Blog

Toxic relationships



വിഷലിപ്ത ബന്ധങ്ങളെ പ്രതിരോധിക്കാം

 

നമുക്കിടയിൽ അതിബുദ്ധിമാന്മാരും ബുദ്ധിമാന്ദ്യമുള്ളവരും ഉണ്ടെങ്കിലും മനുഷ്യരിൽ 90% സാമാന്യ (average) ബുദ്ധിയുള്ളവരാണ്. എല്ലാ പൊതു യാഥാർഥ്യങ്ങൾക്കും ഇത്തരം രണ്ട്‌ അഗ്രങ്ങൾ ഉണ്ട്. ഉദാഹരണമായി, അമിത പൊക്കമുള്ളവരും കുറിയവരും ഉണ്ടെങ്കിലും പൊതുവെ മനുഷ്യരുടെ പൊക്കം 5 മുതൽ 6 വരെ അടിയാണ്. സ്റ്റാറ്റിസ്റ്റിക്സിൽ ഇത് കണക്കാക്കാൻ ബെൽ കെർവ്വ് (Bell Curve) എന്നൊരു സങ്കേതമുണ്ട്. മദർ തെരേസയെപ്പോലെ കരുണ നിറഞ്ഞ കുറച്ചുപേരും ഹിറ്റ്ലറെപ്പോലെ ക്രൂരത നിറഞ്ഞ കുറച്ചുപേരും എന്നുമുണ്ട്. എന്നാൽ മഹാഭൂരിപക്ഷം സാധാരണക്കാരിൽനിന്ന് നമ്മൾ മദർ തെരേസയുടെ കരുണ പ്രതീക്ഷിക്കുകയോ ഹിറ്റ്ലറുടെ ക്രൂരത ഭയക്കുകയോ വേണ്ട.

കൂടത്തായി ജോളിയും ഉത്രയെ കൊന്ന സൂരജ്ജും സഹപാഠിയുടെ കഴുത്തറുത്ത അഭിലാഷും നമുക്കിടയിൽ ജീവിക്കുന്നു എന്നോർക്കുന്നതുപോലും ഭയാനകമാണ്. എങ്കിലും, എല്ലാരും അവരെപ്പോലെയാണ് എന്ന് കരുതുന്നത് കൂടുതൽ പ്രശ്നമാണ്. ഇത്തരം സംഭവങ്ങൾക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധ നിമിത്തം മനുഷ്യന്റെ നന്മയിലുള്ള നമ്മുടെ വിശ്വാസം നഷ്ടമാകരുതല്ലൊ. ചിലപ്പോൾ തോന്നും ഇത്തരം വാർത്തകൾ adults-only ഗണത്തിൽ വരേണ്ടതാണെന്ന്. കുറഞ്ഞപക്ഷം കുട്ടികളുടെ മുൻപിൽ ഇവ ചർച്ച ചെയ്യാതിരിക്കേണ്ടതല്ലേ? അഥവാ, ഇത്തരം സംഭവങ്ങൾ 'അപൂർവങ്ങളിൽ അപൂർവ'മാണെന്ന് കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കണം.

ടോക്സിക് ബന്ധങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണല്ലോ ഈയിടെ ധാരാളം വാർത്തകളാകുന്നത്. 'വിഷലിപ്ത' ബന്ധങ്ങൾക്കു പിന്നിൽ വിഷാദവും ഉൽഘണ്ഠയും പോലുള്ള മാനസിക പ്രശ്നങ്ങളല്ല, മറിച്ച്, വ്യക്‌തിത്വത്തിലെ പ്രശ്നങ്ങളാണ്. വിവിധങ്ങളായ വ്യക്‌തിത്വ രോഗങ്ങളുണ്ടെങ്കിലും രണ്ടുതരം വ്യക്‌തിത്വ പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒന്നാമത്തേത്, അസ്ഥിര വൈകാരികത (emotionally unstable personality) യാണ്. അതിന്റെ ലക്ഷണങ്ങളാണ് അപ്രതീക്ഷിതമായ (unpredictable) പെരുമാറ്റവും എടുത്തുചാടിയുള്ള തീരുമാനങ്ങളും, കുറ്റപ്പെടുത്തിയാൽ, ആഗ്രഹങ്ങൾ തടസപ്പെട്ടാൽ, അമിതമായി വഴക്കുണ്ടാക്കുന്നത്, വല്ലാത്ത കോപവും ദേഷ്യപ്രകടനവും, അസ്ഥിരമായ വൈകാരികത, അസ്ഥിരമായ സ്നേഹ ബന്ധങ്ങൾ, തിരസ്കരണം ഒഴിവാക്കാനുള്ള അമിത ശ്രമം, തീരുമാനങ്ങളെക്കുറിച്ച് തനിക്ക് എന്താണു വേണ്ടത് എന്ന് ഉറപ്പില്ലായ്മ, ക്ഷമയോടെയുള്ള പരിശ്രമമില്ലാത്തതും തുടങ്ങിവെച്ച കാര്യത്തിൽ പെട്ടെന്ന് താല്പര്യം ഇല്ലാതാകുന്നതും, ആവർത്തിച്ച് സ്വയം മുറിപ്പെടുത്താനോ ആത്‍മഹത്യ ചെയ്യാനോ ശ്രമിക്കുന്നതും ചെയ്യുമെന്ന് ഭയപ്പെടുത്തുന്നതും. ഇങ്ങനെയൊരു വ്യക്‌തിത്വം രൂപപ്പെട്ടുകഴിഞ്ഞ ഒരാളുടെകൂടെ ജീവിക്കുന്നത് യഥാർത്ഥത്തിൽ വളരെ ബുദ്ധിമുട്ടാണ്. എന്ത് പറഞ്ഞാലാണ് അടുക്കുക എന്ത് പറഞ്ഞാലാണ് പൊട്ടിത്തെറിക്കുക എന്നറിയാതെ പങ്കാളികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിരന്തരം സമ്മർദ്ദത്തിലാകുന്നു. എന്നാൽ ഏറ്റവുമധികം സഹിക്കുന്നത് ഈ വ്യക്‌തിത്വമുള്ളയാൾ തന്നെയാണ്. അയാളുടെ ഉള്ളിലെ പൊള്ളലിന്റെ ചില ബഹിർസ്ഫുരണങ്ങളാണ് മറ്റുള്ളവർ അറിയുന്നത്.

രണ്ടാമതായി അറിഞ്ഞിരിക്കേണ്ട വ്യക്‌തിത്വ പ്രശ്നം സാമൂഹ്യ വിരുദ്ധത (antisocial personality) യാണ്. നിരന്തരമായി മറ്റുള്ളവരുടെ അവകാശങ്ങളും വികാരങ്ങളും അവഗണിക്കുക, കഠിനമായും നിസ്സംഗതയോടും പെരുമാറുക, തെറ്റിനെക്കുറിച്ച്‌ കുറ്റബോധമോ പശ്ചാത്താപമോ കാണിക്കാതിരിക്കുക, ആഴമുള്ള സ്നേഹബന്ധം വളർത്താനും നിലനിർത്താനും  കഴിയാതിരിക്കുക, അസത്യം പറയുന്നതും നിയമങ്ങൾ ലംഘിക്കുന്നതും ലാഘവത്തോടെ ആവർത്തിക്കുക, സ്വന്തം താത്പര്യത്തിനപ്പുറത്ത് ആരോടും ദയയും കരുതലും ഇല്ലാതിരിക്കുക, സ്വന്തം അഭിപ്രായത്തെ മുറുകെപ്പിടിക്കുക, മറ്റുള്ളവർക്ക് ദോഷമുണ്ടാകുന്ന റിസ്കുകൾ മടിയില്ലാതെ എടുക്കുക എന്നിവ ആന്റിസോഷ്യൽ വ്യക്ത്തിത്വത്തിന്റെ ലക്ഷണങ്ങളാണ്. ചെറുപ്പകാലത്തെ പ്രതികൂല അനുഭവങ്ങളിലൂടെയാണ് ഇത്തരം വ്യക്‌തിത്വം രൂപപ്പെടുന്നതെങ്കിലും, ഇപ്പോളവർ സ്വയം വേദനിക്കാതിരിക്കാൻ മനസിന് വൈകാരികമായ പ്രതിരോധം തീർത്തപോലെ തീരെ കൂസാതെയാണ് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

വ്യക്‌തിത്വം എങ്ങനെ രൂപപ്പെടുന്നു എന്നതിന് ലളിതമായ ഉത്തരമില്ല. വിവിധ കാര്യങ്ങൾ കൂടിചേർന്നാണ് വ്യക്തിയുടെ സ്വഭാവം രൂപപ്പെടുന്നത്. ജീനുകൾ, ബയോളജി, മാതാപിതാക്കളുടെ സ്വഭാവം, കുട്ടിക്കാലത്തെ അനുഭവങ്ങൾ, പേരന്റിങ് രീതി, വളരുന്ന പ്രായത്തിലെ സൗഹൃദങ്ങളും ബന്ധങ്ങളും ഇങ്ങനെ നിരവധി കാര്യങ്ങൾ ഒരുമിച്ചു ചേർന്ന് കൗമാരപ്രായം കഴിയുമ്പോഴേക്കും വ്യക്തിത്വം രൂപപ്പെട്ടുകഴിയുന്നു. വളരുന്ന പ്രായവും പേരന്റിങ് രീതികളും കാര്യമായ പങ്കു വഹിക്കുന്നു എന്ന് പറയാം. 

വ്യക്തിത്വം സ്ഥിരസ്വഭാവമുള്ളതാണ്. അതിനാൽ രോഗം മാറ്റുന്നപോലെ എളുപ്പമല്ല വ്യക്തിത്വ വൈകല്യത്തിന് മാറ്റം വരുത്തുന്നത്. ഇതൊരു പ്രശ്നം എന്നതിനേക്കാൾ സദ്‌വാർത്തയാണ്. നല്ല വ്യക്തിത്വ ഗുണങ്ങൾ രൂപപ്പെടാൻ ബാല്യത്തിലും കൗമാരത്തിലും ഇൻവെസ്റ്റ് ചെയ്യുന്ന സമയവും ശ്രമങ്ങളും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഗുണഫലങ്ങൾ ഉണ്ടാക്കുന്നു എന്നത് വലിയ കാര്യം തന്നെയല്ലേ. മറുവശത്ത്, രൂപപ്പെട്ടുകഴിഞ്ഞ വ്യക്തിത്വത്തെ മാറ്റിയെടുക്കാനുള്ള അമിത ശ്രമത്തെക്കാൾ വ്യക്തിത്വത്തെ ഉൾക്കൊണ്ട് പ്രതികരിക്കാനുള്ള ശ്രമമാണ് വേണ്ടത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ടർ TV ചാനലിന്റെ 'മനസിനെ അറിയാം' എന്ന പ്രോഗ്രാമിൽ സംസാരിക്കവെ, ഡോക്ടർ റോഷിനോട് ഒരമ്മ മകന്റെ സ്വഭാവത്തിലെ മാറ്റം കണ്ടിട്ട് അവൻ "മറ്റെന്തെങ്കിലും" ഉപയോഗിക്കുന്നുണ്ടാകുമോ എന്ന സന്ദേഹവും അതേക്കുറിച്ചുള്ള അങ്കലാപ്പും പ്രകടിപ്പിച്ചു. മാതാപിതാക്കൾക്ക് പലപ്പോഴും ഇത്തരം കാര്യങ്ങളെ എങ്ങനെ സമീപിക്കണം എന്ന് നിശ്ചയമില്ല. പ്രേമം, ലഹരി, ലൈംഗികത ഈ മൂന്നു വിഷയങ്ങളെക്കുറിച്ച് മക്കളോട് എങ്ങനെ സംസാരിക്കണം എന്ന് മാതാപിതാക്കൾക്ക് പൊതുവെ അറിയില്ല. കോളേജ് വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽ മനസിലായത് പ്രണയനിഷേധ കൊലകൾ തങ്ങളുടെ പ്രണയ ബന്ധങ്ങളെക്കുറിച്ച് അവരിൽ ആകുലത സൃഷ്ടിക്കുന്നില്ല എന്നാണ്. മറുവശത്ത്, ടോക്സിക് ബന്ധങ്ങളെ തിരിച്ചറിയേണ്ടതുണ്ടെന്ന് അവർ ഊന്നി പറയുന്നു. എന്നാൽ പ്രധാന പ്രശ്നം ഇക്കാര്യങ്ങൾ മാതാപിതാക്കളോട് സംസാരിക്കാനാവാത്ത, secrecy നിലനിർത്തേണ്ട വിഷയങ്ങളായി തുടരുന്നു എന്നതാണ്.

എന്നാൽ കുറച്ചു progressive ആയി ചിന്തിക്കുന്ന മാതാപിതാക്കൾ പറയും, "മക്കളുടെ സൗഹൃദങ്ങളും പ്രണയവുമൊക്കെ ഞങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാണ്, പക്ഷെ അവർ തുറന്നു പറയാത്തതാണ് പ്രശ്നം" എന്ന്. പക്ഷെ, കുട്ടികളോട് ചോദിക്കുമ്പോൾ അവർ പറയുന്നു, "പേരന്റ്സ് 'accept' ചെയ്യുമായിരിക്കാം. പക്ഷെ, ഒരു റിലേഷനിൽ ആയിരിക്കുമ്പോൾ ടീനേജറിന് ആവശ്യമായ 'support' കൊടുക്കാൻ പേരന്റ്സ് തയ്യാറല്ല, അഥവാ അവർക്ക് ശരിയായ വിധം support ചെയ്യാൻ അറിയില്ല. പ്രണയമായാലും ലഹരിയായാലും അതിനെക്കുറിച്ച് അസഹിഷ്ണുത പ്രകടിപ്പിക്കുക മാത്രം ചെയ്യുമ്പോൾ, ഈ വിഷയങ്ങളിൽ ടീനേജറിന് ഏറ്റവും ആവശ്യമുള്ള തുറന്ന സംസാരത്തിനും വിചിന്തനത്തിനും തെറ്റുതിരുത്തലിനുമുള്ള വഴി അടയുന്നു. രഹസ്യ സ്വഭാവത്തോടെ ഇവ തേടുന്നത് വിപത്തായി മാറുന്നു.

ടോക്സിക് ബന്ധങ്ങൾ എന്തുകൊണ്ട് തുടരുന്നു? പലരും ടോക്സിക് ബന്ധങ്ങൾ മിണ്ടാതെ സഹിക്കുന്നത്, ആരോടെങ്കിലും പറഞ്ഞാൽ പരിഹാരത്തിന് ശ്രമിച്ചാൽ കൂടുതൽ പ്രശ്നമാകും എന്ന ഭയം നിമിത്തമാണ്. ചിലപ്പോളിത് രക്ഷപ്പെടാൻ കിട്ടുന്ന സാഹചര്യങ്ങളെ എതിർത്തു തൊല്പിക്കുന്ന രീതിയിൽ എത്തുന്നു. 'ചോല' എന്ന മലയാളം സിനിമയിലെ പെൺകുട്ടി പീഡകന്റെ പിന്നാലെ നടക്കുകയും രക്ഷിക്കാൻ നോക്കുന്നവനെ തള്ളിമാറ്റുകയും ചെയ്യുന്നത് പോലെ. പ്രതിരോധിക്കേണ്ടതിനോട് താദാത്മ്യപ്പെടുന്നതിനെ സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന് വിളിക്കുന്നു. സ്റ്റോക്‌ഹോമിൽ ബന്ദികളാക്കപ്പെട്ടവർ ദിവസങ്ങൾ കഴിഞ്ഞപ്പോൾ തീവ്രവാദികളോട് കൂട്ടുകൂടി, പിന്നീട് അവരെ രക്ഷിക്കാൻ വന്ന സൈന്യത്തിനെതിരെ fight ചെയ്തുവത്രേ.

"നീ ഇത്ര ഇമോഷണൽ ആവേണ്ട കാര്യമൊന്നുമില്ല" എന്ന രീതിയിലുള്ള പീഡകന്റെ വാക്കുകൾ കേൾക്കുമ്പോൾ, എല്ലാം സ്വന്തം കുറ്റമാണെന്ന് ചിലർ വിശ്വസിച്ചു പോകും. ഇത്തരം 'ഗ്യാസ് ലൈറ്റിംഗ്' സഹിക്കുന്നതിനിടയിൽ വല്ലപ്പോഴും വീണുകിട്ടുന്ന സ്നേഹപ്രകടനത്തിനായി ആർത്തിയോടെ കാത്തിരിക്കും (bread crumbing). പീഡകന്റെ സ്വഭാവത്തെ രൂപപ്പെടുത്തിയ തിക്താനുഭവങ്ങളുടെ കഥ കേട്ട് ചിലർ രക്ഷകന്റെ റോൾ എടുത്ത് സഹനത്തെ ധീരതയായി കരുതും. അല്ലെങ്കിൽ പബ്ലിക് ഒപ്പീനിയൻ ഭയന്ന് സഹനങ്ങളെല്ലാം രഹസ്യമായി വെക്കും.

കാര്യങ്ങൾ ഭയമില്ലാതെ തുറന്നു സംസാരിക്കാൻ പങ്കാളിയെ ഒരുക്കുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. തുറന്നുപറയുന്നയാളെ  നാണംകെടുത്താൻ, ശ്രമിക്കുന്നവരുടെ ഗൂഢ താത്പര്യങ്ങളെയാണ് തുറന്നു കാട്ടി  പ്രതിരോധിക്കണം. പൊതുവെ, കൗമാരപ്രായമെത്തുന്നതോടെ, പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ മടിക്കുന്നുവെന്ന് മാതാപിതാക്കളും ടീച്ചർമാരും പരാതിപറയാറുണ്ട്. അത് അവളുടെ തെറ്റാണോ? ഭയമില്ലാതെ തുറന്നു സംസാരിക്കാനുള്ള സാഹചര്യം വീട്ടിലും സ്കൂളിലും അവൾക്ക് ലഭ്യമാക്കേണ്ടത് നമ്മളല്ലേ? പ്രശ്‍നം ഉണ്ടാകാതിരിക്കാൻ ഒരാൾ സഹിച്ചുകൊണ്ടിരിക്കുന്നത് പ്രശ്നം വഷളാക്കുന്നു. വേണ്ടസമയത്ത് വാ തുറക്കാൻ അറിയാത്തയാളുടെ സഹനം, കഴിവില്ലായ്മ കൂടിയാണ്. അമ്മയും പെൺകുട്ടിയും മിണ്ടാതിരിക്കണമെന്ന് പഠിക്കുന്ന വീട്ടിൽ ഈ കഴിവില്ലായ്മയാണ് രൂപപ്പെടുന്നത്. പേടി കാരണം സഹിക്കുന്നതിൽ പുണ്യമില്ല. പേടിയെന്ന പ്രശ്‍നം പരിഹരിക്കുകയാണ് വേണ്ടത്.

മാനസിക രോഗങ്ങൾക്ക് എന്ന പോലെതന്നെ പേഴ്സണാലിറ്റി രോഗങ്ങൾക്കും മെഡിസിൻ ഉൾപ്പെടെയുള്ള ചികിത്സ ലഭ്യമാണ്. രോഗം മാറ്റുന്നപോലെ വ്യക്‌തിത്വവും സ്വഭാവവും മാറ്റാൻ എളുപ്പമല്ല. എന്നാൽ, വ്യക്‌തിത്വ വൈകല്യം ഉണ്ടാക്കുന്ന ചില പ്രശ്നങ്ങൾ മരുന്ന് കൊണ്ട് ഭേദപ്പെടുത്താൻ കഴിയും. ഉദാഹരണത്തിന്, അമിത കോപം നിയന്ത്രിക്കാൻ മെഡിസിൻ സഹായിക്കും. അസ്ഥിരമായ വൈകാരികതയെ സ്ഥിരതയിലേക്ക് കൊണ്ടുവരാൻ മെഡിസിൻ സഹായിക്കും. ഇതിനായി സൈക്കിയാട്രിസ്റ്റിനെ സമീപിക്കണം.

വ്യക്‌തിത്വ രോഗമുള്ളയാൾക്ക് ഇത് എളുപ്പം ബോധ്യപ്പെടില്ല. ഫാമിലിയുടെ ശക്തമായ നിലപാടും ഒരു നല്ല സൈക്കോളജിസ്റ്റുമായുള്ള ചർച്ചയും ചികിത്സയുടെ ആവശ്യം ബോധ്യപ്പെടാൻ സഹായിച്ചേക്കും. ഇതിന്, വ്യക്‌തിത്വ രോഗങ്ങളെക്കുറിച്ചു സമൂഹത്തിന് അറിവുണ്ടാക്കുക വളരെ പ്രധാനമാണ്. മെഡിസിൻ കഴിക്കുന്ന സമയത്തുതന്നെ, ബിഹേവിയറൽ ചികിത്സയ്ക്കായി സൈക്കോളജിസ്റിനെയും മുടങ്ങാതെ കാണണം. ഇവ രണ്ടും ഒരുമിച്ചു പോകുമ്പോൾ വളരെ വ്യത്യാസം ഉണ്ടാക്കാൻ കഴിയും. ഓരോ വ്യക്‌തിത്വ രോഗത്തിനും അതിന്റെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ബിഹേവിയറൽ ചികിത്സാരീതികളുണ്ട്. ഉദാഹരണത്തിന്, അസ്ഥിര വൈകാരികതയുള്ള ബോർഡർലൈൻ പേഴ്സണാലിറ്റിയുടെ ചികിത്സയ്ക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ളതാണ് dialectical behavioral therapy.

ഫാമിലി അഥവാ couple തെറാപ്പി ഇതോടൊപ്പം ചെയ്യുന്നത് കൂടുതൽ സഹായകമാകും. വ്യക്‌തികളുടെ സ്വഭാവത്തെ ഉൾക്കൊണ്ട്, സംസാരത്തിലും പെരുമാറ്റത്തിലും പരസ്പരം മാറ്റങ്ങൾ വരുത്താനാണ് ഫാമിലി തെറാപ്പി പ്രധാനമായും ഫോക്കസ് ചെയ്യുക. ഒരു ബന്ധം ടോക്സിക് ആകുന്നതിന് സ്വന്തം വ്യക്തിത്വ പ്രശ്നങ്ങളും കാരണമാണെങ്കിൽ അത് സ്വയം തിരിച്ചറിയുക നന്നേ പ്രയാസമാണ്. രണ്ടുപേർക്കും വ്യക്തിത്വ പ്രശ്നങ്ങളുണ്ടെങ്കിൽ അവരുടെ പരസ്പര ബന്ധം കൂടുതൽ സങ്കീർണ്ണമാകും. ബന്ധങ്ങൾ ശരിയാക്കുക എന്നത് മാത്രമല്ല, ശരിയാകാൻ തീരെ സാധ്യതയില്ലാത്ത ബന്ധങ്ങളെക്കുറിച്ച് ഉചിതമായ തീരുമാനമെടുക്കാനും പ്രൊഫഷണൽ ഗൈഡൻസ് സഹായിക്കും. സ്വയം തിരുത്താനും ചികിത്സ തേടാനും മനസ്സ് കാണിക്കുന്നയാളുടെ കൂടെ നിൽക്കണം. അതിനു തീർത്തും വിസമ്മതിക്കുന്നയാളുടെ കൂടെ നിന്ന് വെറുതെ സഹിക്കുന്നതിൽ എന്ത് പുണ്യമാണുള്ളത്? അല്ലേ?

 

Dr Fr Rajeev Michael OCD

St Joseph’s Hospital, Manjummel

 

Dr Sr Roshin Kunnel SVC

St Sebastian’s Hospital, Arthunkal