നുണയുടെ കെണിയും കാണാക്കിനാക്കളും
വക്രബുദ്ധി കൊണ്ട് ജീവിക്കുന്ന പരാന്നഭോജികൾ (parasites) ലോകത്തെങ്ങുമുണ്ട്. എങ്കിലും മോൻസൺ മാവുങ്കൽ എല്ലാരെയും അതിശയിപ്പിച്ചു. വമ്പൻമാരെ അനായാസം വീഴ്ത്തിയ അയാളുടെ നാവിനെ ചിലർ വാഴ്ത്തുന്നു. ആന്റിസോഷ്യൽ വ്യക്തിത്വത്തിന്റെ പാഠപുസ്തകമെന്ന് ചിലർ അയാളുടെ സ്വഭാവം വിശകലനം ചെയ്യുന്നു. അയാൾക്ക് കിട്ടുന്ന അമിതശ്രദ്ധ (limelight) തട്ടിപ്പിന് പ്രോത്സാഹനമാകുമെന്ന് മറ്റുചിലർ സന്ദേഹപ്പെടുന്നു; ഫ്രോഡിസം വളരാൻ വളക്കൂറുള്ള മണ്ണാണോ കേരളം എന്ന വിശകലനത്തിലേക്ക് തിരിയുന്നു. പോലീസുകാരോടുള്ള അയാളുടെ മറുചോദ്യം ശ്രദ്ധേയമല്ലേ - ഞാൻ പറയുന്നതൊക്കെ ആളുകൾ വിശ്വസിക്കുന്നത് എന്റെ കുറ്റമാണോ? നുണ പറയുന്നതാണ് കുറ്റമെങ്കിൽ, എന്താ നിങ്ങൾ ചില രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്യാത്തത്? ഇത്തരം ഭൂലോക തട്ടിപ്പുകളൊക്കെ വിശ്വസിക്കാനുള്ള മലയാളിയുടെ മനസ്സൊരുക്കം കൂടുതൽ ഗൗരവമുള്ള പ്രശ്നം അല്ലേ?
വിദേശികൾ നമ്മുടെ രാജാക്കന്മാരുടെയും ജന്മികളുടെയും പൊങ്ങച്ചവും ബുദ്ധിശൂന്യതയും തിരിച്ചറിഞ്ഞ് പാരിതോഷികങ്ങൾ നൽകി അവരെ വശത്താക്കി നാട് മുടിച്ച കഥകൾ നമ്മുടെ ഓർക്കാൻകൊള്ളാത്ത പൈതൃകമാണല്ലോ. ഇത്തരം പഴമക്കാരുടെ പിന്മുറക്കാരല്ലേ ഇന്ന് പഴക്കം ചെന്നവയെത്തേടി പണമെറിഞ്ഞു പൂട്ടിലാകുന്നതും തട്ടിപ്പുകാർക്ക് പാറാവൊരുക്കി പെട്ടുപോകുന്നതും. എങ്ങനെയും കാശുണ്ടാക്കണം എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന മനോഭാവമുള്ളവരും ഇത്തരം കെണിയിൽപ്പെടുന്നു.
ഒരിക്കൽ ഒരു സുഹൃത്ത് പങ്കുവെച്ചതാണ്. ഇറ്റലിയിൽ നിന്ന് ഒരാൾ ചില പരിചയങ്ങൾ വഴി സൗഹൃദം തുടങ്ങുന്നു. തികച്ചും ഊഷ്മളമായ ഓൺലൈൻ സൗഹൃദം ഒരു വർഷം നീണ്ടപ്പോൾ, പിറന്നാളിന് ഇറ്റലിയിൽ നിന്ന് അയാൾ സുഹൃത്തിന് ഒരു ഗിഫ്റ്റ് അയക്കുന്നു. അയക്കും മുൻപ്, ഗിഫ്റ്റ്-ബോക്സിന്റെ ചിത്രവും അകത്തുള്ള വിലയേറിയ സമ്മാനങ്ങളുടെ വിവരങ്ങളും മേൽവിലാസം തെറ്റിയിട്ടില്ലെന്ന് ഉറപ്പാക്കുന്ന ചിത്രവും e-mail ചെയ്യുന്നു. സുഹൃത്ത്, ആകാംഷയോടെ കാത്തിരിക്കവേ, രണ്ടുദിവസം കഴിഞ്ഞ്, അയാൾ കോൺടാക്ട് ചെയ്യുന്നു. നാട്ടിലെ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറൻസിന് അപ്രതീക്ഷിതമായ തടസം വന്നതിൽ ക്ഷമ ചോദിച്ച്, ക്ലിയറൻസിനായി നിശ്ചിത തുക അടക്കാനുള്ള വിവരങ്ങളും നൽകുന്നു. ഇത്തരം മോഹവലയിൽ നിരവധിപേർ വീഴുന്നതുകൊണ്ടായിരിക്കില്ലേ തട്ടിപ്പുകാർ കൂടുതൽ സംഘടിതമായി പ്രവർത്തിക്കുന്നത്?
ഒരർത്ഥത്തിൽ നമ്മളെല്ലാം പലവിധത്തിൽ കബളിക്കപ്പെടുന്നവരാണ്. ചവിട്ടിപ്പരത്തിയ ചപ്പാത്തിയും ചത്ത കോഴിയുടെ പൊരിച്ച മാംസവും നല്ല വിലകൊടുത്ത് നമ്മൾ വാങ്ങി തിന്നുന്നില്ലേ? ഫാർമാ കോർപറേറ്റുകളുടെ കണക്കുകൂട്ടൽ അനുസരിച്ച് നമ്മുടെ ശരീരത്തെ മരുന്നുകൾക്ക് ക്രമാനുഗതം വിധേയപ്പെടാൻ വിട്ടുകൊടുക്കുന്നില്ലേ? പെട്രോൾ ഉൽപന്നങ്ങൾക്ക് കമ്പനികളുടെ കൊള്ളലാഭത്തിനും പുറമേ വിലയുടെ ഇരട്ടിയിലധികം വരുന്ന നികുതിയും പ്രതികരിക്കാനാവാതെ നമ്മൾ കൊടുക്കുന്നില്ലേ? നിയമവിരുദ്ധ ലഹരിവസ്തുക്കൾ കൗമാരത്തിൽ പകുതിയിലധികം കുട്ടികളുടെ കയ്യിലെത്തുന്നു എന്ന് വ്യക്തമാണെങ്കിലും "എന്റെ കുട്ടി അതൊന്നും ചെയ്യില്ല" എന്ന മിഥ്യാ വിശ്വാസത്തിൽ കാര്യമായ പ്രതിരോധമൊന്നും തീർക്കാതെ നമ്മുടെ കുട്ടികളെ ലഹരിച്ചന്തയ്ക്ക് വിട്ടു കൊടുക്കുന്നില്ലേ? തട്ടിപ്പുകളുടെ ലിസ്റ്റിന് വലിയ നീളമാണ്.
നമ്മുടെ ലോകം ഇന്ന് കൂടുതൽ aspirational ആണ്. ഒരു പ്ലസ് ടു വിദ്യാർഥി പറഞ്ഞു: "I want to become world's richest man" അതിലേക്കുള്ള അവന്റെ ബിസിനസ് പ്ലാനുകളും പറഞ്ഞു. തനിക്ക് ആവശ്യമില്ലാത്ത എന്തൊക്കെയാണ് പുതുതായി വന്നിട്ടുള്ളതെന്ന് നോക്കാൻ ദിവസവും ചന്തയിൽ പോകുന്ന സന്യാസിയുടെ കഥയ്ക്ക് ഇന്ന് മാർക്കറ്റില്ല. ഓടുന്നത്രയും ഇടം സ്വന്തമാക്കാം എന്ന രാജാവിന്റെ വാക്കുകേട്ട് ഒരാൾ പകൽ മുഴുവൻ ഓടിയിട്ട് തിരികെയെത്തുംവഴി മരിച്ചു വീണ കഥയും, മറ്റൊരാൾ ഗുഹയ്ക്കുള്ളിൽ നിന്ന് ആവോളം രത്നങ്ങൾ വാരിയെടുത്തിട്ട് തിരികെ വന്നപ്പോഴേക്കും ഗുഹാമുഖം എന്നേക്കുമായി അടഞ്ഞുപോയ കഥയും വെറും മുത്തശ്ശി കഥകൾ മാത്രം.
അത്യാഗ്രഹവും (greed) വിജയിക്കാനുള്ള അഭിനിവേശവും (aspiration) തമ്മിൽ വേർതിരിക്കുന്നത് ഒരു നേർത്ത വരയാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ കഴിയുന്ന ജീവിതലാളിത്യം അഭികാമ്യമാണ്. ഉയരാൻ പരിശ്രമിക്കുന്നവന്റെ തളരാത്ത അഭിനിവേശം കൂടുതൽ അഭികാമ്യമാണ്. എന്നാൽ, സ്വപ്നങ്ങളില്ലാത്ത സംതൃപ്തിയും, തൃപ്തിയില്ലാത്ത അഭിനിവേശവും പ്രശ്നമാണ്. സ്വപ്നങ്ങളില്ലാത്ത തൃപ്തിയുടെ ചെറിയ ലോകത്ത് ജീവിക്കുന്നവരും ഉണ്ട്, പിന്നോക്ക സമുദായങ്ങളിൽ പ്രത്യേകിച്ചും. താരതമ്യം ചെയ്യാൻ മറ്റുള്ളവരിൽനിന്ന് വലിയ അന്തരം ഇല്ലാത്തതു കൊണ്ടായിരിക്കാമത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ, പിന്നിലായിപ്പോയി എന്ന തോന്നലാണ് ചിലരിൽ "എങ്ങനെയും പണമുണ്ടാക്കണം, രക്ഷപ്പെടണം" എന്ന ചിന്തയുണ്ടാക്കുന്നത്.
പെട്ടെന്നുള്ള വളർച്ച യുവതയുടെ സ്വപ്നമാണ്. ചിലർ എത്ര പെട്ടെന്നാണ് ഉയർന്നത് എന്ന് കാണുമ്പോൾ, അതുപോലെ പെട്ടെന്ന് "രക്ഷപ്പെടാനുള്ള" ആഗ്രഹം സ്വാഭാവികമാണ്. പക്ഷേ, ക്ഷമയോടും സ്ഥിരോത്സാഹത്തോടുമുള്ള പരിശ്രമത്തിനു പകരം അധ്വാനമില്ലാത്ത കുറുക്കുവഴികൾ തേടുന്നവർ തട്ടിപ്പുകാരുടെ വക്രബുദ്ധിയിൽ വീണു പോയേക്കാം. എല്ലാം എളുപ്പത്തിൽ നേടാനും ബുദ്ധിമുട്ടാതെ ഇഷ്ടങ്ങളെല്ലാം സാധിക്കാനും പരിചയിച്ച കുട്ടികൾ, വലുതാകുമ്പോൾ അധ്വാനിക്കാതെ ഉയരാനുള്ള കുറുക്കുവഴികൾ തേടുന്നത് സ്വാഭാവികം. അധ്വാനിച്ച് നേടുന്നതിന്റെ സംതൃപ്തി നമ്മുടെ കുട്ടികൾ അറിഞ്ഞിട്ടില്ലെങ്കിൽ, എല്ലാം വെറുതെ കിട്ടണം എന്നാണ് അവർ ശീലിച്ചിട്ടുള്ളതെങ്കിൽ, അവർ തട്ടിപ്പുകാർക്ക് എളുപ്പം വീഴ്ത്താവുന്ന ഇരകളായേക്കാം.
മെഗളോമാനിയ (megalomania) എന്ന് കേട്ടിട്ടില്ലേ? അതായത്, സ്വന്തം വലിപ്പം ബലൂൺ പോലെ ഊതിവീർപ്പിച്ച് കാണിക്കാനുള്ള ശ്രമം. ആളു കൂടുമ്പോൾ പീലിവിടർത്തി ചലിപ്പിച്ച് ശ്രദ്ധയാകർഷിക്കുന്ന മയിലിന്റെ മനസ്സുള്ളവർക്ക് ചില മോൻസൺമാരിൽ നിന്ന് എട്ടിന്റെ പണി കിട്ടുന്നത് സ്വാഭാവികം. "അമൂല്യ" പുരാവസ്തുക്കൾ വലിയ വില കൊടുത്ത് സ്വന്തമാക്കാൻ തയ്യാറുള്ള പൊങ്ങച്ചക്കാരെ തട്ടിപ്പുകാരൻ ലക്ഷ്യമിട്ടത്, അത്തരക്കാർ ധാരാളമുണ്ട് എന്നറിയാവുന്നത് കൊണ്ടായിരിക്കുമല്ലോ. ചിലപ്പോൾ സത്യമില്ലാത്ത പണം ഇത്തരം പൊങ്ങച്ചത്തിന് ഉപയോഗിക്കുന്നവർക്ക്, പെട്ടുപോകുമ്പോൾ വാപൂട്ടി ഇരിക്കാനല്ലേ പറ്റൂ.
ഏഷ്യാനെറ്റിലെ ഒരു വാർത്ത കണ്ടു. ഇരുപതു മിനിറ്റ് വാർത്ത. തലക്കെട്ട് മോൻസന്റെ അധോലോകം. അവതരണം ഒരു സിനിമ കാണുന്ന രീതിയിൽ കൗതുകകരം. അയാളെ അനുകരിക്കാൻ ചിലർക്കത് പ്രേരണയാകാം. വാർത്തയുടെ വീഡിയോയ്ക്ക് താഴെയുള്ള കമെന്റുകൾ ഒരവലോകനത്തിന് പ്രേരിപ്പിക്കുന്നു. അഭിപ്രായങ്ങളിൽ അധികവും അയാളുടെ കഴിവിനെ വാഴ്ത്തുന്നു. ആകർഷകമായ വ്യക്തിപാടവത്തിനു പിന്നിലെ ആന്റിസോഷ്യൽ (antisocial) സ്വഭാവം തിരിച്ചറിയുക എളുപ്പമല്ല എന്നതിന്റെ ഉദാഹരണമാണ് ഇത്തരം പൊതുജനാഭിപ്രായങ്ങൾ.
സാമൂഹ്യ വിരുദ്ധൻ (sociopath) എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം മദ്യപിച്ചു വന്ന് അസഭ്യം പറയുന്ന, മുണ്ടിൽ തിരുകിയ കത്തി ഊരിക്കാട്ടി ഭയപ്പെടുത്തുന്ന ആളുടെ രൂപമാണോ? എങ്കിൽ നിങ്ങൾക്കു തെറ്റി. ആന്റിസോഷ്യൽ സ്വഭാവമുള്ളവർ പൊതുവെ സരസമായി സംസാരിക്കുന്നവരാകാം. അവർ അറിവും വാക്ചാതുര്യവും കൊണ്ട് നമ്മെ ആകർഷിച്ചേക്കാം, ഉപദേശങ്ങളും സഹായവാഗ്ദാനങ്ങളും നൽകിയേക്കാം, ആദരണീയ വ്യക്തിത്വമെന്നു തോന്നിപ്പോകും. വളരെ ലാഘവത്തോടെ താൻ ഒരു വലിയ സംഭവമാണെന്ന തോന്നലുണ്ടാക്കാനും ചിലർക്ക് കഴിയുന്നു. ഒരിക്കൽ മോൻസെന്റെ ബന്ധു കയ്യിലെ മുറിപ്പാടു കണ്ട് എന്തുപറ്റിയതാണെന്ന് ചോദിച്ചപ്പോൾ ദാവൂദ് ഇബ്രാഹിമിന്റെ വെടി കൊണ്ടതാണെന്ന് തെല്ലും കൂസാതെ പറഞ്ഞുവത്രേ.
അടുത്തിടപെടുന്ന ചിലർ മാത്രം അയാളുടെ മറുരൂപം അറിഞ്ഞേക്കാം. മോൻസനെ വ്യക്തിപരമായി അറിയാവുന്ന, ഈ ബന്ധു മറ്റൊരു ചാനലിൽ പങ്കുവെച്ചത് അയാളുടെ മറുരൂപമാണ്. നിരന്തരമായി മറ്റുള്ളവരുടെ അവകാശങ്ങളും വികാരങ്ങളും അവഗണിക്കുക, കഠിനമായും നിസ്സംഗതയോടും പെരുമാറുക, തെറ്റിനെക്കുറിച്ച് കുറ്റബോധമോ പശ്ചാത്താപമോ കാണിക്കാതിരിക്കുക, അസത്യം പറയുന്നതും നിയമങ്ങൾ ലംഘിക്കുന്നതും ലാഘവത്തോടെ ആവർത്തിക്കുക, സ്വന്തം താത്പര്യത്തിനപ്പുറത്ത് ആരോടും ദയയും കരുതലും ഇല്ലാതിരിക്കുക, സ്വന്തം അഭിപ്രായത്തെ മാത്രം മുറുകെപ്പിടിക്കുക, മറ്റുള്ളവർക്ക് ദോഷമുണ്ടാകുന്ന റിസ്കുകൾ മടിയില്ലാതെ എടുക്കുക, ആഴമുള്ള സ്നേഹബന്ധം വളർത്താനും നിലനിർത്താനും കഴിയാതിരിക്കുക, തുടങ്ങിയ ആന്റിസോഷ്യൽ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ ഇവരെ അടുത്തറിയാത്തവർ ശ്രദ്ധിക്കാനിടയില്ല.
സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയാൻ എളുപ്പമല്ല. എന്നാൽ, മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ചിലതു കണ്ടാലുടൻ സോഷ്യോപതി (sociopathy) ആണെന്ന് വിലയിരുത്തുന്നതും അബദ്ധമാണ്. ആന്റിസോഷ്യൽ സ്വഭാവമുള്ളവർ സ്വന്തം പ്രശ്നം മനസിലാക്കി അംഗീകരിക്കാനും തിരുത്താനും തീരെ സാധ്യതയില്ല. വിവാഹ ജീവിതത്തിലെയും കുടുംബത്തിലെയും പ്രശ്നങ്ങളെ മുൻനിർത്തി ഫാമിലി തെറാപ്പി പ്ലാൻ ചെയ്‌താൽ അവർ സഹകരിച്ചേക്കാം. അതിന്റെ ഭാഗമായി അവരെ diagnose ചെയ്യാനും കുറേയെങ്കിലും അവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കാനും കഴിഞ്ഞേക്കാം.
അപ്പനെ കൊന്നവരോട് പകരം ചോദിക്കുമെന്ന് കുട്ടികൾ പറഞ്ഞപ്പോൾ റീത്ത പുണ്യവതി അവർ വിദ്വേഷത്തിൽ വളരുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് പ്രാർത്ഥിച്ചു. കുട്ടിക്ക് അപ്പനോടുണ്ടായ വൈരാഗ്യം ഒരു ഹിറ്റ്ലറെ വളർത്തിയെന്നതിന് ചരിത്രം സാക്ഷി. സ്വഭാവ രൂപീകരണത്തിന്റെ ചില ഘട്ടങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സാമൂഹ്യ വിരുദ്ധ സ്വഭാവത്തിന്റെ വിത്ത് പാകുന്നത്.
ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനമാണ്. നന്മ നിറഞ്ഞ ഉല്ലാസപൂർണ്ണമായ കുടുംബ പരിസരവും, സ്നേഹവും ശിക്ഷണവും നല്ല അനുപാതത്തിൽ ഇഴചേരുന്ന പേരെന്റിങ്ങും നമ്മുടെ കുടുംബങ്ങളിൽ ഉത്തരവാദിത്തവും മാനസികാരോഗ്യവുമുള്ള പൗരന്മാരെ വളർത്തട്ടെ. ആശംസകൾ!
Dr Fr Rajeev Michael OCD
PhD in Clinical Psychology
NIMHANS, Bangalore
Dr Sr Roshin Kunnel SVC
PhD in Clinical Psychology
UNIBAS, Switzerland