലം, കൗമാരത്തിനു മുമ്പുള്ള കാലം (tweens), പതിനെട്ടു വയസ്സ് വരെ കൗമാരപ്രായം. ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ മാത്രം പൊതുവായി പരാമർശിക്കാം.
 
കുഞ്ഞിന്റെ ശൈശവത്തിൽ നല്ല കുടുംബാന്തരീക്ഷം  വേണം. കുഞ്ഞ് എല്ലാം കണ്ടു വളരുന്നു. ഈ കാലയളവിൽ അമ്മയ്ക്ക് ഭർത്താവിൽനിന്നും കുടുംബത്തിത്തിൽ നിന്നും ലഭിക്കുന്ന അനുകൂലവും പ്രതികൂലവുമായ ശ്രദ്ധയും പരിഗണനയും കുഞ്ഞിലും പ്രതിഫലിക്കുന്നു. കുഞ്ഞിന് മാതാപിതാക്കൾക്കൊപ്പം ഉള്ള കളിസമയവും തനിച്ചുള്ള കളിസമയവും ആവശ്യമാണ്. മാതാപിതാക്കൾ നൽകുന്ന സുരക്ഷിതത്വബോധം കുഞ്ഞിൽ ആത്മവിശ്വാസം രൂപപ്പെടുത്തും. അതേസമയം, മൂന്നു വയസ്സിനു മുമ്പ് സ്വഭാവരൂപീകരണത്തിന് അമിതപ്രാധാന്യം നൽകേണ്ടതില്ല. ആരോഗ്യകരമായ വളർച്ചയിലും സുരക്ഷയിലും കൂടുതൽ ശ്രദ്ധിക്കാം. രണ്ടാമത്തെ കുഞ്ഞ് ആണെങ്കിൽ,  ആദ്യത്തെ കുട്ടിക്ക് കൂടുതൽ ശ്രദ്ധയും സ്നേഹവും നൽകേണ്ട സമയമാണ്. ഉദാഹരണത്തിന്, അമ്മ കുഞ്ഞിന് കൂടുതൽ സമയം കൊടുക്കുമ്പോൾ, അച്ഛൻ മൂത്ത കുട്ടിയുമായി നല്ല സമയം കൂടുതലായി ചെലവിടണം. അച്ഛൻ കുഞ്ഞുവാവയുമായി അടുപ്പും ഉണ്ടാക്കാനും ശ്രമിക്കണം. ഇപ്രകാരം, പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ, അമ്മയ്ക്ക് കുറച്ചു സമയം മൂത്ത കുട്ടിക്ക് നൽകാനും കഴിയും.
 
ഒരു വീട്ടമ്മ അഞ്ചു വയസ്സുള്ള മൂത്ത കുട്ടിയോട് പറഞ്ഞത് ശ്രദ്ധിക്കുക. അമ്മയ്ക്ക് കുറേ ജോലി ചെയ്തു തീർക്കാൻ ഉണ്ട്. കുഞ്ഞുവാവ ഉറങ്ങിയാലേ അമ്മയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ. അമ്മയ്ക്കും മോന്റെ സഹായം വേണം. കുറച്ചുനേരത്തേക്ക് മോൻ അധികം ശബ്ദമുണ്ടാക്കാതെ കളിക്കുവാണെങ്കിൽ, വാവ വേഗം ഉറങ്ങിക്കൊള്ളും. അപ്പോൾ അമ്മയ്ക്ക് ജോലി എല്ലാം ചെയ്യാൻ പറ്റും. ഇവിടെ, കുട്ടി ശബ്ദമുണ്ടാക്കാതിരിക്കുന്നത് "അനുസരണം" എന്നതിനേക്കാൾ "അമ്മയ്ക്ക് വേണ്ടി ചെയ്യുന്ന സഹായം" എന്നാകുമ്പോൾ, കുട്ടിക്ക് അമ്മയോടുള്ള ഹൃദയബന്ധം വളർത്താൻ കാരണമാകുന്നു. കുട്ടിക്ക് സ്വയം മതിപ്പ് തോന്നാനും ഇടയാക്കുന്നു.
 
വീട്ടില്‍ ഒരു കുഞ്ഞുവാവയുണ്ടെങ്കില്‍ അവളിലെ ഓരോ ചലനവും മാറ്റങ്ങളും വലിയ വിസ്മയത്തോടെയാണ് അപ്പനുമമ്മയും ശ്രദ്ധിക്കുന്നത്. തികഞ്ഞ അത്ഭുതത്തോടെയാണ് അവന്‍റെ പ്രത്യേകതകളെക്കുറിച്ച് മറ്റുള്ളവരോട് വിവരിക്കുന്നത്. പിന്നീടെപ്പോഴാണ് മാതാപിതാക്കള്‍ക്ക് കുട്ടിയെക്കുറിച്ചുള്ള ഈ വിസ്മയം നഷ്ടപ്പെടുന്നത്? തങ്ങളുടെ തന്നെ സങ്കല്പങ്ങളും പ്രതീക്ഷകളും വച്ച് കുട്ടിയെ നോക്കുമ്പോള്‍ മുതല്‍ പലതും പോരായ്മകളായി തോന്നിത്തുടങ്ങുന്നു. മറ്റാരുടെയോ കുട്ടികളിലുള്ളത് സ്വന്തം കുട്ടിയിലും ഉണ്ടാവണമെന്ന ആഗ്രഹത്തോടെ നോക്കുമ്പോള്‍ കുറ്റങ്ങളും കുറവുകളും ശ്രദ്ധയില്‍ പതിയുന്നു. കുട്ടികള്‍ സ്വന്തം തനിമയുടെ പ്രകാശത്തില്‍ വളരട്ടെ. അവര്‍ക്കു തണലായി നിങ്ങളുടെ സങ്കല്പങ്ങളുടെ നിഴല്‍ വേണ്ട. അവരുടെ ആത്മഗുണങ്ങള്‍ (Inner qualities) വിടര്‍ന്നു വരാനുള്ള പരിസരം ഒരുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.
 
ഒരു നല്ല തോട്ടക്കാരനെപ്പോലെയാണ് മാതാപിതാക്കള്‍. കുട്ടികളിലുള്ള സ്വതസിദ്ധമായ ഗുണങ്ങള്‍ വളര്‍ന്നുവരാന്‍ പാകത്തിന് വെള്ളയും വളവും വെളിച്ചവും നല്‍കുകയാണവര്‍. വീട്ടില്‍ ഭയമില്ലാതെ സംസാരിക്കാമെന്ന് ആത്മവിശ്വാസമുള്ള കുട്ടി തനിക്ക് തോന്നുന്നത് തുറന്നുപറയുമ്പോള്‍ സ്വന്തമായ സ്വരം തിരിച്ചറിയുന്നു. തെറ്റുകള്‍ വരുത്താന്‍ സ്വാതന്ത്ര്യമുള്ള വീട്ടില്‍ കുട്ടി ശരിയെക്കുറിച്ചുള്ള ഉത്തമബോധ്യത്തിലേക്കു വളരുന്നു. എല്ലാക്കാര്യത്തിലും ജയിക്കണമെന്നു നിര്‍ബന്ധമില്ലാത്ത വീട്ടില്‍ കുട്ടി ചില തോല്‍വികളില്‍ നിന്നും വിജയത്തിന്‍റെ പാഠങ്ങളും ജയമുറപ്പാക്കുന്ന വഴികളും കണ്ടെത്തുന്നു. കുട്ടികളില്‍ അവരുടെ തനിമ രൂപപ്പെടാനുള്ള പരിസരമാണ് വീട്.
 
കുഞ്ഞിനെ പാര്‍ക്കില്‍ കൊണ്ടുപോയ അമ്മ ഒരു മരത്തണലില്‍ ഇരുന്ന് ആരോഗ്യമാസിക വായിച്ചു തുടങ്ങുന്നു. കുഞ്ഞ് മെല്ലെ അമ്മയുടെ കൈവിട്ട് പൂക്കളുടെയും പൂമ്പാറ്റയുടെയും കളിക്കൂട്ടുകാരുടെയും പിന്നാലെ നടന്നുനീങ്ങുന്നു. ഏതോ അപരിചിതന്‍ കുട്ടിയോടു മിണ്ടാന്‍ ചെല്ലുമ്പോള്‍ അവള്‍ പെട്ടെന്നു തിരികെയോടി അമ്മയുടെ അടുത്തെത്തുന്നു. അമ്മ മരത്തണലിലുണ്ടെന്ന ഉറപ്പാണ് കുട്ടിക്ക് ചുറ്റുമുള്ള ലോകം explore ചെയ്യുന്നതിനു ധൈര്യം കൊടുത്തത്. സ്നേഹിക്കപ്പെടുന്നു എന്ന ഉറപ്പില്‍ നിന്നാണ് കുട്ടിക്ക് തന്‍റെ തനിമ കണ്ടെത്താനുള്ള സ്വാതന്ത്ര്യവും ധൈര്യവും ലഭിക്കുന്നത്.
 
കുട്ടികളെ അമിതമായി കൊഞ്ചിച്ച് വഷളാക്കുന്നതും ശിക്ഷിച്ച് കഠിന ഹൃദയരാക്കുന്നതും രണ്ടും പ്രശ്നം തന്നെ. എന്റെ സുഹൃത്തായ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തന്റെ നാലു വയസ്സുള്ള കുട്ടിയെ തെറ്റ് തിരുത്തേണ്ടതായി വന്നപ്പോഴൊക്കെ ഇങ്ങനെ പറഞ്ഞിരുന്നു: നീ ചെയ്തത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്.  അതിനെക്കുറിച്ച് ഞാനും നിന്റെ അമ്മയും ഒട്ടും ഹാപ്പി അല്ല. പക്ഷേ നീ ഇത് ചെയ്തത് കാരണം ഞങ്ങൾക്ക് നിന്നോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല. ഇനി നീ ഒരിക്കലും ഇത് ആവർത്തിക്കാൻ പാടില്ലാത്തതാണ്. പക്ഷേ നീ ഇനിയും തെറ്റ് ചെയ്തു പോയാലും ഞങ്ങൾക്ക് നിന്നോടുള്ള ഇഷ്ടം കുറയുകയില്ല. ഞങ്ങൾ നിന്നെ എപ്പോഴും ഒരുപോലെ സ്നേഹിക്കുന്നു.
 
സ്നേഹമുണ്ട് എന്ന് തോന്നുമ്പോളേ തിരുത്തലുകൾ ഫലം ചെയ്യൂ. ഹൃദയ ബന്ധം മുറിഞ്ഞിടത്ത് 'ശിക്ഷണം' അസാധ്യമാണ്. ശിക്ഷണം ശിക്ഷയല്ല, മറിച്ച് രൂപീകരണമാണ്. കരുതലും തിരുത്തലും ഒന്നിച്ചു പോകണം. മാത്രമല്ല, കരുതൽ തിരുത്തലിനേക്കാൾ ശക്തമായി കുട്ടികൾക്ക് അനുഭവപ്പെടണം. അവരുടെ തെറ്റിനെക്കുറിച്ച് പ്രകടിപ്പിക്കുന്ന അതൃപ്തിയെക്കാൾ മൂന്നിരട്ടിയാവണം അവരോട് കാട്ടുന്ന കരുതൽ എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായത്, കുട്ടിയും പേരെന്റ്റും തമ്മിലുള്ള ഹൃദയ ബന്ധം നിലനിർത്താൻ, ഓരോ തിരുത്തലിനും കുറ്റപ്പെടുത്തലിനും മുൻപേ മൂന്നിരട്ടി കരുതലും പ്രോത്സാഹനവും നൽകണം.
 
പ്രോത്സാഹിപ്പിക്കുന്നതിനും സ്നേഹം പ്രകടിപ്പിക്കുന്നതിനും പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ഉദാഹരണത്തിന്, കളി കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന സമയം, ഉറങ്ങാൻ പോകുന്ന സമയം, രാവിലെ ആദ്യമായി കാണുന്ന സമയം - പ്രത്യേകിച്ച് കാരണമില്ലാതെ സ്നേഹം പ്രകടിപ്പിക്കാം. താൻ സ്നേഹിക്കപ്പെടുന്നു എന്ന തോന്നൽ ഉളവാക്കുകയാണ് പ്രധാനം. കുട്ടികൾ ചെയ്യുന്ന തെറ്റിനേക്കാൾ ചെയ്യുന്ന നല്ലതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുക. മാർക്ക് കുറഞ്ഞ വിഷയത്തെകാൾ മാർക്ക് കൂടിയ വിഷയത്തെക്കുറിച്ച് സംസാരിക്കുക. അനിയത്തിയോട് ഒരുപാട് വഴക്കിടുന്ന കുട്ടി ചില നേരം വഴക്ക് കൂടാതെ കളിക്കുന്നുണ്ടാവില്ലേ?  നമ്മൾ എന്താണ് ശ്രദ്ധിക്കുന്നത്, എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത്, അത് വർദ്ധിച്ചുവരും. തെറ്റുകൾ മാത്രം ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് കൂടുതൽ പറയുകയും ചെയ്യുമ്പോൾ, തെറ്റുകൾ കുറയുന്നതിന് പകരം കൂടുതലാകുന്നു. ചെറിയ കുട്ടികളിൽ 'ഞാൻ നല്ലവനാണ്, നല്ലവളാണ്' എന്ന തോന്നൽ ഉളവാക്കുകയാണ് ഏറ്റവും പ്രധാനം. "തെറ്റ് ചെയ്തു പോയാലും നിന്നെ ഞങ്ങൾക്ക് ഇഷ്ടമാണ്" എന്ന് കുട്ടിയോട് പറഞ്ഞ സുഹൃത്ത് കുട്ടിയുടെ മനസ്സിൽ സ്വയം മതിപ്പും ആത്മവിശ്വാസവും വളർത്തുകയായിരുന്നു. നല്ല സ്വഭാവം ഉണ്ടാകാനുള്ള വാക്സിനേഷൻ ആണത്.
 
വാശിപിടിച്ചു കരയുന്ന കുഞ്ഞുകുട്ടിയെ അവഗണിക്കരുത്. വാശി എന്ന പെരുമാറ്റ പ്രശ്നത്തെ മനസ്സിലാക്കാത്ത കുട്ടി അനുഭവിക്കുന്നത് തിരസ്കരണം ആയിരിക്കും. എന്നാൽ വാശിക്ക് വഴങ്ങി കൊടുക്കുന്നത്, എല്ലാം നിർബന്ധപൂർവം നേടിയെടുക്കുന്ന സ്വഭാവം വളർത്തും. ദേഷ്യവും വാശിയും കൂടുതലാവും. പകരം, വാശിപിടിക്കുന്ന കാര്യം എന്തുകൊണ്ട് നൽകുന്നില്ല എന്നതിന്റെ യാഥാർത്ഥ്യം കാര്യകാരണ സഹിതം മനസ്സിലാക്കി കൊടുക്കുക. എല്ലാം കുറ്റം ആയി കാണുന്നതിനുപകരം, ബാല്യകാല വികൃതികളിൽ ഒളിഞ്ഞുകിടക്കുന്ന  പെരുമാറ്റ രീതികളെ കൗതുകപൂർവ്വം കണ്ടറിഞ്ഞു വേണ്ടതും വേണ്ടാത്തതും വേർതിരിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. എന്നാൽ, ബാല്യകാലത്തിലെ ചേഷ്ടകളെപറ്റി പരിഹാസരൂപേണ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 
 
അല്ലലില്ലാതെ വളർത്തുന്നതിനു പകരം വീട്ടിലെ കുറവുകൾ കുട്ടികളെ അറിയിക്കുക. അവർക്ക് ചെയ്യാവുന്ന കാര്യങ്ങൾ വീടിനു വേണ്ടി ചെയ്യാൻ ശീലിപ്പിക്കുക. അഞ്ചു വയസ്സുള്ള കുഞ്ഞിന് പോലും ചെറിയ ഉത്തരവാദിത്വങ്ങൾ വേണം. ഉദാഹരണത്തിന് നിലത്തുവീണ ചോറ് പെറുക്കി ഇടുക. കളിപ്പാട്ടങ്ങൾ ആവശ്യം കഴിഞ്ഞ് തിരിച്ചു വയ്ക്കുക.  ബെഡ്ഷീറ്റ് മടക്കി വയ്ക്കുക, കഴിച്ച പാത്രം തിരികെ വയ്ക്കുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ വൃത്തിയാക്കുക.
 
ചില മാതാപിതാക്കൾ തങ്ങൾക്ക് ലഭിച്ച ശിക്ഷണത്തെ അതേ രൂപത്തിലും അതേ അളവിലും തങ്ങളുടെ കുട്ടികൾക്കും  കൊടുക്കണം എന്ന് വിചാരിക്കും. ഉദാഹരണത്തിന് വളരെ ഡിസിപ്ലിൻ ആയിട്ട് വളർന്ന മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അതേ ശിക്ഷണത്തിൽ വളർത്താൻ ശ്രമിച്ചത് വലിയ പ്രശ്നമായപ്പോൾ, കൗൺസിലറെ സമീപിക്കേണ്ട സാഹചര്യമുണ്ടായി.  വേണ്ടതും വേണ്ടാത്തതും ഏതൊക്കെയാണെന്ന് സൗഹൃദപൂർവ്വം മക്കളുമായി ചർച്ച ചെയ്യുന്ന  ഒരു നല്ല അധ്യാപകനും അധ്യാപികയും ആകണം മാതാപിതാക്കൾ. സ്കൂളിൽ പഠിക്കുന്ന സിലബസിനെക്കാളും ജീവിക്കുന്ന മാതൃകയാണ് നിങ്ങളുടെ കുട്ടികൾക്ക് മുതൽക്കൂട്ടാകുന്നത്.
 
കുട്ടികൾ ചീത്ത ശീലങ്ങൾ ഒന്നും പഠിക്കാതിരിക്കുവാൻ ചില മാതാപിതാക്കൾ തങ്ങളുടെ വീട്ടിൽ തന്നെ കാത്തുസൂക്ഷിക്കുന്ന പ്രവണത കുട്ടികളുടെ മാനസിക വളർച്ചയെ സാരമായി ബാധിക്കുന്നു. അവരിൽ അപകർഷതാബോധവും സാമൂഹികമായി ഇടപെടുവാൻ ഭയവും ചെറിയ കാര്യങ്ങൾ പോലും സ്വന്തമായി ചെയ്യാനാവാത്ത വിധം ഉൽക്കണ്ഠയും രൂപപെട്ടേക്കാം. മാതാപിതാക്കൾ മക്കളോട് സുഹൃത്തുക്കൾ ആയാൽ അവരുടെ കൂട്ടുകെട്ടുകളെക്കുറിച്ച് എളുപ്പം  മനസ്സിലാക്കാനും ഇടപെടാനും സാധിക്കും. വളരുമ്പോൾ കുട്ടികൾ സമപ്രായക്കരോടുമൊപ്പം കൂടുതൽ സമയം ആയിരിക്കുന്നതും  ആയിരിക്കുവാൻ  ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ, ചെറുപ്പ കാലത്തിൽ തങ്ങൾക്ക് ലഭിച്ചിട്ടുള്ള സുരക്ഷിതത്വത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും കുട്ടികൾ  തങ്ങളുടെ സ്നേഹിതരെ തെരഞ്ഞെടുക്കുന്നത്, അഥവാ കൂട്ടുകാരിൽ ഉള്ള ശീലങ്ങൾ സ്വന്തമാക്കുന്നത്.  
 
ജീവിതത്തില്‍ തങ്ങള്‍ക്കു സാധിക്കാതെ പോയ കാര്യങ്ങള്‍ മക്കളിലൂടെ നേടാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുണ്ട്. സ്വന്തം നഷ്ടസ്വപ്നങ്ങള്‍ മക്കളിലൂടെ വീണ്ടും തളിരിട്ടു കാണാമെന്ന് പ്രതീക്ഷിച്ച് മക്കളുടെ ചിന്തകളെയും താല്പര്യങ്ങളെയും തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു. മാതാപിതാക്കള്‍ പറയുന്നതു മാത്രമാണ് ശരിയെന്ന് വിചാരിക്കുന്ന ചെറുപ്രായത്തില്‍ കുട്ടി അതെല്ലാം അപ്പാടെ വിഴുങ്ങിയെന്നു വരാം. പക്ഷേ, കുറച്ചു കഴിയുമ്പോള്‍ അവരെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ച് അവന് ശ്വാസം മുട്ടുന്നു. അപ്പോഴേയ്ക്കും സ്വന്തം വഴിയും തനിമയും കണ്ടെത്താനും അതിലേക്ക് തിരികെ നടക്കാനുമുള്ള ആത്മധൈര്യം ചോര്‍ന്നുപോയിരിക്കാം.
 
കുട്ടികള്‍ പിന്നീടെപ്പോഴോ ആയിത്തീരേണ്ടതിനേക്കാള്‍ ഇപ്പോള്‍ ആയിരിക്കുന്നതിനെയാണ് മാതാപിതാക്കള്‍ വാത്സല്യപൂര്‍വ്വം അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത്. കുട്ടി തന്‍റെ തനിമ കാണിക്കുന്നത് ചില കൊച്ചുകാര്യങ്ങളിലായിരിക്കും. അവളുടേതായ ചില കളികള്‍, കുസൃതികള്‍, സ്നേഹം പ്രകടിപ്പിക്കുന്ന രീതികള്‍, അഭിപ്രായം പറയുന്ന രീതികള്‍, എന്നിവ. എന്തിനേയുമേതിനേയും കുറിച്ച് "അങ്ങനെയല്ല, ഇങ്ങനെ"യെന്ന് പറഞ്ഞ് എല്ലാം തിരുത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കളുണ്ട്. അക്ഷരവും ഉച്ചാരണവും തിരുത്തുക ആവശ്യമായിരിക്കാം. എന്നാല്‍ അതേരീതിയില്‍ മറ്റെല്ലാ കാര്യങ്ങളും തിരുത്താനും 'ശരി'യാക്കാനും ശ്രമിച്ചാല്‍ കുട്ടിയുടെ തനിമ കെട്ടുപോവുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യും.
 
കുട്ടികളുടെ പല തെറ്റുകള്‍ക്കും പിന്നില്‍ അവര്‍ക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളുണ്ട്. പ്രവൃത്തിയിലെ പോരായ്മയ്ക്കപ്പുറത്ത് ചിന്തയിലെ "ശരി"യെ കാണാനും അംഗീകാരിക്കാനും മാതാപിതാക്കളും അധ്യാപകരും മെനക്കെടാറില്ല. "അത് തെറ്റാണ്" എന്നുമാത്രം പറയുന്ന പാരന്‍റ് കുട്ടിയുടെ സ്വന്തമായ യുക്തിയും ചിന്തയും മുളയിലേ ചിറകരിഞ്ഞു കളയുന്നു. പിന്നെ, ഓരോ കാര്യത്തിനും താന്‍ ചെയ്യുന്നത് ശരിയാണോ എന്ന് പാരന്‍റിന്‍റെ മുഖത്തേയ്ക്ക് ഉറപ്പില്ലാതെ അവള്‍ നോക്കുന്നു. ആത്മവിശ്വാസത്തിന്‍റെ പ്രസരിപ്പ് നഷ്ടപ്പെട്ട മുഖത്ത് പിന്നെ വിളര്‍ച്ചയും അങ്കലാപ്പുമാണ് തെളിയുന്നത്.
 
കുട്ടികളെക്കുറിച്ച് സ്വപ്നം കാണേണ്ടയെന്നല്ല. വലുതാകുമ്പോള്‍ കുട്ടി എന്തുമാവട്ടെ, എന്നാല്‍ ഇപ്പോള്‍ അവന്‍ ആയിരിക്കുന്നതിനെ ശ്രദ്ധിക്കുക. അതാണ് കൂടുതല്‍ പ്രധാനം. ഇപ്പോളവന്‍ മനസ്സില്‍ തോന്നുന്നതെന്തായാലും അത് തുറന്നുപറയാനുള്ള ആര്‍ജ്ജവം കാട്ടുന്നുണ്ടോ? ഇപ്പോളവള്‍ വാരിക്കൂട്ടുന്നതിനേക്കാള്‍ കൊടുക്കുന്നതിനു വിലയുണ്ടെന്ന് അറിയുന്നുണ്ടോ? ഇപ്പോളവന് തിരക്കിനും തിമിര്‍പ്പിനുമിടയില്‍ അല്പം പ്രശാന്തനിശ്ചല നിമിഷങ്ങള്‍ കണ്ടെത്താനും ആസ്വദിക്കാനും അറിയാമോ? തന്‍റെ ഭാവനയും ആത്മാവും മറനീക്കി വെളിപ്പെടുന്ന പ്രവൃത്തികള്‍ക്ക് അവള്‍ സമയം കണ്ടെത്തുന്നുണ്ടോ? അവന്‍ പഠനം ആസ്വദിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ അവരെക്കുറിച്ച് ഒരുകാര്യം നമുക്ക് ഉറപ്പായും പ്രതീക്ഷിക്കാം. അവര്‍ എപ്പോഴും വിജയിച്ചില്ലെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കും. അവര്‍ തോറ്റാലും വീണ്ടും തുടങ്ങാനുള്ള ധൈര്യം നേടിയിട്ടുണ്ടാകും. അവര്‍ നിങ്ങളെ എല്ലാ കാര്യങ്ങളിലും അനുസരിച്ചില്ലെങ്കിലും എന്നും ആദരിക്കും. നിങ്ങളുടെ കാഴ്ചപ്പാട് സ്വീകരിച്ചില്ലെങ്കിലും ഉള്ളിലെ വിളക്കിന്‍റെ വെട്ടത്തില്‍ നടക്കും. മക്കളെക്കുറിച്ച് ഇത്തരം സ്വപ്നങ്ങള്‍ കാണാന്‍ നിങ്ങള്‍ക്കാകുമോ? എങ്കില്‍ ധാരാളം സ്വപ്നം കണ്ടോളൂ...
 
കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ തിരിച്ചറിയാന്‍ മാതാപിതാക്കൾക്ക് ശരിയായ അറിവ് വേണം. അതുപോലെ, കൗമാരത്തിൽ എത്തുമ്പോൾ പേരെന്റ്റിംഗിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അറിവ് വേണം. മാനസിക സംഘർഷങ്ങളിലൂടെ മാതാപിതാക്കൾ കടന്നു പോയിട്ടുണ്ടെങ്കിൽ അതിന്റെ പ്രതിഫലനം കുട്ടികളിലും പിന്നീട് പ്രകടമാവുക സ്വഭാവികമാണ്. സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മാതാപിതാക്കൾ കുട്ടികളെ നേരത്തെ തന്നെ ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റിനെ കാണിക്കുന്നത് നല്ലതാണ്. എന്നാൽ മാതാപിതാക്കൾക്ക് ഉണ്ടായിട്ടുള്ള മാനസിക രോഗങ്ങൾ മക്കൾക്കും ഉണ്ടാകും എന്ന ഭയം അടിസ്ഥാനരഹിതമാണ്. കാരണം, സാധാരണ മാനസികരോഗങ്ങൾ കുട്ടികളിലേക്ക് അതേപടി ജനിതകമായി കൈമാറുന്നവയല്ല.  അത് കുട്ടികളിൽ ഉണ്ടാക്കിയ സമ്മർദ്ദത്തിന്റെ ഫലങ്ങളാണ് പിന്നീട് അവരിൽ പ്രകടമാകാറുള്ളത്. ഈ വിഷയങ്ങൾ അടുത്ത ലക്കത്തിൽ നമുക്ക് ചർച്ച ചെയ്യാം.

 
Dr Fr Rajeev Michael OCD
St Joseph’s Hospital, Manjummel
 
Dr Sr Roshin Kunnel SVC
St Sebastian’s Hospital, Arthungal